ആലപ്പുഴയിൽ തേങ്ങയിടാൻ കയറിയ ബംഗാളി യുവാവ് തെങ്ങിൽ കുടുങ്ങി; താഴെയിറക്കാൻ ഫയർഫോഴ്‌സ് വേണ്ടി വന്നു

ആലപ്പുഴ: തേങ്ങയിടാനും ഇതര സംസ്ഥാന തൊഴിലാളികൾ വേണ്ട അവസ്ഥയാണ് നമ്മുടെ നാട്ടിലിപ്പോൾ. ആലപ്പുഴയിൽ ഇന്നലെ തേങ്ങയിടാൻ തെങ്ങിൽ കയറിയ ബംഗാളി യുവാവിനെ താഴെയിറക്കാൻ അവസാനം അഗ്നിശമനസേന വരേണ്ടിവന്നു. ആലപ്പുഴയിലെ കലവൂരാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങിൽ തേങ്ങയിടാൻ കയറിയതായിരുന്നു യുവാവ്. താഴെയിറങ്ങാൻ പറ്റാത്തതിനാൽ ഒടുവിൽ അഗ്നിശമനസേനയുടെ സഹായം തേടുകയായിരുന്നു.

കലവൂർ പാർത്ഥൻ കവലയിലുള്ള കാലക്കൽ പറമ്പ് വീട്ടിൽ മുഹമ്മദ്കുഞ്ഞിന്റെ പുരയിടത്തിലെ തെങ്ങിലാണ് തേങ്ങയിടാനായി ബംഗാളിലെ ജാർ ബാൽ സ്വദേശിയായ അശ്രു(30) എന്ന യുവാവ് കയറിയത്. തെങ്ങുകയറ്റ തൊഴിലാളികളെ കിട്ടാതെ വന്നതോടെ സമീപത്തെ കടയിൽ ജോലി ചെയ്യുന്ന അശ്രുവിനോടു തേങ്ങയിടാമോന്നു മുഹമ്മദ് കുഞ്ഞ് ചോദിച്ചു. അശ്രു സമ്മതം മൂളുകയും ചെയ്തു. അൽപം ഉയരമുള്ള തെങ്ങായിരുന്നു. പക്ഷേ ഒന്നും നോക്കാതെ അശ്രു ധൈര്യപൂർവം കയറി. മുകളിൽ ചെന്ന് താഴേക്ക് നോക്കിയപ്പോഴാണ് സംഗതി കൈവിട്ടത്.

തെങ്ങിന്റെ വലുപ്പം മനസ്സിലായപ്പോൾ പേടിയും പരിഭ്രമവുമായി. മതിലിനോട് ചേർന്നു നിന്ന തെങ്ങ് അശ്രുവിന്റെ നെഞ്ചിടിപ്പേറ്റി. രക്ഷിക്കണമെന്ന് നിലവിളിച്ചു. നാട്ടുകാർ ഇറങ്ങാൻ ധൈര്യം പകർന്നെങ്കിലും ചവിട്ടിയ ഓലമടൽ അടർന്നതോടെ അശ്രു പേടിച്ച് വിറച്ച് അവശനായി. തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ആലപ്പുഴയിൽ നിന്നുമുള്ള അഗ്നിശമനസേനാ യൂണിറ്റ് സ്ഥലത്തെത്തി. ഏണി വച്ച് മുകളിൽ ചെന്ന സേനാംഗങ്ങൾ അശ്രുവിനെ ആശ്വസിപ്പിച്ച് ധൈര്യം പകർന്നു. അതിനിടയിലും കീഴ്‌പോട്ട് നോക്കിയ അശ്രുവിന്റെ് കൈകാലുകൾ വിറച്ചു.

രണ്ട് മണിക്കൂർ തെങ്ങിന്റെ മുകളിൽ കുടുങ്ങിയ ഇയാളെ ഫയർഫോഴ്‌സ് സുരക്ഷാ റോപ്പ് കെട്ടി ലാഡറിലൂടെ താഴെയെത്തിച്ചു. താഴെ എത്തിയപ്പോൾ തന്റെ ജീവൻ രക്ഷിച്ച അഗ്നിശമനസേനാ അംഗങ്ങൾക്കൊപ്പം ഒരു ഫോട്ടോയെടുക്കണമെന്നു അശ്രുവിനു ആഗ്രഹം. അതു സാധിച്ചു കൊടുത്ത അഗ്നിശമനസേനാ ഉദ്യോഗസ്ഥർ ഇനി അറിവില്ലാത്ത ജോലിക്ക് പോകരുതെന്ന സ്‌നേഹോപദേശവും നൽകിയാണ് മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News