ഐഎഎസ് ഉദ്യോഗസ്ഥർ ഇന്നു കൂട്ട അവധിയിൽ; അഡീഷണൽ ചീഫ് സെക്രട്ടറി അടക്കം 25 പേർ അവധിയിൽ; ഐഎഎസ് പ്രതിനിധിസംഘം ഇന്നു മുഖ്യമന്ത്രിയെ കാണും

തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥർ ഇന്നു കൂട്ട അവധിയിൽ. അഡീഷണൽ ചീഫ് സെക്രട്ടറിയുൾപ്പെടെ 25-ൽ അധികം ഐഎഎസ് ഉദ്യോഗസ്ഥരാണ് അവധിയിൽ പ്രവേശിച്ചിരിക്കുന്നത്. വിജിലൻസ് ഡയറക്ടർ അധികാര ദുർവിനിയോഗം നടത്തി ഐഎഎസുകാരുടെ മനോവീര്യം തകർക്കുന്നുവെന്നാരോപിച്ചാണ് ഒരുകൂട്ടം ഐഎഎസ് ഉദ്യോഗസ്ഥർ കൂട്ട അവധിയെടുത്തിരിക്കുന്നത്. അതേസമയം, ഐഎഎസ് അസോസിയേഷൻ പ്രതിനിധികൾ ഇന്നു മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.

വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പോൾ ആന്റണിയെ പ്രതിയാക്കി വിജിലൻസ് ക്രിമിനൽ കേസ് എടുത്തിരുന്നു. ഇതാണ് ഐഎഎസ് ഉദ്യോഗസ്ഥരുടെ കൂട്ട അവധിയിലേക്ക് നയിച്ചത്. വിജിലൻസ് ഡയറക്ടറോടുള്ള എതിർപ്പാണ് തീരുമാനത്തിനു പിന്നിൽ. ജേക്കബ് തോമസ് ഐഎഎസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുന്നു എന്നാണ് ഉദ്യോഗസ്ഥർ ആരോപിക്കുന്നത്. ഐഎഎസ് അസോസിയേഷൻ പ്രസിഡന്റ് ടോം ജോസിനെതിരായ വിജിലൻസ് കേസും ഉദ്യോഗസ്ഥരുടെ കൂട്ട അവധിക്കു കാരണമായി.

ഐഎഎസ് ഉദ്യോഗസ്ഥരും ജേക്കബ് തോമസുമായുള്ള പോര് ഭരണ സ്തംഭനത്തിലേക്ക് എത്തിക്കുന്ന സാഹചര്യമാണു രൂപപ്പെട്ടിരിക്കുന്നത്. ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാമിന്റെ നേതൃത്വത്തിൽ ചേർന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണു കൂട്ട അവധിയെടുത്തു പരസ്യമായി പ്രതിഷേധിക്കാനുള്ള തീരുമാനം എടുത്തത്. ജേക്കബ് തോമസ് ഉദ്യോഗസ്ഥർക്കിടയിൽ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചെന്നാണ് ആരോപണം.

ഗുരുതരമായ ആരോപണങ്ങളാണ് ഐഎഎസ് ഉദ്യോഗസ്ഥർ ജേക്കബ് തോമസിനെതിരെ ഉന്നയിക്കുന്നത്. ജേക്കബ് തോമസ് നിയമം കൈയിലെടുക്കുകയും അധികാര ദുർവിനിയോഗം നടത്തുകയും ചെയ്തു. തന്റെ നിയമവിരുദ്ധ നടപടികൾ ചൂണ്ടിക്കാട്ടിയവരോടും ചോദ്യം ചെയ്തവരോടും അദേഹം പ്രതികാരം ചെയ്യുന്നു എന്നിവയാണ് ജേക്കബ് തോമസിനെതിരെ ഐഎഎസുകാർ ഉന്നയിക്കുന്ന ആരോപണങ്ങൾ.

ബന്ധു നിയമന വിഷയത്തിൽ വ്യവസായ മന്ത്രിയായിരുന്ന ഇ.പി ജയരാജന്റെ രേഖാമൂലമുള്ള നിർദേശം അനുസരിക്കുക മാത്രമാണ് പോൾ ആന്റണി ചെയ്തതെന്നാണ് ഐഎഎസ് അസോസിയേഷൻ വാദിക്കുന്നത്. 2010-ൽ ഇറങ്ങിയ സർക്കുലർ പ്രകാരം വ്യവസായ വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളുടെ തലപ്പത്തേക്കുള്ള നിയമനങ്ങൾ വകുപ്പു മന്ത്രിക്കു തീരുമാനിക്കാം. ഇക്കാരണങ്ങളാൽ പോൾ ആന്റണി കുറ്റക്കാരനല്ലെന്നും ഐഎഎസുകാർ വാദിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News