ഐഫോണിന്റെ വിൽപന കുറഞ്ഞപ്പോൾ പണി കിട്ടിയത് സിഇഒയ്ക്ക്; ടിം കുക്കിന്റെ ശമ്പളം വെട്ടിക്കുറച്ചു

വാഷിംഗ്ടൺ: ഐഫോണിന്റെ വിൽപന കുറയുകയും പ്രതീക്ഷിച്ച ലക്ഷ്യം കൈവരിക്കുന്നതിൽ പരാജയപ്പെട്ടതോടെ സിഇഒ ടിം കുക്കിനു പണികിട്ടി. കുക്കിന്റെ ശമ്പളം വെട്ടിക്കുറയ്ക്കാൻ ആപ്പിൾ തീരുമാനിച്ചു. 15 ശതമാനമാണ് ശമ്പളത്തിൽ നിന്നു വെട്ടിക്കുറച്ചിരിക്കുന്നത്. കുക്കിന്റെ മാത്രമല്ല, മറ്റു എക്‌സിക്യൂട്ടീവുകളുടെയും വരുമാനത്തിൽ കുറവ് വരുത്തിയിട്ടുണ്ട്. ഈ സാമ്പത്തിക വർഷം 8.7 മില്യൺ ഡോളർ ആണ് ടിം കുക്കിനു ആപ്പിൾ നൽകിയത്. ഇത് കഴിഞ്ഞ വർഷത്തേക്കാൾ കുറവാണ്.

കഴിഞ്ഞ വർഷം ആപ്പിളിന്റെ വിൽപനയിൽ 8 ശതമാനത്തിന്റെ കുറവുണ്ടായിരുന്നു. കഴിഞ്ഞവർഷം 21,560 കോടി ഡോളറിന്റെ വിൽപനയാണ് ആപ്പിളിന് ലഭിച്ചത്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത് കുറവാണ്. ഇതിന്റെ ഭാഗമായി പ്രവർത്തനലാഭത്തിൽ 16 ശതമാനം കുറവും ഉണ്ടായി. 6,000 കോടി ഡോളറിന്റെ നഷ്ടമാണ് പ്രവർത്തന ലാഭത്തിൽ രേഖപ്പെടുത്തിയത്. 2007-നു ശേഷം ആദ്യമായി ഐഫോൺ ഏറ്റവും കുറവ് യൂണിറ്റുകൾ വിറ്റഴിച്ചത് ഈ കാലയളവിലായിരുന്നു. ഇതാണ് ലാഭം കുറയാൻ കാരണമായത്.

മാത്രമല്ല, വിൽപന ലക്ഷ്യത്തിൽ നിന്നു 3.7 ശതമാനം കുറവുമാണ് പോയവർഷം ഉണ്ടായ വിൽപന. കഴിഞ്ഞ 15 വർഷത്തിനിടെ കമ്പനിയുടെ ലാഭത്തിൽ ഇക്കുറിയാണ് ഏറ്റവും കുറവുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ അടിസ്ഥാനത്തിലാണ് സിഇഒ അടക്കം എക്‌സിക്യുട്ടീവുകളുടെ ശമ്പളത്തിൽ 89.5 ശതമാനം മാത്രം ഇൻസെന്റീവ് നൽകിയാൽ മതിയെന്ന തീരുമാനമുണ്ടായത്.

2016-ൽ ലക്ഷ്യമിട്ട വരുമാനവും ലാഭവും നേടാനായില്ലെന്നു ചൂണ്ടിക്കാട്ടിയ കമ്പനി 1.53 ദശലക്ഷം ഡോളറാണ് കുക്കിന്റെ ശമ്പളത്തിൽനിന്നു പിടിച്ചത്. 10.3 ദശലക്ഷം ഡോളറായിരുന്നു ടിം കുക്കിന് ആപ്പിൾ വർഷംതോറും നൽകിവന്നിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here