ജിഷ്ണുവിന്റെ ആത്മഹത്യ; പാമ്പാടി നെഹ്‌റു കോളജിലേക്ക് ഇന്നു എസ്എഫ്‌ഐ മാർച്ച്

തൃശ്ശൂർ: എൻജിനീയറിംഗ് വിദ്യാർത്ഥി ജിഷ്ണുവിന്റെ ആത്മഹത്യയിൽ പ്രതിഷേധിച്ച് എസ്എഫ്‌ഐ ഇന്നു പാമ്പാടി നെഹ്‌റു കോളജിലേക്കു മാർച്ച് നടത്തും. കോളേജ് അധികൃതരുടെ ക്രൂര പീഡനമാണ് ജിഷ്ണുവിന്റെ ആത്മഹത്യയ്ക്കു കാരണമെന്നു ബന്ധുക്കളും സീനിയർ വിദ്യാർത്ഥികളും ആരോപിച്ചിരുന്നു. മരണത്തിനു കാരണക്കാരായവർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി എം.വിജിന്റെ നേതൃത്വത്തിൽ കോളജിലേക്കു മാർച്ച് നടത്തുന്നത്. സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാരായവർക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നു ഇന്നലെ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് അറിയിച്ചിരുന്നു.

ജിഷ്ണുവിന്റെ ആത്മഹത്യയിൽ സ്വമേധയാ കേസെടുക്കാൻ സംസ്ഥാന യുവജന കമ്മീഷൻ തീരുമാനിച്ചിട്ടുണ്ട്. സംഭവത്തിൽ തെളിവെടുപ്പ് നടത്തുന്നതിനായി കമ്മിഷൻ അംഗം ടി.പി ബിനീഷ് ഇന്നു കോളജ് സന്ദർശിക്കും. തെളിവെടുപ്പിനു ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നു ടി.പി ബിനീഷ് കൈരളി ന്യൂസ് ഓൺലൈനിനോടു പറഞ്ഞു. അതേസമയം, ജിഷ്ണുവിന്റെ ആത്മഹത്യയിൽ പ്രതിഷേധം ശക്തമായതോടെ ഇന്നു മുതൽ അനിശ്ചിത കാലത്തേക്കു കോളജ് അടച്ചിടാൻ കോളജ് അധികൃതർ തീരുമാനിച്ചിട്ടുണ്ട്.

ആത്മഹത്യ ചെയ്ത ജിഷ്ണുവിനെ കോളജ് അധികൃതർ മർദ്ദിച്ചതിന്റെ തെളിവുകൾ പുറത്തുവന്നിരുന്നു. ജിഷ്ണുവിന്റെ മുഖത്തും ശരീരത്തിന്റെ പുറംഭാഗത്തും ഉള്ളംകാലിലുമാണ് മർദ്ദനമേറ്റത്. ഇതിന്റെ ദൃശ്യങ്ങൾ നാരദ ന്യൂസ് പുറത്തുവിട്ടിരുന്നു. മൂക്കിന്റെ വലതുഭാഗത്തായി മുറിവിൽ രക്തം കനച്ചു കിടന്നിരുന്നതായും ഉള്ളംകാലിലും പുറത്തും മർദ്ദനമേറ്റതിന്റെ ചതവുകളുണ്ടെന്നും ജിഷ്ണുവിന്റെ ബന്ധുക്കൾ പറയുന്നു. ജിഷ്ണുവിന് വൈസ് പ്രിൻസിപ്പലിന്റെ മുറിയിൽ വച്ച് മർദ്ദനമേറ്റുവെന്നും അതിന്റെ പാടുകൾ ശരീരത്തിൽ കാണാനുണ്ടെന്നും ബന്ധുക്കൾ പറയുന്നു.

കോപ്പിയടിച്ച ജിഷ്ണുവിനെ തങ്ങൾ താക്കീത് ചെയ്ത് വിടുകയായിരുന്നെന്ന അധികൃതരുടെ വാദമാണ് ഇതോടെ പൊളിഞ്ഞത്. മർദ്ദനവിവരങ്ങൾ പുറത്തുവന്നതോടെ പ്രതിഷേധവും ശക്തമായിരുന്നു. ഇതോടെയാണ് കോളേജ് അടച്ചിടാൻ മാനേജ്‌മെന്റ് നിർബന്ധിതരായത്. നാളെ കോളേജിലേക്ക് പ്രതിഷേധമാർച്ച് നടത്തുമെന്ന് എസ്എഫ്‌ഐ അറിയിച്ചു.

വെള്ളിയാഴ്ച വൈകിട്ട് ആറോടെയാണ് കോളേജ് ഹോസ്റ്റൽ മുറിയിൽ, കോഴിക്കോട് വളയം അശോകന്റെ മകൻ ജിഷ്ണു പ്രണോയി (18)യെ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തിയത്. പരീക്ഷയിൽ കോപ്പിയടിച്ചെന്ന് ആരോപിച്ച് സ്‌കൂൾ അധികൃതർ ജിഷ്ണുവിനെ മാനസികമായി പീഡിപ്പിച്ചിരുന്നെന്നും ഇതിൽ മനംനൊന്താണ് ജിഷ്ണു ആത്മഹത്യ ചെയ്തതെന്നുമാണ് സഹപാഠികൾ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here