ജയലളിതയ്ക്ക് എന്തു പറ്റിയെന്നു സര്‍ക്കാര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും; രേഖകള്‍ സമര്‍പ്പിക്കാന്‍ സമയം അനുവദിച്ച് മദ്രാസ് ഹൈക്കോടതി

ചെന്നൈ: തമി‍ഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ചികിത്സ സംബന്ധിച്ച വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിക്കും. ജയലളിതയുടെ മരണത്തില്‍ സംശയമുണ്ടെന്നു മദ്രാസ് ഹൈക്കോടതി പരാമര്‍ശിച്ചതിനു തൊട്ടുപിന്നാലെയാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. കേസ് ഫെബ്രുവരി 23നു വീണ്ടും പരിഗണിക്കും.

കേസ് ആദ്യം പരിഗണിച്ചപ്പോ‍ഴാണു ജയലളിതയുടെ മരണത്തില്‍ കോടതിക്കു സംശയങ്ങളുണ്ടെന്നു പരാമര്‍ശമുണ്ടായത്. എഐഎഡിഎംകെ അംഗം ജോസഫ് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതിയുടെ പരാമര്‍ശം. ജയലളിതയുമായി രക്തബന്ധമുള്ളവര്‍ക്കു മാത്രമേ ചികിത്സയുടെ വിവരങ്ങള്‍ നല്‍കാനാവൂ എന്നായിരുന്നു അപ്പോളോ ആശുപത്രിയുടെ നിലപാട്. തുടര്‍ന്നാണ് ജോസഫ് കോടതിയില്‍ ആവശ്യം ഉന്നയിച്ചത്. കോടതിയുടെ നിര്‍ദേശം പാലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സമയം തേടി. തുടര്‍ന്നു കേസ് പരിഗണിക്കാനായി മാറ്റുകയായിരുന്നു.

ഡിസംബര്‍ ഇരുപത്തൊമ്പതിനാണ് കേസ് ആദ്യം പരിഗണിച്ചത്. ജസ്റ്റിസുമാരായ വൈദ്യനാഥന്‍, പാര്‍ഥിപന്‍ എന്നിവരുടെ ബെഞ്ചാണ് ജയലളിതയുടെ മരണത്തില്‍ സംശയങ്ങളുള്ളതായി പരാമര്‍ശിച്ചത്. ജയലളിത ഭക്ഷണം ക‍ഴിക്കുന്നു, യോഗങ്ങളില്‍ പങ്കെടുക്കുന്നു, രേഖകളില്‍ ഒപ്പിടുന്നു എന്നീ വിവരങ്ങളാണ് പുറത്തുവന്നിരുന്നത്. പിന്നെങ്ങനെ അവര്‍ പെട്ടെന്നു മരിച്ചു. മരണശേഷമെങ്കിലും സത്യംപുറത്തുവരണമെന്നായിരുന്നു ജസ്റ്റിസുമാരുടെ പരാമര്‍ശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here