നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിലും മോദി പിടിമുറുക്കി; സീറ്റിനായി അവകാശവാദം വേണ്ടെന്നു മോദി

ദില്ലി: അഞ്ചു സംസ്ഥാനങ്ങളിലേക്കു നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിലും നരേന്ദ്ര മോദി പിടിമുറുക്കുന്നു. സീറ്റ് തരപ്പെടുത്താൻ നേതാക്കൾ തമ്മിൽ മത്സരം വേണ്ടെന്ന് മോദി മുന്നറിയിപ്പ് നൽകി. ദില്ലിയിൽ ചേർന്ന ബിജെപി ദേശീയ നിർവാഹക സമിതി യോഗത്തിലാണ് മോദി നേതാക്കളെ ശാസിച്ചത്. നിലവിൽ ഭരണത്തിന്റെയും പാർട്ടിയുടെയും കടിഞ്ഞാൺ കയ്യിൽ സൂക്ഷിക്കുന്ന നരേന്ദ്ര മോദി നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്നുവരാനുള്ള തർക്കങ്ങൾ മുളയിലേ നുള്ളുകയാണ്.

സ്ഥാനാർത്ഥിത്വത്തിനു അവകാശവാദം ഉന്നയിച്ച് ആരും വരേണ്ടതില്ലെന്നാണ് മോദി നേതാക്കൾക്ക് മുന്നറിയിപ്പ് നൽകിയത്. ചിലർ സ്വന്തമായും മറ്റു ചിലർ ബന്ധുക്കൾക്ക് വേണ്ടിയും ടിക്കറ്റിനായി ചരടുവലി ആരംഭിച്ചിട്ടുണ്ട്. ഇത്തരം നീക്കങ്ങൾ അനുവദിക്കില്ല. യോഗ്യരെന്നു തോന്നുവരോട് പാർട്ടി മത്സരിക്കാൻ ആവശ്യപ്പെടുമെന്നും മോദി നിർവാഹക സമിതി യോഗത്തിൽ പറഞ്ഞു. പാർട്ടി ദേശീയ നേതൃത്വത്തിലും സംസ്ഥാന നേതൃത്വത്തിലുമുള്ളവർ സ്ഥാനാർത്ഥി നിർണയ കാര്യത്തിൽ ശുപാർശയുമായി വരേണ്ടതില്ല എന്നാണ് മോദി നൽകിയ സന്ദേശം.

അതേസമയം ഉത്തർപ്രദേശിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിനെ നേരിടണമോ എന്ന കാര്യത്തിൽ നിർവാഹകസമിതി യോഗം തീരുമാനമെടുത്തില്ല. മോദിയെ ഉയർത്തിക്കാട്ടി യുപിയിൽ ജനവിധി തേടാമെന്നു നേരത്തെ ഏകദേശ ധാരണ രൂപപ്പെട്ടിരുന്നു. എന്നാൽ നോട്ട് നിരോധനം തിരിച്ചടിയാകുമോ എന്ന കാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കുന്നതിനാൽ അന്തിമ തീരുമാനം ആയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News