ദില്ലി : ഇന്ത്യന്‍ ക്യാപ്ടന്‍ സ്ഥാനത്തുനിന്ന് മഹേന്ദ്രസിംഗ് ധോണി വിരമിച്ചത് ബിസിസിഐയില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്ന്. ക്യാപ്ടന്‍സിയില്‍ തുടരുന്ന കാര്യത്തില്‍ ബിസിസിഐ ജോയിന്റ് സെക്രട്ടറിയുടെ സമ്മര്‍ദ്ദമുണ്ടായിരുന്നു. ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ് ആണ് രാജി ആവശ്യപ്പെട്ടതെന്നും ബീഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ആദിത്യ വര്‍മ്മ വെളിപ്പെടുത്തി.

ദേശീയ ദിനപത്രമായ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ആദിത്യവര്‍മ്മ ഇക്കാര്യം തുറന്നുപറഞ്ഞത്. ഭാവികാര്യങ്ങള്‍ സംബന്ധിച്ച നിലപാട് രേഖാമൂലം വിശദീകരിക്കാന്‍ എംഎസ്‌കെ പ്രസാദ് ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് മറുപടിയായി ഏകദിന, ട്വന്റി – 20 ടീമുകളുടെ ക്യാപ്ടന്‍ സ്ഥാനത്തുനിന്ന് വിരമിക്കുന്നുവെന്നാണ് ധോണി മറുപടി നല്‍കിയത്.

ക്രിക്കറ്റ് അസോസിയേഷനുകള്‍ തമ്മിലുള്ള തര്‍ക്കമാണ് ധോണിയുടെ നിര്‍ബന്ധിത വിരമിക്കലില്‍ കലാശിച്ചത്. രഞ്ജി ട്രോഫി മത്സരത്തിനിടെ എംഎസ്‌കെ പ്രസാദും എംഎസ് ധോണിയും തമ്മില്‍ സംസാരിച്ചിരുന്നു. ബിസിസിഐ ജോയിന്റ് സെക്രട്ടറി അമിതാഭ് ചൗധരിയാണ് ധോണിയുടെ നിര്‍ബന്ധിത വിരമിക്കലിന് സമ്മര്‍ദ്ദം ചെലുത്തിയത്.