പാമ്പാടി നെഹ്‌റു കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു; ജിഷ്ണുവിന്റെ ആത്മഹത്യയില്‍ പ്രതിഷേധം ശക്തം; നാളെ എസ്എഫ്‌ഐ മാര്‍ച്ച്

തൃശൂര്‍: ജിഷ്ണുവിന്റെ ആത്മഹത്യയില്‍ പ്രതിഷേധം ശക്തമായതോടെ പാമ്പാടി നെഹ്‌റു എഞ്ചിനിയറിംഗ് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു. നാളെ മുതലാണ് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിടുന്നതെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

ആത്മഹത്യ ചെയ്ത ജിഷ്ണുവിനെ കോളേജ് അധികൃതര്‍ മര്‍ദിച്ചതിന്റെ തെളിവുകള്‍ പുറത്തുവന്നിരുന്നു. ജിഷ്ണുവിന്റെ മുഖത്തും ശരീരത്തിന്റെ പുറംഭാഗത്തും ഉള്ളംകാലിലുമാണ് മര്‍ദ്ദനമേറ്റത്. ഇതിന്റെ ദൃശ്യങ്ങള്‍ നാരദ ന്യൂസ് പുറത്തുവിട്ടിരുന്നു. മൂക്കിന്റെ വലതുഭാഗത്തായി മുറിവില്‍ രക്തം കനച്ചുകിടക്കുന്നുണ്ടെന്നും ഉള്ളംകാലിലും പുറത്തും മര്‍ദ്ദനമേറ്റതിന്റെ ചതവുകളുണ്ടെന്നും ജിഷ്ണുവിന്റെ ബന്ധുക്കള്‍ പറയുന്നു. ജിഷ്ണുവിന് വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ വച്ച് മര്‍ദ്ദനമേറ്റുവെന്നും അതിന്റെ പാടുകള്‍ ശരീരത്തില്‍ കാണാനുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു.

കോപ്പിയടിച്ച ജിഷ്ണുവിനെ തങ്ങള്‍ താക്കീത് ചെയ്ത് വിടുകയായിരുന്നെന്ന അധികൃതരുടെ വാദമാണ് ഇതോടെ പൊളിഞ്ഞത്. മര്‍ദനവിവരങ്ങള്‍ പുറത്തുവന്നതോടെ പ്രതിഷേധവും ശക്തമായിരുന്നു. ഇതോടെയാണ് കോളേജ് അടച്ചിടാന്‍ മാനേജ്‌മെന്റ് നിര്‍ബന്ധിതരായത്. നാളെ കോളേജിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തുമെന്ന് എസ്എഫ്‌ഐ അറിയിച്ചു.

വെള്ളിയാഴ്ച വൈകിട്ട് ആറോടെയാണ് കോളേജ് ഹോസ്റ്റല്‍ മുറിയില്‍, കോഴിക്കോട് വളയം അശോകന്റെ മകന്‍ ജിഷ്ണു പ്രണോയി (18)യെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയത്. പരീക്ഷയില്‍ കോപ്പിയടിച്ചെന്ന് ആരോപിച്ച് സ്‌കൂള്‍ അധികൃതര്‍ ജിഷ്ണുവിനെ മാനസികമായി പീഡിപ്പിച്ചിരുന്നെന്നും ഇതില്‍ മനംനൊന്താണ് ജിഷ്ണു ആത്മഹത്യ ചെയ്തതെന്നുമാണ് സഹപാഠികള്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News