ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ ഐ ഗ്രൂപ്പ് നേതാക്കൾ രഹസ്യയോഗം ചേർന്നു. മുൻ ആലപ്പുഴ ഡിസിസി പ്രസിഡന്റ് എ.എ ഷുക്കൂറിന്റെ വീട്ടിലാണ് നേതാക്കൾ രഹസ്യയോഗം ചേർന്നത്. എം.ലിജു, മുൻ മന്ത്രി കെ.സി വേണുഗോപാൽ എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു. കോൺഗ്രസിൽ അടുത്തിടെയായി രൂക്ഷമായ ഗ്രൂപ്പ് പോരിന്റെ ഭാഗമാണ് യോഗം ചേർന്നത് എന്നാണ് കരുതുന്നത്. എന്നാൽ, ചെന്നിത്തല തന്റെ വീട്ടിൽ ഭക്ഷണം കഴിക്കാൻ വന്നതാണ് എന്നാണ് ഷുക്കൂർ ഈ വാർത്തയോടു പ്രതികരിച്ചത്.
എ-ഐ ഗ്രൂപ്പ് നേതാക്കൾ അടുത്തിടെ പരസ്യമായ ഏറ്റുമുട്ടൽ വരെ ആരംഭിച്ചിട്ടുണ്ട്. ഡിസിസി അധ്യക്ഷൻമാരെ നിയമിച്ചതു മുതൽ എ ഗ്രൂപ്പിനുള്ളിൽ അതൃപ്തി പുകയുകയാണ്. ഇക്കാര്യം പരസ്യമായി പ്രകടിപ്പിച്ച് ഉമ്മൻചാണ്ടി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പ്രതിപക്ഷത്തെ വിമർശിച്ച് കെ.മുരളീധരൻ രംഗത്തെത്തിയത്. മുരളീധരനെ പരസ്യമായി പുലഭ്യം പറഞ്ഞ് രാജ്‌മോഹനും ഉണ്ണിത്താനും രംഗത്തെത്തിയതോടെ കലഹം കൊഴുത്തു.
ഇതിനിടെ ദില്ലിയിലെത്തിയ ഉമ്മൻചാണ്ടിയും എ ഗ്രൂപ്പ് നേതാക്കളും ഡിസിസി അധ്യക്ഷൻമാരിലുള്ള അതൃപ്തി ഹൈക്കമാൻഡിനെ നേരിട്ട് അറിയിച്ചിരുന്നു. എ ഗ്രൂപ്പിനു പ്രാതിനിധ്യം ലഭിക്കാത്ത ഡിസിസി അധ്യക്ഷൻമാരുടെ സ്ഥാനാരോഹണത്തിൽ നിന്ന് ഉമ്മൻചാണ്ടി അടക്കം എ ഗ്രൂപ്പ് നേതാക്കൾ വിട്ടുനിൽക്കുകയും ചെയ്തിരുന്നു
Get real time update about this post categories directly on your device, subscribe now.