‘വീണ്ടുമിതാ പാമ്പാടി നെഹ്‌റു കോളേജിലെ ഒരു വിദ്യാര്‍ത്ഥി, അവനാല്‍ കൊലചെയ്യപ്പെട്ടിരിക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നു; കൂട്ടുകാരാ..നീ മരിച്ചുപോയിട്ടില്ല, ഞങ്ങള്‍ ശവങ്ങളായി തീരുകയായിരുന്നു.’ ജിഷ്ണുവിന്റെ സുഹൃത്തുക്കള്‍ പറയുന്നു

ചരിത്രത്തില്‍ നിന്നുംവര്‍ത്തമാനത്തില്‍ നിന്നും
നാം ഒരു തേങ്ങയും പഠിച്ചിട്ടില്ലങ്കില്‍
ഭാവിയില്‍ കൊടുക്കേണ്ടത് കനത്തവിലയാണെന്ന് എത്രവട്ടം
നാം കാണേണ്ടിവരുന്നു..
വീണ്ടുമിതാ പാമ്പാടി നെഹ്‌റു കോളേജിലെ
ഒരു വിദ്യാര്‍ത്ഥി …. അവനാല്‍
കൊലചെയ്യപെട്ടിരിക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നു.
ഒറ്റപെട്ട ഒന്നോ കേവലമായ
ആത്മഹത്യയോ അല്ലയിത്…
അതേ കോളേജുമായി ബന്ധപെട്ട
നിരവധി സംഭവങ്ങളില്‍ അവസാനത്തേത്..
ഇതേ കോളേജിലാണ് …
ഒരു പെണ്‍കുട്ടി
ബസില്‍ നിന്നു ചാടി ജീവിതം അവരുടെ മുന്നിലേക്ക് എറിഞ്ഞുടച്ച് പ്രതിഷേധിച്ചത്..
രണ്ടു പെണ്‍കുഞ്ഞുങ്ങള്‍ വിഷം കഴിച്ചത്..
പ്രതികരിച്ച വിദ്യാര്‍ത്ഥികളെ
ഗുണ്ടകളെ വിട്ടുതല്ലി ചതച്ചത്…
ഇവിടെയാണ് …
പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍
പോലും ക്യാമറവെക്കപെട്ടത്..
അവരുടെ ബാഗുകള്‍ ഹോസ്റ്റലിന്റെ
ഉള്ളില്‍കയറി നിരന്തരം പരിശോധിക്കാറ്…
അവരുടെ സ്വകാര്യതകളില്‍ ഇടപെടുന്ന
സ്ഖലനാന്വേഷികള്‍ ഉള്ളത്…
ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍
നിരന്തരം ശാരീരികവും മാനസികവുമായി
ടോര്‍ച്ചര്‍ ചെയ്യാറ്.
ഇതേ നരകത്തിലാണ്…
ടാഗ് ഇടാത്തതിനും
ഷൂ ലൈസ് കെട്ടാത്തതിനും
മാരക ഫൈന്‍ അടിക്കാറ്..
ഈ അറവുശാലയിലാണ്…
കുഞ്ഞുങ്ങളെ ബെല്‍റ്റ്‌കൊണ്ട്
അടിയ്ക്കുന്ന കോണ്‍സ്‌ട്രേഷന്‍ ക്യാമ്പിനെ
നാണിപ്പിക്കുന്ന ഇടിമുറിയുള്ളത്..
ഇവിടെയാണ്….
മുക്കിലും മൂലയിലും
ക്യാമറകണ്ണുകളാല്‍ നിരീക്ഷിക്കപെട്ട്
ചലനങ്ങള്‍ നോക്കി ശിക്ഷകള്‍ തീരുമാനിക്കപെടുന്നത്…
ഇങ്ങനെ ജീവിക്കുന്നതിലും ഭേദം
ചത്ത് പണ്ടാരമടങ്ങുന്നതാണെന്ന്
ചിന്തിക്കുന്ന ആ നരകത്തിലെ
ആയിരങ്ങളുടെ പ്രതിനിധി മാത്രമാണ് ജിഷ്ണു..
രക്ഷിതാക്കളെ ….
ഇത്രയേറെ സംഭവങ്ങള്‍
വര്‍ഷങ്ങളായി അവിടെ സംഭവിച്ചു
കൊണ്ടിരിക്കുമ്പോഴും…
ഇനിയുമുണ്ടാവുമെന്നറിഞ്ഞിട്ടും
നാമെന്തിനാണ് നമ്മുടെ കുഞ്ഞുങ്ങളെ
ബലികൊടുത്തുകൊണ്ടിരിക്കുന്നത്…
ഒരു സര്‍ട്ടിഫിക്കേറ്റിനേക്കാളും
വലുതാവേണ്ടതല്ലെ നമുക്ക് അവരുടെ
സമാധാനവും ജീവനും…
നിങ്ങളുടെ മക്കള്‍ മരിക്കാതെ തിരിച്ച്
വീട്ടിലേക്ക് വന്ന് കൊണ്ടിരിക്കുന്നത്..
ഭ്രാന്തിന്റെയും വിഭ്രാന്തിയുടെയും
ഡിപ്രഷന്റെയും വക്കില്‍ നിന്നും
തിരിച്ച് കയറി പോരുന്നത്….
അവരുടെ മനസില്‍ ജീവിതത്തിന്റെ നിറമുള്ള
സ്വപ്ന കനലുകള്‍ അണയാതെ
കിടക്കുന്നത് കൊണ്ട് മാത്രമാണ്…
ജിഷ്ണുവിനെ പോലെ
ക്ഷണിക നേരത്തേക്ക് അതൊന്ന്
മങ്ങിയാല്‍ പൊട്ടാവുന്ന കുമിളയാണ്
അവരുടെ ആ നരകത്തിലെ ജീവിതമെന്ന്
എന്നാണിനി നിങ്ങള്‍ തിരിച്ചറിയാന്‍ പോകുന്നത്…
എന്റെ കുഞ്ഞിനെ അത് എന്തിന്റെ പേരിലായാലും അറവുശാലയ്‌ക്കോ
അറവുകാര്‍ക്കോ വിട്ടുകൊടുത്ത്
ചത്ത മനസുമായി അവര്‍ കൊണ്ടുവരുന്ന
എന്‍ജനീയറിംഗ് സര്‍ട്ടിഫിക്കേറ്റ് കാത്തിരിക്കേണ്ടവരല്ല നിങ്ങളെന്ന്
ഇനിയെന്നാണ് നിങ്ങളറിയുക..
പാറിനടക്കുന്ന അവന്റെ കിനാവുകളും
കുന്നിമണിപോലെ അവന്‍ കൂട്ടിവെച്ച
അവന്റ സ്വപ്നങ്ങളുമായിരുന്നു
ഏറ്റവും വലുതുമെന്ന് അവരുടെ ജീവന്‍
കൊണ്ട് പറയുന്നതിനു മുന്‍പെങ്കിലും
നിങ്ങളറിയണം..
ഞാനുള്‍പെടെയുള്ള ഷണ്ഡത്വം
പേറുന്നനാടും നാട്ടുകാരും
ഇനിയും അവിടെ നിന്ന് മരണവാര്‍ത്തകള്‍ക്കായി
കാതോര്‍ത്തിരിക്കണം..
നമുക്ക് കറുത്ത കൊടി ഉയര്‍ത്തണം..
പ്രതീകാത്മക പ്രതിഷേധയോഗങ്ങള്‍ നടത്തണം
ജീവിതത്തില്‍ അവനു കിട്ടാത്ത ശാന്തി
അവന്റെ ആത്മാവിന് കിട്ടാന്‍
മുട്ടിപായി പ്രാര്‍ത്ഥിക്കണം…
ഫ്‌ലെക്‌സ് അടിച്ച് അകാലത്തില്‍ പൊലിഞ്ഞ
നക്ഷത്രം എന്നു പൊലിപ്പിച്ച്
കവലകള്‍ തോറും തൂക്കണം…
എന്നിട്ട് അങ്ങനെ അങ്ങനെ അങ്ങനെ…..
വിദ്യാര്‍ത്ഥി സംഘടനകളെ
യുവാക്കളെ മനുഷ്യന്‍മാരെ….
സമൂഹത്തില്‍ ഉന്നത പദവി അലങ്കരിക്കുന്ന
അതിസമ്പന്നതയില്‍ മദിച്ചു പുളച്ചു നടക്കുന്ന
കോളേജ് മുതലാളിക്ക് എതിരെ
പ്രഹസനങ്ങള്‍ അല്ലാത്ത പ്രതികരണങ്ങള്‍
ഏറ്റെടുക്കേണ്ടതുണ്ട്… അവന്റെ മരണംകൊണ്ട്
അവന്‍ വിളിച്ചു പറഞ്ഞതെങ്കിലും
നന്മള്‍ കേള്‍ക്കേണ്ടതുണ്ട്…. വെടിയൊച്ചകള്‍ പോലും കേള്‍ക്കാതിരിക്കാന്‍ മാത്രം
ബധിരത നമുക്കു വന്നിട്ടില്ലന്ന്
നമ്മളെയെങ്കിലും ബോധ്യപെടുത്തേണ്ടതുണ്ട്..
ജിഷ്ണൂ..
നീ ആദ്യത്തവനല്ല…
അവസാനത്തേതുമായിരിക്കില്ല…
മരണത്തിന്റെയും ജീവിതത്തിന്റെയും
നേര്‍ത്ത രേഖയിലൂടെ നടന്നുപോകേണ്ടി
വരുന്ന ഒരുപാടു കുഞ്ഞുങ്ങളില്‍ ഒരാള്‍…
കൂട്ടുകാരാ..
നീ മരിച്ചുപോയിട്ടില്ല….
ഞങ്ങള്‍ ശവങ്ങളായി തീരുകയായിരുന്നു….

(Viswa Das എന്ന വ്യക്തിയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടത് )

Read Also

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News