തൃശൂര്‍: പാമ്പാടി നെഹ്‌റു കോളേജ് മാനേജ്‌മെന്റിന്റെ മാനസികപീഡനത്തെത്തുടര്‍ന്ന് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. ഒന്നാംവര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് (18)നെയാണ് ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പരീക്ഷയില്‍ കോപ്പിയടിച്ചെന്ന് ആരോപിച്ച് സ്‌കൂള്‍ അധികൃതര്‍ ജിഷ്ണുവിനെ മാനസികമായി പീഡിപ്പിച്ചിരുന്നെന്നും ഇതില്‍ മനംനൊന്താണ് ജിഷ്ണു ആത്മഹത്യ ചെയ്തതെന്നുമാണ് സഹപാഠികള്‍ പറയുന്നത്.
വെള്ളിയാഴ്ച രാവിലെയാണ് സംഭവത്തിന്റെ തുടക്കം. പരീക്ഷയ്ക്കിടയില്‍ ജിഷ്ണു അടുത്തിരിക്കുന്ന വിദ്യാര്‍ഥിയുടെ പേപ്പറിലേക്ക് നോക്കിയെന്നും ഇത് കോപ്പിയടിക്കാനാണെന്നും ആരോപിച്ച് പ്രവീണ്‍ എന്ന അധ്യാപകനാണ് ജിഷ്ണുവിനെ ഹാളില്‍ നിന്ന് പുറത്താക്കിയത്. ഇയാള്‍ ജിഷ്ണുവിനെ ഡീബാര്‍ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സഹപാഠികളെ ഉദ്ധരിച്ച് നാരദ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ഭയം കാരണമാണ് ജിഷ്ണു ആത്മഹത്യ ചെയ്തതെന്നും സഹപാഠികള്‍ ആരോപിക്കുന്നു.
തുടര്‍ന്ന് ഹോസ്റ്റലിലേക്കു പോയ ജിഷ്ണു ഞരമ്പു മുറിച്ചശേഷം തൂങ്ങിമരിക്കുകയായിരുന്നു.ജിഷ്ണുവിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ അധ്യാപകനായ പ്രവീണിനെ വിളിച്ചെങ്കിലും അയാള്‍ അതിന് തയ്യാറായില്ലെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. തുടര്‍ന്ന് മറ്റൊരു വിദ്യാര്‍ഥിയെ വിളിച്ചുവരുത്തി, അയാളുടെ കാറിലാണ് ജിഷ്ണുവിനെ ആശുപത്രിയില്‍ എത്തിച്ചത്. സമയത്തിന് ജിഷ്ണുവിനെ ആശുപത്രിയില്‍ പ്രവേശിച്ചിരുന്നെങ്കില്‍ രക്ഷപ്പെടുത്താമായിരുന്നെന്നും സുഹൃത്തുക്കള്‍ പറയുന്നു. വിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ചിട്ട് പ്രധാന വാര്‍ഡന്‍ ആശുപത്രിയില്‍ വന്നില്ലെന്നും കോളേജിലെ ഏതാനും ജീവനക്കാര്‍ മാത്രമാണ് എത്തിയതെന്നും ആരോപണമുണ്ട്.
കോളേജ് അധികൃതരുടെ വിദ്യാര്‍ഥി വിരുദ്ധനടപടികള്‍ക്കെതിരെ പ്രതികരിക്കുന്നവരെ നേരിടുന്നത് കോളേജ് പിആര്‍ഒ സഞ്ജിത്ത് വിശ്വനാഥനാണും ആരോപണമുണ്ട്. മുന്‍മന്ത്രി കെ.പി വിശ്വനാഥന്റെ മകനാണ് ഇയാള്‍. പ്രതികരിക്കുന്ന വിദ്യാര്‍ഥികളെ കൈകാര്യം ചെയ്യാനായി കോളേജില്‍ ഒരു ഇടിമുറിയുണ്ടെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.
Get real time update about this post categories directly on your device, subscribe now.