അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ് അഴിമതി; ഇടനിലക്കാരന്‍ ക്രിസ്ത്യന്‍ മിഷേലിനെതിരെ ജാമ്യമില്ലാ വാറണ്ട്; നടപടി പട്യാലഹൗസ് കോടതിയുടേത്

ദില്ലി: അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ് അഴിമതിക്കേസില്‍ ബ്രിട്ടീഷ് ആയുധ ഇടനിലക്കാരന്‍ ക്രിസ്ത്യന്‍ മിഷേലിനെതിരെ ജാമ്യമില്ലാ വാറണ്ട്. പട്യാലഹൗസ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്.

ശനിയാഴ്ച്ച കോടതിയില്‍ ഹാജരാകണമെന്ന് കോടതി മിഷേലിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹാജരാകാത്ത സാഹചര്യത്തിലാണ് ജാമ്യമില്ലാ വാറണ്ട്. കേസ് ഫെബ്രുവരി 22ന് കോടതി വീണ്ടും പരിഗണിക്കും.

ഇന്ത്യന്‍ പ്രതിരോധമന്ത്രാലയുമായി കരാര്‍ ഉണ്ടാക്കാന്‍ അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡില്‍ നിന്നും കൈക്കൂലി വാങ്ങിയെന്നാണ് മിഷേലിനെതിരായ കേസ്. അഴിമതിയില്‍ രാഷ്ട്രീയ നേതാക്കളുടെ പങ്ക് വ്യക്തമാക്കുന്ന മിഷേലിന്റെ ഡയറിയിലെ വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.

കരാര്‍ ലഭിക്കാന്‍ അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡിന്റെ മാത്യകമ്പനി ഫിന്‍മെക്കാനിക്ക നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും 450 കോടി രൂപ കൈക്കൂലിയായി നല്‍കിയെന്നാണ് വെളിപ്പെടുത്തല്‍. ഇതില്‍ 114 കോടി രൂപ ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ കുടുംബത്തിനാണ് നല്‍കിയതെന്നും പറഞ്ഞിരുന്നു.

വിവിഐപികളുടെ ഉപയോഗത്തിനായി 12 ഹെലികോപ്ടറുകള്‍ വാങ്ങാന്‍ 2010ല്‍ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡുമായി മുന്‍ യുപിഎ സര്‍ക്കാരാണ് കരാറുണ്ടാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News