പെട്രോള്‍ പമ്പുകളില്‍ കാര്‍ഡ് പേയ്‌മെന്റിന് അധിക നിരക്ക് ഈടാക്കില്ല; പൊതുജനങ്ങള്‍ക്ക് അധികബാധ്യത ഉണ്ടാക്കില്ലെന്നും കേന്ദ്ര പെട്രോളിയം സഹമന്ത്രി

ദില്ലി : പെട്രോള്‍ പമ്പുകളിലെ കാര്‍ഡ് പെയ്‌മെന്റ് ഇടപാടുകള്‍ക്ക് അധിക ചാര്‍ജ് ഈടാക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍. ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ഉപഭോക്താക്കളില്‍ നിന്നും കൂടുതല്‍ പണം വാങ്ങില്ല. ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്നത് പൊതുജനങ്ങള്‍ക്കും പമ്പ് ഉടമകള്‍ക്കും അധികബാധ്യത ഉണ്ടാക്കില്ലെന്നും കേന്ദ്ര പെട്രോളിയം സഹമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.

കാര്‍ഡ് ഇടപാടുകള്‍ക്ക് വരുന്ന അധിക ചാര്‍ജ് ആര് വഹിക്കും എന്നതിനെ സംബന്ധിച്ച് ബാങ്കുകളും എണ്ണ കമ്പനികളും ചര്‍ച്ച നടത്തും. കാര്‍ഡ് ഉപയോഗിച്ച് ഇന്ധനം നിറക്കുന്നതിന് ബാങ്കുകള്‍ ഒരു ശതമാനം സര്‍വിസ് ചാര്‍ജ് പമ്പ് ഉടമകളില്‍നിന്ന് ഈടാക്കുന്നത് പുന:പരിശോധിക്കുമെന്ന് ഇന്നലെതന്നെ അറിയിച്ചിരുന്നു.

തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ കാര്‍ഡുകള്‍ സ്വീകരിക്കില്ലെന്ന പെട്രോള്‍ പമ്പുടമകളുടെ തീരുമാനം തല്‍ക്കാലത്തേക്ക് പിന്‍വലിക്കുകയായിരുന്നു. ജനുവരി 13 വരെ കാര്‍ഡുകള്‍ സ്വീകരിക്കുമെന്ന് പമ്പുടമകള്‍ അറിയിച്ചു. ഐസിഐസിഐ, എച്ച്ഡിഎഫ്‌സി, ആക്‌സിസ് എന്നീ ബാങ്കുകള്‍ ശനിയാഴ്ച രാത്രിയാണ് സര്‍വീസ് ചാര്‍ജ് സംബന്ധിച്ച് പെട്രോള്‍ പമ്പുടമകള്‍ക്ക് നോട്ടീസയച്ചത്.

ഇതിനു പിന്നാലെ ബംഗളൂരുവില്‍ നടന്ന പെട്രോള്‍ പമ്പ് ഡീലേഴ്‌സ് അസോസിയേഷന്റെ യോഗത്തിലാണ് കാര്‍ഡുപയോഗിച്ചുള്ള ഇടപാടുകള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനമായത്. കാര്‍ഡു വഴി നടത്തുന്ന ഇടപാടുകളുടെ സര്‍വിസ് ചാര്‍ജ് പമ്പുടമകളില്‍നിന്ന് ഈടാക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് അധിക ബാധ്യതയാവില്ല.

രാജ്യത്തെ 53,842 പൊതുമേഖല പെട്രോള്‍ പമ്പുകളാണുള്ളത്. ഇതില്‍ 52,000ത്തിലും ഉപയോഗിക്കുന്ന സൈ്വപ്പിങ്ങ് മെഷീനുകളില്‍ 60 ശതമാനവും ഐസിഐസിഐ, എച്ച്ഡിഎഫ്‌സി ബാങ്കുകളുടേതാണ്. പെട്രോള്‍ പമ്പുകളില്‍ കാര്‍ഡ് സ്വീകരിച്ചില്ലെങ്കില്‍ അത് നോട്ടുരഹിത സമ്പദ് വ്യവസ്ഥ ലക്ഷ്യംവെക്കുന്ന സര്‍ക്കാറിനെയും കുഴപ്പത്തിലാക്കും. കാര്‍ഡുപയോഗിച്ച് ഇന്ധനം നിറക്കുന്നവര്‍ക്ക് സര്‍ക്കാര്‍ 0.75 ശതമാനം തുക ഇളവ് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here