തിരുവനന്തപുരം: നോട്ടുഅസാധുവാക്കല്‍ പ്രഖ്യാപിക്കുമ്പോള്‍ നരേന്ദ്രമോദി അവകാശപ്പെട്ട കാര്യങ്ങളെല്ലാം പാഴ്‌വാക്കായെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നോട്ട് പിന്‍വലിക്കനായി മോദി നിരത്തിയ പ്രധാന വാദങ്ങളില്‍ ചിലതായിരുന്നു കള്ളപ്പണം തടയുക, കള്ളനോട്ട് തടയുക. ഭീകരവാദം ചെറുക്കുക, അഴിമതി ചെറുക്കുക എന്നിവ. എന്നാല്‍ ഇവയില്‍ ഒരു ലക്ഷ്യം പോലും മോദി സര്‍ക്കാരിന് കൈവരിക്കാനായില്ലെന്ന് യെച്ചൂരി പറഞ്ഞു. കേന്ദ്രകമ്മിറ്റി യോഗത്തിന് ശേഷം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.
നോട്ടുനിരോധനം ദുരിതത്തിലാക്കിയത് സാധാരണക്കാരെയാണെന്നും നോട്ടുനിരോധനത്തില്‍ കള്ളപ്പണം എല്ലാം വെള്ളപ്പണമായി മാറിയെന്നും യെച്ചൂരി പറഞ്ഞു. നോട്ട് പിന്‍വലിക്കല്‍ തീരുമാനം മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ അവസാനിക്കാന്‍ 50 ദിവസത്തെ സമയമാണ് മോദി ചോദിച്ചത്. എന്നാല്‍ മോദി ഉറപ്പ് നല്‍കിയതിലും ഏറെ മോശം അവസ്ഥയിലാണ് രാജ്യത്തെ കോടിക്കണക്കിന് ജനങ്ങള്‍ തുടരുന്നത്. നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് ഏര്‍പെടുത്തിയ ബാങ്ക് നിയന്ത്രണങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഇത് ഉടന്‍ പിന്‍വലിക്കണമെന്നും യെച്ചൂരി ആവശ്യപെട്ടു.
സാധാരണക്കാരെ സഹായിക്കാന്‍ മോദി സര്‍ക്കാരിന് താത്പര്യമില്ല. പകരം കോര്‍പ്പറേറ്റുകളുടെ വായ്പ കുടിശിക എഴുതി തള്ളാന്‍ മടിയും കാണിക്കാറില്ല. നോട്ട് അസാധുവാക്കല്‍കൊണ്ട് നേട്ടമുണ്ടായത് കള്ളപ്പണക്കാര്‍ക്കും കള്ളനോട്ടുകാര്‍ക്കും മാത്രമാണ്. ജനങ്ങള്‍ ഇപ്പോളും ദുരിതത്തിലാണ്. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ പ്രധാനമന്ത്രി ഉന്നയിച്ച നാലു കാര്യങ്ങളിലും വിജയിച്ചെന്നാണ് ബിജെപി അവകാശപ്പെടുന്നത്. കള്ളപ്പണം തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞുവെന്നാണ് ഒന്നാമത്തെ അവകാശവാദം. എന്നാല്‍, 2014ല്‍ മോദി തന്നെ പറഞ്ഞത് രാജ്യത്തെ കള്ളപ്പണത്തിന്റെ 90ശതമാനവും വിദേശ ബാങ്കുകളിലാണെന്നാണ്. ഇതില്‍ ഒരാളുടെ പണംപോലും തിരിച്ചുപിടിച്ചിട്ടില്ല. എല്ലാപണവും തിരിച്ചെത്തിയെങ്കില്‍ ഇനിയും പാവപ്പെട്ട ജനങ്ങളുടെ പണമിടപാടില്‍ നിയന്ത്രണം തുടരുന്നതെന്തിന്? ജനങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ പണം പിന്‍വലിക്കാനാകണം. അതിന് അടിയന്തര നടപടിയുണ്ടാകണം.
നോട്ട് അസാധുവാക്കല്‍ ആഭ്യന്തര വളര്‍ച്ചനിരക്കിനെ ബാധിച്ചില്ലെന്ന ബിജെപി പ്രചാരണവും തട്ടിപ്പാണ്. വളര്‍ച്ചനിരക്ക് 7.1 ശതമാനമാണെന്നും നേരത്തേതില്‍നിന്ന് നേരിയ കുറവേ ഉള്ളൂവെന്നുമാണ് പറയുന്നത്. കഴിഞ്ഞ അര്‍ധവാര്‍ഷികത്തില്‍ ഇത് 7.5 ശതമാനമായിരുന്നു. എന്നാല്‍, ഇപ്പോള്‍ ബിജെപി പറയുന്ന കണക്ക് നോട്ട് അസാധുവാക്കലിനുമുമ്പുള്ള കണക്ക് എടുത്താണ്. ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങള്‍ ഉള്‍പ്പെടുത്താതെയുള്ളതാണിത്. അതുകൂടി കണക്കാക്കുമ്പോള്‍ വളര്‍ച്ചനിരക്ക് കുത്തനെ ഇടിഞ്ഞുവെന്ന് വ്യക്തമാകും.
വളം, തുകല്‍ ഫാക്ടറികളില്‍ ജോലി ചെയ്യുന്ന നാലുലക്ഷത്തോളം തൊഴിലാളികള്‍ക്ക് ഒറ്റയടിക്ക് തൊഴില്‍ നഷ്ടമായി. 32 ദശലക്ഷം വരുന്ന ദിവസ ആഴ്ച വേതനം പറ്റുന്ന തൊഴിലാളികള്‍ക്ക് തൊഴിലില്ലാതായി. കര്‍ഷക ആത്മഹത്യ 42 ശതമാനം വര്‍ധിച്ചു. ഇങ്ങനെ മരിച്ച കര്‍ഷകര്‍ക്കും നോട്ട് അസാധുവാക്കലോടെ പണത്തിന് വരിനിന്ന് മരിച്ച നൂറോളം സാധാരണക്കാര്‍ക്കും ഒരു രൂപപോലും സഹായം നല്‍കാത്ത മോദിസര്‍ക്കാര്‍, കുത്തകകളുടെ 1,12,000 കോടി രൂപയാണ് എഴുതിത്തള്ളിയത്. സമ്പന്നരെ കൂടുതല്‍ സമ്പന്നരും ദരിദ്രരെ കൂടുതല്‍ ദരിദ്രരുമാക്കുന്ന ഈ നയങ്ങള്‍ക്കും വര്‍ഗീയത ഉയര്‍ത്തിവിട്ട് ജനങ്ങളെ ഭിന്നിപ്പിച്ചുഭരിക്കാനുള്ള നീക്കങ്ങള്‍ക്കുമെതിരെ ശക്തമായ പ്രക്ഷോഭത്തിന് സിപിഐഎം നേതൃത്വം കൊടുക്കുമെന്നും യെച്ചൂരി വ്യക്തമാക്കി.
Get real time update about this post categories directly on your device, subscribe now.