ബംഗളുരു: മെട്രോ നഗരമായ ബംഗളുരു വീണ്ടും നാണം കെടുത്തുന്നു. പുതുവർഷ രാവിൽ നൂറോളം പെൺകുട്ടികൾ നടുറോഡിൽ ലൈംഗിക അതിക്രമത്തിനു ഇരയായതിനു പിന്നാലെ 21 കാരിയെ ബൈക്കിലെത്തിയ സംഘം കയറിപ്പിടിക്കാൻ ശ്രമിച്ചു. പുതുവർഷരാവിൽ തന്നെ ആഘോഷം കഴിഞ്ഞ് വീട്ടിലേക്കു മടങ്ങിയ യുവതിയെ നാലുപേർ ചേർന്ന് ആക്രമിക്കുന്നതു സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇന്നലെ മറ്റൊരു ബുർഖയിട്ട സ്ത്രീയും അതിക്രമത്തിനു ഇരയായിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
ബംഗളുരു കല്യാൺ നഗറിൽ എച്ച്ആർബിആർ ലേഔട്ട് ഫസ്റ്റ് ബ്ലോക്കിലാണ് സംഭവം. ജിമ്മിൽ പോയ ശേഷം വീട്ടിലേക്കു മടങ്ങുകയായിരുന്ന യുവതിയെ ബൈക്കിലെത്തിയ രണ്ടു പേർ ലൈംഗികമായി ആക്രമിക്കുകയായിരുന്നു. ബംഗളുരുവിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന യുവതിയാണ് അക്രമത്തിനു ഇരയായത്. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. ഓഫീസിൽ നിന്നു മടങ്ങിയെത്തിയ ശേഷം വീടിനടുത്തുള്ള ജിമ്മിൽ പോയി മടങ്ങുമ്പോഴായിരുന്നു അതിക്രമം.
രാത്രി 9 മണിയോടെ ജിമ്മിൽ പോയി മടങ്ങുമ്പോൾ ബൈക്കിലെത്തിയ രണ്ടു പേർ യുവതിയെ തടഞ്ഞു. തുടർന്ന് ഇവർ യുവതിയുടെ ഷർട്ടിൽ പിടിച്ചുവലിച്ചു. ബഹളം വച്ചപ്പോൾ ബൈക്കോടിച്ചു രക്ഷപ്പെടുകയായിരുന്നു. തൊട്ടടുത്ത ദിവസം തന്നെ യുവതി പൊലീസിനെ സമീപിച്ച് പരാതി നൽകി. ഐപിസി 354-ാം വകുപ്പ് പ്രകാരം സ്ത്രീകൾക്കെതിരായ അതിക്രമത്തിനു പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രധാനപ്പെട്ട റോഡിലാണ് സംഭവം നടന്നത് എന്നതിനാൽ പരിസരത്തുള്ള സിസിടിവി കാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ ശേഖരിച്ചു വരുകയാണെന്നു പൊലീസ് അറിയിച്ചു.
പുതുവർഷരാവിൽ റോഡിലൂടെ ഒറ്റയ്ക്കു പോയ പെൺകുട്ടിയെ ആക്രമിച്ച നാലുപേരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെയാണ് ബുർഖയിട്ട സ്ത്രീയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. സ്ത്രീ നടന്നു പോകുമ്പോൾ പിന്തുടർന്നു വന്ന ഒരാൾ യുവതിയെ കടന്നു പിടിച്ച് ചുംബിക്കുകയായിരുന്നു. യുവതിയുടെ ചുണ്ടിനും മുഖത്തും പരുക്കേറ്റിട്ടുണ്ട്.

Get real time update about this post categories directly on your device, subscribe now.