പ്രതികരിക്കുന്ന വിദ്യാര്‍ഥികളെ മര്‍ദിക്കാന്‍ നെഹ്‌റു കോളേജില്‍ ഇടിമുറി; ക്രൂരപീഡനങ്ങള്‍ കെ.പി വിശ്വനാഥന്റെ മകന്റെ നേതൃത്വത്തില്‍; വിദ്യാര്‍ഥിയുടെ വെളിപ്പെടുത്തല്‍ പീപ്പിള്‍ ടിവിയോട്

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളേജ് അധികൃതരുടെ വിദ്യാര്‍ഥി വിരുദ്ധനിലാപാടുകളെ ചോദ്യം ചെയ്യുന്നവരെ മര്‍ദിക്കാന്‍ ക്യാമ്പസില്‍ പ്രത്യേക ഇടിമുറിയുണ്ടെന്ന് വെളിപ്പെടുത്തല്‍. കോളേജ് പിആര്‍ഒയും മുന്‍മന്ത്രി കെ.പി വിശ്വനാഥന്റെ മകനുമായ സഞ്ജിത്ത് വിശ്വനാഥിന്റെ നേതൃത്വത്തിലാണ് ഇടിമുറിയിലെ മര്‍ദനം. കോളേജിലെ സീനിയര്‍ വിദ്യാര്‍ഥിയാണ് ഇക്കാര്യം പീപ്പിള്‍ ടിവിയോട് വെളിപ്പെടുത്തിയത്.

ഇടിമുറിയില്‍ എത്തിപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് മര്‍ദ്ദനം ഉറപ്പാണെന്നും ക്രൂരപീഡനമാണ് ഇവിടെ നടക്കുന്നതെന്നും സീനിയര്‍ വിദ്യാര്‍ഥി പറഞ്ഞു. പ്രതികരിച്ചാല്‍ ഇന്റേണല്‍ മാര്‍ക്കും അറ്റന്‍ഡന്‍സും നല്‍കാതെയുള്ള പ്രതികാര നടപടികളും ഇവിടെ പതിവാണ്. ഇയര്‍ ഔട്ടാക്കുമെന്ന ഭീഷണികളും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകാറുണ്ട്.

അതേസമയം, ജിഷ്ണുവിന്റെ ആത്മഹത്യയില്‍ കോളേജ് അധികൃതരുടെ വാദങ്ങള്‍ പൊളിഞ്ഞു. ജിഷ്ണുവിന് വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ വച്ച് മര്‍ദ്ദനമേറ്റുവെന്നും അതിന്റെ പാടുകള്‍ ശരീരത്തില്‍ കാണാനുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു. കോപ്പിയടിച്ച ജിഷ്ണുവിനെ തങ്ങള്‍ താക്കീത് ചെയ്ത് വിടുകയായിരുന്നെന്ന അധികൃതരുടെ വാദമാണ് ഇതോടെ പൊളിഞ്ഞത്.

ജിഷ്ണുവിന്റെ മുഖത്തും ശരീരത്തിന്റെ പുറംഭാഗത്തും ഉള്ളംകാലിലുമാണ് മര്‍ദ്ദനമേറ്റത്. ഇതിന്റെ ദൃശ്യങ്ങള്‍ നാരദ ന്യൂസ് പുറത്തുവിട്ടു. മൂക്കിന്റെ വലതുഭാഗത്തായി മുറിവില്‍ രക്തം കനച്ചുകിടക്കുന്നുണ്ടെന്നും ഉള്ളംകാലിലും പുറത്തും മര്‍ദ്ദനമേറ്റതിന്റെ ചതവുകളുണ്ടെന്നും ജിഷ്ണുവിന്റെ ബന്ധുക്കള്‍ പറയുന്നു. ഇക്കാര്യം മൃതദേഹത്തില്‍ വ്യക്തമായി കാണാം. ഉപദേശമാണ് നല്‍കിയതെങ്കില്‍ ജിഷ്ണുവിന്റെ ശരീരത്തില്‍ എങ്ങനെയാണ് മര്‍ദനമേറ്റത്തിന്റെ പാടുകള്‍ കാണുന്നതെന്നും ഇതിന് ഉത്തരം നല്‍കാന്‍ പ്രിന്‍സിപ്പലും വൈസ് പ്രിന്‍സിപ്പലും പിആര്‍ഒയും ബാധ്യസ്ഥരാണെന്നും ബന്ധുക്കള്‍ പറയുന്നു.

വെള്ളിയാഴ്ച വൈകിട്ട് ആറോടെയാണ് കോളേജ് ഹോസ്റ്റല്‍ മുറിയില്‍, കോഴിക്കോട് വളയം അശോകന്റെ മകന്‍ ജിഷ്ണു പ്രണോയി (18)യെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയത്. പരീക്ഷയില്‍ കോപ്പിയടിച്ചെന്ന് ആരോപിച്ച് സ്‌കൂള്‍ അധികൃതര്‍ ജിഷ്ണുവിനെ മാനസികമായി പീഡിപ്പിച്ചിരുന്നെന്നും ഇതില്‍ മനംനൊന്താണ് ജിഷ്ണു ആത്മഹത്യ ചെയ്തതെന്നുമാണ് സഹപാഠികള്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here