തിരുവനന്തപുരം: എന്‍ജിനീയറിംഗ് വിദ്യാര്‍ഥി ജിഷ്ണുവിന്‍റെ മരണത്തില്‍ പാമ്പാടി നെഹ്റു കോളജിനെതിരേ സ്വമേധയാ കേസെടുത്തെന്ന് യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം. സംഭവത്തെക്കുറിച്ച് കോളജ് അധികാരികളില്‍നിന്നും പാലക്കാട് ജില്ലാ പൊലീസ് മേധാവിയില്‍നിന്നും വിശദീകരണം തേടുമെന്നും ചിന്ത കൈരളി ന്യൂസ് ഓണ്‍ലൈനിനോടു പറഞ്ഞു.
അധ്യാപകരില്‍നിന്നുള്ള പീഡനത്തെത്തുടര്‍ന്നാണ് ജിഷ്ണു ആത്മഹത്യ ചെയ്തതെന്നാണു ലഭിച്ച വിവരം. കമ്മീഷന്‍ അംഗമായ ടിപി ബിനീഷ് ജിഷ്ണുവിന്റെ വീട് സന്ദര്‍ശിക്കുമെന്നും ബന്ധുക്കളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും. അടുത്ത ദിവസം തന്നെ കമ്മീഷന്‍ നെഹ്‌റു കോളേജ് സന്ദര്‍ശിച്ച് വിദ്യാര്‍ത്ഥികളോടും മറ്റും മൊഴിയെടുക്കും. അതിനു ശേഷം സര്‍ക്കാരിനു വിശദമായ റിപ്പോര്‍ട്ട് നല്‍കും.
ഇത്തരം കേസുകള്‍ നിരന്തരം വരുന്നുണ്ട്. ആലപ്പുഴയിലെ വെള്ളാപ്പള്ളി നടേശന്‍ എന്‍ജിനീയറിംഗ് കോളജില്‍നിന്നു നിരവധി വിദ്യാര്‍ഥികളുടെ പരാതിയുണ്ട്. അവിടെനിന്നു കമ്മീഷന്‍ തെളിവെടുത്തു. കാമ്പസില്‍ പെണ്‍കുട്ടികളോട് അധികാരികള്‍ മോശമായി പെരുമാറുന്നു, ഇസ്ലാം വിശ്വാസികളായ വിദ്യാര്‍ഥികളെ നിസ്കരിക്കാന്‍ അനുവദിക്കുന്നില്ല തുടങ്ങിയവയാണു പരാതികള്‍. ഇവിടെയും ഇടിമുറിയുള്ളതായി പരാതിയുണ്ടെന്നും ചിന്ത പറഞ്ഞു.
നിരവധി പരാതികള്‍ ഇത്തരത്തില്‍ സ്വാശ്രയ കോളജുകളില്‍നിന്ന് ഉയര്‍ന്നു വരുന്നുണ്ട്. ഇതെല്ലാം പരിശോധിക്കാനാണ് കമ്മീഷന്‍റെ തീരുമാനം. സ്വാശ്രയ കോളജുകളില്‍ പാലിക്കേണ്ടകാര്യങ്ങള്‍ സംബന്ധിച്ച് നയം രൂപീകരിക്കാന്‍ സര്‍ക്കാരിനു ശിപാര്‍ശ നല്‍കുമെന്നും ചിന്ത പറഞ്ഞു. കോളജുകളില്‍ പിടിഎ, സ്റ്റുഡന്‍റ്സ് ഗ്രീവന്‍സ് സെല്‍, മോണിട്ടറിംഗ് കമ്മിറ്റികള്‍ എന്നിവ നിര്‍ബന്ധമാക്കും. ഇവ പരിശോധിക്കാന്‍ സര്‍വകലാശാകളോട് നിര്‍ദേശിക്കുമെന്നും ചിന്ത പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.