കേരളം ഫൈനല്‍ റൗണ്ടിന് യോഗ്യത നേടി; കര്‍ണാടകയെ സമനിലയില്‍ തളച്ചു; കേരളത്തിന്റെ മുന്നേറ്റം ദക്ഷിണമേഖലാ ഗ്രൂപ് ചാമ്പ്യന്മാരായി

കോഴിക്കോട് : കേരളം സന്തോഷ് ട്രോഫി ദക്ഷിണമേഖലാ യോഗ്യതാ മത്സരത്തിന്റെ ഫൈനല്‍ റൗണ്ടിന് യോഗ്യത നേടി. മൂന്നാം മല്‍സരത്തില്‍ കര്‍ണാടകയെ ഗോള്‍രഹിത സമനിലയില്‍ തളച്ചാണ് കേരളത്തിന്റെ മുന്നേറ്റം. ഗ്രൂപ്പ് എയില്‍ ചാമ്പ്യന്‍മാരായാണ് കേരളത്തിന്റെ ഫൈനല്‍ റൗണ്ട് പ്രവേശം.

സഹലും ജോബിയും ഉസ്മാനും വിഷ്ണുവും ഒറ്റപ്പെട്ട ചില മുന്നേറ്റങ്ങള്‍ നടത്തി. ഇതൊഴിച്ചാല്‍ കഴിഞ്ഞ മത്സരങ്ങളിലെ പ്രകടനം കേരളത്തിന് ആവര്‍ത്തിക്കാനായില്ല. 29-ാം മിനിറ്റില്‍ ജോബിയെ വീഴ്ത്തിയതിന് കര്‍ണാടകയുടെ അരുണ്‍ പോണ്ടെ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. ഇതോടെ കര്‍ണാടക പത്ത് പേരിലേക്ക് ചുരുങ്ങി. എന്നിട്ടും കേരളത്തിന് അവസരം മുതലാക്കാനായില്ല.

മൂന്നു മല്‍സരങ്ങളില്‍നിന്ന് രണ്ടു ജയവും ഒരു സമനിലയുമുള്‍പ്പെടെ ഏഴു പോയിന്റാണ് കേരളം നേടിയത്. ഫൈനല്‍ റൗണ്ടിലേക്ക് സമനില പോലും കേരളത്തിന് അധികമായിരുന്നു. ഈ മേല്‍ക്കൈയോടെ കളിച്ച കേരളം ഗോളുകളൊന്നും വഴങ്ങാതെയാണ് കര്‍ണാടകയെ പിടിച്ചു കെട്ടിയത്. യോഗ്യതാ റൗണ്ടില്‍ മൂന്നു ഗോളുകളുമായി നായകന്‍ പി ഉസ്മാന്‍ യോഗ്യതാ റൗണ്ടില്‍ മുന്നില്‍നിന്ന് നയിച്ചു.

ഒരു ജയവും ഒരു സമനിലയുമുള്‍പ്പെടെ നാലു പോയിന്റുള്ള കര്‍ണാടകയും ആന്ധ്രാ പ്രദേശും ഫൈനല്‍ റൗണ്ട് കാണാതെ പുറത്തായി. ആദ്യ രണ്ടു മല്‍സരങ്ങളില്‍ തോല്‍വി വഴങ്ങിയ പുതുച്ചേരി നേരത്തേതന്നെ പുറത്തായിരുന്നു. ആദ്യ മല്‍സരത്തില്‍ പുതുച്ചേരിയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ച കേരളം, രണ്ടാം മല്‍സരത്തില്‍ ആന്ധ്രയേയും ഇതേ സ്‌കോറിന് തകര്‍ത്തു.

ഒരു വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് കേരളത്തിന്റെ ഫൈനല്‍ റൗണ്ടിന് യോഗ്യത നേടിയത്. കഴിഞ്ഞ വര്‍ഷം ഗോള്‍ ശരാശരിയുടെ വ്യത്യാസത്തിലാണ് കേരളം യോഗ്യതാ റൗണ്ടില്‍ തന്നെ പുറത്തായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here