കോതമംഗലം: തട്ടേക്കാട് വനത്തിൽ നായാട്ട് സംഘത്തിൽ പെട്ട യുവാവ് വെടിയേറ്റു മരിച്ച സംഭവത്തിൽ രണ്ടു പേർ പൊലീസ് പിടിയിലായി. കൊല്ലപ്പെട്ട ടോണിക്കൊപ്പം ഉണ്ടായിരുന്ന അജീഷ്, ഷൈറ്റ് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ആന ആക്രമിക്കാൻ ഒരുങ്ങിയപ്പോഴാണ് വെടിവച്ചതെന്നും അത് അബദ്ധത്തിൽ ടോണി മാത്യുവിനു കൊള്ളുകയായിരുന്നെന്നും പ്രതികൾ പൊലീസിനു മൊഴി നൽകി. ടോണി വെടിയേറ്റാണ് മരിച്ചതെന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ നിന്നു വ്യക്തമായിരുന്നു.
സംഭവം നടന്ന അന്നുമുതൽ അജീഷും ഷൈറ്റും ഒളിവിലായിരുന്നു. അതിനിടെ ടോണിക്കു വെടിയേറ്റതു സ്ഥലത്തു നിന്ന് പൊലീസിനു കിട്ടിയ തോക്കിൽ നിന്നല്ല എന്ന സൂചനയും പൊലീസ് നൽകിയിരുന്നു. വെടിയേറ്റ തോക്ക് ഒളിവിൽ പോയ അജീഷും ഷൈറ്റും സ്ഥലത്തു നിന്ന് മാറ്റിയെന്നാണ് പൊലീസ് കരുതുന്നത്. ഇവരുടെ കൈവശം രണ്ടു തോക്ക് ഉണ്ടായിരുന്നതായും കരുതുന്നുണ്ട്. വെടിയേറ്റതു മറ്റൊരു തോക്കിൽ നിന്നാണെന്നു അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്.
വഴുതനപ്പിള്ളി സ്വദേശി ടോണി മാത്യുവിനെ കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് തട്ടേക്കാട് വനത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവം നായാട്ടിനിടെ ആനയുടെ ചവിട്ടേറ്റാണെന്നായിരുന്നു വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. സ്ഥലത്തു നടത്തിയ തെളിവെടുപ്പിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് ഇത്തരമൊരു നിഗമനത്തിൽ എത്തിയിരുന്നത്. എന്നാൽ, ഈ വാദത്തെ ദുർബലപ്പെടുത്തുന്നതാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കൊല്ലപ്പെട്ട ടോണി മാത്യുവും സംഘവും കാട്ടിൽ നായാട്ടു നടത്തുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നെന്നാണ് വനംവകുപ്പ് പറഞ്ഞിരുന്നത്.
മൃതദേഹത്തിലെ മുറിവ് പരിശോധിച്ചതിൽ നിന്നാണ് കാട്ടാനയുടെ കുത്തേറ്റാണ് മരിച്ചതെന്ന നിഗമനത്തിൽ എത്തിയത്. ഒപ്പം ഇയാളുടെ തുടയിൽ വെടിയേറ്റ പാടും ഉണ്ടായിരുന്നു. എന്നാൽ, ഇത് അബദ്ധത്തിൽ വെടിയേറ്റതോ അല്ലെങ്കിൽ ആന തോക്കു ചവിട്ടി ഒടിക്കുന്നതിനിടയിൽ വെടി പൊട്ടിയതോ ആയിരിക്കാമെന്നായിരുന്നു നിഗമനം. ടോണിയുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ബേസിൽ തങ്കച്ചനും കുത്തേറ്റിരുന്നു. ഇയാളുടെ പരുക്ക് ഗുരുതരമാണ്.
സ്ഥലത്തു നടത്തിയ പരിശോധനയിൽ നായാട്ടിനായാണ് ഇരുവരും കാട്ടിൽ കയറിയതെന്നു വ്യക്തമായി. കാട്ടിൽ അതിക്രമിച്ചു കയറിയ ഇരുവരെയും രാത്രി എട്ടരയോടെ രണ്ടു കാട്ടാനകൾ ചേർന്ന് ആക്രമിക്കുകയായിരുന്നെന്നാണ് നിഗമനം. നായാട്ടിനായി കൊണ്ടു വന്ന തോക്കും കത്തിയും ടോർച്ചും ബാഗും സംഭവസ്ഥലത്തു നിന്ന് കണ്ടെത്തി. ആനയെ വെടിവയ്ക്കുന്നതിനിടെ ഒരു തിര കൊല്ലപ്പെട്ട ടോണിയുടെ തുടയിൽ തുളച്ചു കയറിയതായും വനപാലകർ സംശയിക്കുന്നു.
Get real time update about this post categories directly on your device, subscribe now.