കോയമ്പത്തൂരിലെ നെഹ്‌റു കോളജിലും ഇടിമുറി; കായികാധ്യാപകൻ ശെന്തിലിന്റെ മുറി ഇടിമുറിയായി പ്രവർത്തിക്കുന്നു; വെളിപ്പെടുത്തലുമായി വിദ്യാർത്ഥികൾ

കോയമ്പത്തൂർ: തൃശ്ശൂർ പാമ്പാടിയിലെ നെഹ്‌റു കോളജിലേതിനു സമാനമായി കോയമ്പത്തൂരിലെ നെഹ്‌റു കോളജിലും ഇടിമുറി പ്രവർത്തിക്കുന്നതായി വെളിപ്പെടുത്തൽ. കോയമ്പത്തൂർ കോളജിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് ഇത്തരം വെളിപ്പെടുത്തൽ. കോളജിലെ കായികാധ്യാപകനായ ശെന്തിലിന്റെ നേതൃത്വത്തിലാണ് ഇടിമുറി പ്രവർത്തിക്കുന്നത്. കായിക ഉപകരണങ്ങൾ സൂക്ഷിക്കുന്ന ഇരുട്ടുമുറിയാണ് ഇടിമുറിയായി പ്രവർത്തിക്കുന്നത്. ചോദ്യം ചെയ്യുന്നവർക്ക് ക്രൂരമായ മർദ്ദനമാണ് ഇടിമുറിയിൽ ഏൽക്കേണ്ടി വരുന്നതെന്നും വിദ്യാർത്ഥികൾ വെളിപ്പെടുത്തുന്നു.

വിദ്യാർത്ഥികളുടെ ഓഡിയോ സംഭാഷണം കൈരളി ന്യൂസ് ഓൺലൈനിനു ലഭിച്ചു. ശെന്തിലിന്റെ കായികോപകരണങ്ങൾ സൂക്ഷിക്കുന്ന മുറിയാണ് ഇടിമുറിയായി പ്രവർത്തിക്കുന്നത്. എന്തു ചെറിയ തെറ്റിനും പിടിച്ചു കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കും. എന്നാൽ ഇങ്ങനെ ചെയ്യുന്നതിനെ ചോദ്യം ചെയ്യാൻ സാധിക്കില്ല. കാരണം അത്രയ്ക്ക് സ്വാധീനമാണ് അവർക്ക് അവിടെ. പ്രാദേശിക നേതാവിന്റെ മകനാണ് ശെന്തിൽ. അതും അയാൾക്ക് ഗുണമാണ്. മറ്റൊരു സംസ്ഥാനത്തു നിന്നു വന്ന തങ്ങൾക്ക് ഒന്നും ചെയ്യാനാകില്ലെന്നും വിദ്യാർത്ഥികൾ സാക്ഷ്യപ്പെടുത്തുന്നു.

സസ്‌പെൻഷന് അവിടെ പ്രത്യേകിച്ച് കാരണം ഒന്നും വേണ്ടെന്നും കുട്ടികൾ പറയുന്നു. കഴിഞ്ഞയാഴ്ച ഒരു കുട്ടി മുടി മുറിച്ചു വന്നത് നീളം കുറഞ്ഞില്ലെന്നു പറഞ്ഞ് ഒരാഴ്ചയാണ് സസ്‌പെൻഡ് ചെയ്തത്. കോളജിൽ ജോയിൻ ചെയ്ത സമയത്തു തന്നെ സർട്ടിഫിക്കറ്റുകൾ പിടിച്ചുവച്ചിരുന്നു. ഇതു വിട്ടുകൊടുക്കില്ലെന്നും വിദ്യാർത്ഥികൾ പറയുന്നു.

തൃശ്ശൂർ പാമ്പാടിയിലെ നെഹ്‌റു കോളജിൽ ഇടിമുറി പ്രവർത്തിക്കുന്നതായി കൈരളി ന്യൂസ് ഓൺലൈൻ വാർത്ത നൽകിയിരുന്നു. കോളജ് അധികൃതരുടെ വിദ്യാർഥി വിരുദ്ധ നിലാപാടുകളെ ചോദ്യം ചെയ്യുന്നവരെ മർദിക്കാൻ ക്യാമ്പസിൽ പ്രത്യേക ഇടിമുറി പ്രവർത്തിക്കുന്നുണ്ട്. കോളേജ് പിആർഒയും മുൻമന്ത്രി കെ.പി വിശ്വനാഥന്റെ മകനുമായ സഞ്ജിത്ത് വിശ്വനാഥിന്റെ നേതൃത്വത്തിലാണ് ഇടിമുറിയിലെ മർദനം. കോളേജിലെ സീനിയർ വിദ്യാർഥിയാണ് ഇക്കാര്യം പീപ്പിൾ ടിവിയോട് വെളിപ്പെടുത്തിയത്.

ഇടിമുറിയിൽ എത്തിപ്പെടുന്ന വിദ്യാർഥികൾക്ക് മർദ്ദനം ഉറപ്പാണെന്നും ക്രൂരപീഡനമാണ് ഇവിടെ നടക്കുന്നതെന്നും സീനിയർ വിദ്യാർഥി പറഞ്ഞു. പ്രതികരിച്ചാൽ ഇന്റേണൽ മാർക്കും അറ്റൻഡൻസും നൽകാതെയുള്ള പ്രതികാര നടപടികളും ഇവിടെ പതിവാണ്. ഇയർ ഔട്ടാക്കുമെന്ന ഭീഷണികളും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകാറുണ്ട്.

ആത്മഹത്യ ചെയ്ത ജിഷ്ണുവിനെ കോളജ് അധികൃതർ മർദ്ദിച്ചതിന്റെ തെളിവുകൾ പുറത്തുവന്നിരുന്നു. ജിഷ്ണുവിന്റെ മുഖത്തും ശരീരത്തിന്റെ പുറംഭാഗത്തും ഉള്ളംകാലിലുമാണ് മർദ്ദനമേറ്റത്. ഇതിന്റെ ദൃശ്യങ്ങൾ നാരദ ന്യൂസ് പുറത്തുവിട്ടിരുന്നു. മൂക്കിന്റെ വലതുഭാഗത്തായി മുറിവിൽ രക്തം കനച്ചു കിടന്നിരുന്നതായും ഉള്ളംകാലിലും പുറത്തും മർദ്ദനമേറ്റതിന്റെ ചതവുകളുണ്ടെന്നും ജിഷ്ണുവിന്റെ ബന്ധുക്കൾ പറയുന്നു. ജിഷ്ണുവിന് വൈസ് പ്രിൻസിപ്പലിന്റെ മുറിയിൽ വച്ച് മർദ്ദനമേറ്റുവെന്നും അതിന്റെ പാടുകൾ ശരീരത്തിൽ കാണാനുണ്ടെന്നും ബന്ധുക്കൾ പറയുന്നു.

കോപ്പിയടിച്ച ജിഷ്ണുവിനെ തങ്ങൾ താക്കീത് ചെയ്ത് വിടുകയായിരുന്നെന്ന അധികൃതരുടെ വാദമാണ് ഇതോടെ പൊളിഞ്ഞത്. മർദ്ദനവിവരങ്ങൾ പുറത്തുവന്നതോടെ പ്രതിഷേധവും ശക്തമായിരുന്നു. ഇതോടെയാണ് കോളേജ് അടച്ചിടാൻ മാനേജ്‌മെന്റ് നിർബന്ധിതരായത്.

വെള്ളിയാഴ്ച വൈകിട്ട് ആറോടെയാണ് കോളേജ് ഹോസ്റ്റൽ മുറിയിൽ, കോഴിക്കോട് വളയം അശോകന്റെ മകൻ ജിഷ്ണു പ്രണോയി (18)യെ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തിയത്. പരീക്ഷയിൽ കോപ്പിയടിച്ചെന്ന് ആരോപിച്ച് സ്‌കൂൾ അധികൃതർ ജിഷ്ണുവിനെ മാനസികമായി പീഡിപ്പിച്ചിരുന്നെന്നും ഇതിൽ മനംനൊന്താണ് ജിഷ്ണു ആത്മഹത്യ ചെയ്തതെന്നുമാണ് സഹപാഠികൾ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News