16 രൂപയ്ക്ക് വോഡഫോണിൽ അൺലിമിറ്റഡ് 4ജി ഡാറ്റ; എയർടെല്ലിൽ ഓരോ മാസവും 3ജിബി അധിക ഡാറ്റ; ജിയോയ്ക്ക് വെല്ലുവിളി

റിലയൻസ് ജിയോയ്ക്ക് വെല്ലുവിളിയുമായി വോഡഫോണും എയർടെല്ലും പുതിയ ഓഫറുകൾ പ്രഖ്യാപിച്ചു. ഡാറ്റ ഉപഭോഗത്തിനു വമ്പൻ നിരക്ക് ഇളവും സൗജന്യ ഡാറ്റയുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. വോഡഫോണിൽ അൺലിമിറ്റഡ് 4ജി/ 3ജി ഡാറ്റയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ജനുവരി 9 മുതൽ 16 രൂപയ്ക്ക് റീചാർജ് ചെയ്താൽ ഒരു മണിക്കൂറിനു അൺലിമിറ്റഡ് 4ജി/ 3 ജി ഡാറ്റ സേവനം ആസ്വദിക്കാം. എയർടെൽ ആകട്ടെ 3 ജിബി അധിക ഡാറ്റയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

അടുത്ത ഒരു വർഷത്തേക്ക് എയർടെലിന്റെ ഡാറ്റ ഓഫർ ലഭിക്കും. എയർടെല്ലിലേക്ക് പോർട്ട് ചെയ്ത് കമ്പനിയുടെ മിഡ്-ഹൈഎൻഡ് പാക്കുകൾ എടുക്കുന്ന ഉപയോക്താക്കൾക്കാണ് പുതിയ ഓഫർ നൽകുന്നത്. ഡിസംബർ എട്ടിനു അൺലിമിറ്റഡ് വോയ്‌സ് കോൾസ് എന്ന ഓഫർ എയർടെൽ പ്രഖ്യാപിച്ചിരുന്നു. ഇതേ പാക്കിലേക്കു തന്നെയാണ് 3 ജിബി അധിക ഡാറ്റയും എയർടെൽ ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്. ജനുവരി 4 മുതൽ ഫെബ്രുവരി 28 വരെയാണ് അൺലിമിറ്റഡ് വോയ്‌സ് കോൾ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിൽ അടുത്ത ഒരു വർഷത്തേക്ക് അതായത് ഡിസംബർ 31 വരെ 3 ജിബി അധിക ഡാറ്റ ലഭിക്കും.

റിലയൻസ് ജിയോയുടെ ഓഫർ ഏതു ഘട്ടത്തിൽ വേണമെങ്കിലും അവസാനിക്കാം എന്നു എല്ലാവർക്കും അറിയാമെന്നിരിക്കെ ഈ ഓഫറുകൾ വലിയ ചലനം സൃഷ്ടിക്കും എന്നാണ് കരുതപ്പെടുന്നത്. കൂടാതെ പല ഉപയോക്താക്കളും ജിയോയുടെ വോയ്‌സ് കോളിന്റെ ഗുണമേൻമയിൽ അസംതൃപ്തരാണെന്നതും എയർടെല്ലിനു ഗുണമാകും. അതേസമയം, കോൾ ഡ്രോപ്പ് അടക്കമുള്ള പരാതികൾക്ക് റിലയൻസ് ജിയോയിൽ നിന്ന് 3,050 കോടി രൂപ പിഴയീടാക്കാൻ ട്രായ് നിർദേശിച്ചിട്ടുണ്ട്.

റിലയൻസ് ജിയോ വമ്പൻ ഓഫറുകളുമായി സെപ്തംബറിൽ കളം നിറഞ്ഞതു മുതൽ ടെലികോം രംഗത്ത് വൻ ഓഫറുകളുടെ പെരുമഴയാണ്. എല്ലാ സേവനദാതാക്കളും തങ്ങളുടെ ഉപയോക്താക്കൾക്ക് തകർപ്പൻ ഓഫറുകളാണ് പ്രഖ്യാപിക്കുന്നത്. ഈ ഓഫർ യുദ്ധത്തിന്റെ ബാക്കിപത്രം തന്നെയാണ് ഇപ്പോഴത്തെ ഈ ഓഫറിനു പിന്നിലും. എയർടെൽ പ്രഖ്യാപിച്ച പുതിയ ഡാറ്റ ഓഫറിന്റെ ചുവട് പിടിച്ച് കുറച്ചെങ്കിലും ജിയോ ഉപയോക്താക്കൾ എയർടെല്ലിലേക്കു പോർട്ട് ചെയ്യാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here