തിരുവനന്തപുരം : തൃശൂര്‍ പാമ്പാടി നെഹ്‌റു എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ ആത്മഹത്യ സര്‍ക്കാര്‍ അന്വേഷിക്കും. അന്വേഷിച്ച് ശക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. ഒരു കുട്ടിക്കും ഇത്തരം ഒരു അവസ്ഥയുണ്ടാകരുതെന്നും വിദ്യാഭ്യാസ മന്ത്രി പീപ്പിളിനോട് പറഞ്ഞു.
കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ തിങ്കളാഴ്ച കോളജിലേക്ക് മാര്‍ച്ച് നടത്തും. പാമ്പാടി നെഹ്‌റു എന്‍ജിനീയറിങ് കോളേജ് ഹോസ്റ്റലിലാണ് ജിഷ്ണുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഒന്നാം വര്‍ഷ ബിടെക് വിദ്യാര്‍ത്ഥിയായിരുന്നു ജിഷ്ണു. ജിഷ്ണുവിന്റെ ആത്മഹത്യയെപ്പറ്റി സമഗ്രാന്വേഷണം നടത്തണമെന്ന് എസ്എഫ്‌ഐ ആവശ്യപ്പെട്ടു.
കോപ്പിയടിച്ചുവെന്നു ആരോപണം ഉന്നയിച്ച ജിഷ്ണുവിനെ അധ്യാപകരും മാനേജുമെന്റും മാനസികമായി പീഡിപ്പിച്ചു. പരീക്ഷ എഴുതുവാന്‍ സമ്മതിക്കില്ല എന്ന് ഭീഷണിപ്പെടുത്തിയെന്നും എസ്എഫ്‌ഐ ആരോപിച്ചു. ഇതാണ് ജിഷ്ണുവിനെ ആത്മഹത്യയിലേക്ക് നയിച്ചത്. ജിഷ്ണുവിന്റെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്നും എസ്എഫ്‌ഐ പറഞ്ഞു.
സ്വാശ്രയ കോളേജുകളെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളാക്കാന്‍ അനുവദിക്കില്ല. ഈ മുദ്രാവാക്യമുയര്‍ത്തി കേരളത്തിലെ എല്ലാ യൂണിറ്റുകളിലും ഏരിയ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. പാമ്പാടി നെഹ്‌റു എന്‍ജിനീയറിങ് മാനേജ്‌മെന്റിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ക്കെതിരെയും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെയും ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്നും എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി.
Get real time update about this post categories directly on your device, subscribe now.