സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്നു ചേരും; കേന്ദ്ര കമ്മിറ്റി തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്യും

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്നു തിരുവനന്തപുരത്ത് ചേരും. കേന്ദ്രകമ്മിറ്റി യോഗ തീരുമാനം റിപ്പോർട്ട് ചെയ്യുകയാണ് പ്രധാന അജണ്ട. സർക്കാരുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങൾ ചർച്ചക്ക് വരും. മനുഷ്യച്ചങ്ങലയിലെ ജനപങ്കാളിത്തത്തിന്റെ വിലയിരുത്തൽ യോഗത്തിൽ ഉണ്ടാവും. റേഷൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാരിനെതിരെ നടത്താൻ പോകുന്ന സമരങ്ങളുടെ മുന്നൊരുക്കവും യോഗത്തിന്റെ പരിഗണനക്ക് വരും. സിപിഐഎം സംസ്ഥാന സമിതി യോഗത്തിന്റെ അജണ്ട സെക്രട്ടറിയേറ്റ് യോഗം തീരുമാനിക്കും എകെജി സെന്ററിൽ രാവിലെ 9.30നാണ് യോഗം ആരംഭിക്കുക.

മൂന്നു ദിവസമായി തുടർന്ന സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം ഇന്നലെയാണ് സമാപിച്ചത്. അച്ചടക്ക ലംഘനങ്ങളുടെ പേരിൽ വി.എസ് അച്യുതാനന്ദനെ സിപിഐഎം കേന്ദ്ര കമ്മിറ്റി താക്കീത് ചെയ്തിരുന്നു. അച്ചടക്കലംഘനങ്ങളെ കുറിച്ചുള്ള പിബി കമ്മീഷൻ റിപ്പോർട്ട് കേന്ദ്രകമ്മിറ്റി അംഗീകരിച്ചു. സംഘടനാ മാനദണ്ഡങ്ങളും അച്ചടക്കവും പാലിക്കാനും കേന്ദ്രകമ്മിറ്റി വിഎസിനോട് ആവശ്യപെട്ടു.

വിഎസിനെ സംസ്ഥാനകമ്മിറ്റിയിൽ പ്രത്യേകം ക്ഷണിതാവാക്കി. വിഎസിന്റെ ഘടകം ഏതെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് യെച്ചൂരി ഇക്കാര്യം പറഞ്ഞത്. വിഎസിന്റെ അഭിപ്രായങ്ങളും നിർദേശങ്ങളും ഇവിടെ പറയാം. ചർച്ചയിലും പങ്കെടുക്കാം എന്നാൽ വോട്ടവകാശം ഉണ്ടായിരിക്കില്ലെന്നും യെച്ചൂരി വ്യക്തമാക്കി.

കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇപി ജയരാജൻ, പികെ ശ്രീമതി എന്നിവർക്കെതിരെ ഉയർന്ന ബന്ധുനിയമന വിവാദം സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ സംസ്ഥാന കമ്മിറ്റിയോട് ആവശ്യപെട്ടതായും യെച്ചൂരി പറഞ്ഞു. ഈ റിപ്പോർട്ട് കിട്ടിയ ശേഷം കേന്ദ്രകമ്മിറ്റി പ്രശ്‌നം ചർച്ച ചെയ്യും. എംഎം മണിക്കെതിരായ ആരോപണങ്ങൾ കേന്ദ്രകമ്മിറ്റി ചർച്ചചെയ്തില്ലെന്നും യെച്ചൂരി പറഞ്ഞു. രണ്ട് വിഷയങ്ങളും കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാൽ ഇപ്പോൾ പരിഗണിക്കുന്നത് മുൻവിധി ഉണ്ടാക്കുമെന്നതിനാലാണ് പരിഗണിക്കാതിരുന്നതെന്നും യെച്ചൂരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

രാഷ്ട്രീയ നയരേഖയും കാർഷിക നയരേഖാ റിപ്പോർട്ടിലും കേന്ദ്രകമ്മിറ്റിയിൽ ചർച്ച ചെയ്തു. ദേശീയ രാഷ്ട്രീയവും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളും ചർച്ചയായി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ദേശീയ സഖ്യം വേണ്ടെന്നാണ് കേന്ദ്ര കമ്മിറ്റിയിൽ ഉരുത്തിരിഞ്ഞ നിലപാട്. പ്രാദേശികമായി അതാത് സംസ്ഥാനങ്ങളിലെ സഖ്യം തീരുമാനിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News