നെഹ്റു കോളജിലെ ജീവനൊടുക്കിയ ജിഷ്ണുവിന്‍റെ മൂക്കില്‍ മുറിവേറ്റ പാടുകള്‍; മരണം ക‍ഴുത്തില്‍ കുരുക്കു മുറുകിയതിനാലാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂര്‍: പാമ്പാടി നെഹ്റു കോളജില്‍ ജീവനൊടുക്കിയ എന്‍ജിനീയറിംഗ് വിദ്യാര്‍ഥി ജിഷ്ണുവിന്‍റെ മൂക്കില്‍ മുറിവേറ്റ പാടുകളുണ്ടായിരുന്നതായി ഫൊറന്‍സിക് സര്‍ജന്‍മാരുടെ കണ്ടെത്തല്‍. ക‍ഴുത്തിലെ കുരുക്കു മുറുകിയതാണു മരണണകാരണമായതെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിന്‍റെ റിപ്പോര്‍ട്ട് ഫൊറന്‍സിക് സര്‍ജന്‍മാര്‍ പൊലീസിനു കൈമാറി. ജിഷ്ണു ആത്മഹത്യചെയ്തതുതന്നെയാണെന്നു വ്യക്തമാക്കുന്നതാണു റിപ്പോര്‍ട്ട്. അതേസമയം, മൂക്കിലെ മുറിവ് എങ്ങനെ സംഭവിച്ചു എന്ന കാര്യത്തില്‍ വ്യക്തത വരേണ്ടതുണ്ട്.

പരീക്ഷയില്‍ കോപ്പിയടിച്ചെന്ന് അധ്യാപകന്‍ കുറ്റപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തതിനെത്തുടര്‍ന്നാണു കോ‍ഴിക്കോട് നാദാപുരം സ്വദേശിയായ ജിഷ്ണു പ്രണോയ് ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കിയത്. എന്നാല്‍ കോപ്പിയടിച്ചതിന് തെളിവു ഹാജരാക്കാന്‍ പിടികൂടിയെന്ന് അവകാശപ്പെടുന്ന അധ്യാപകനോ കോളജ് അധികാരികള്‍ക്കോ ക‍ഴിഞ്ഞില്ല. ജിഷ്ണുവിന്‍റെ മരണശേഷം ഈ നിലപാടില്‍ കോളജ് അധികാരികള്‍ മലക്കം മറിയുകയും ജിഷ്ണുവിനെ ഉപദേശിക്കുകയായിരുന്നെന്നുമാണു പറഞ്ഞത്.

ജിഷ്ണുവിന് വൈസ് പ്രിന്‍സിപ്പലിന്‍റെ മുറിയില്‍വച്ചു മര്‍ദനമേറ്റെന്ന് തുടക്കത്തിലേ സംശയമുണ്ടായിരുന്നു. അതു സ്ഥിരീകരിക്കുന്നതാണ് മൂക്കില്‍ മുറിവു കണ്ടെത്തിയെന്ന ഫൊറന്‍സിക് സര്‍ജന്‍മാരുടെ കണ്ടെത്തല്‍. ഉപദേശിച്ചു വിടുകയായിരുന്നെന്ന കോളജ് അധികാരികളുടെ വാദം അമ്പേ പൊളിച്ചടുക്കുന്നതാണ് ഈ മുറിപ്പാടുകള്‍. ജിഷ്ണുവിന്‍റെ മുഖത്തും ശരീരത്തിന്‍റെ പുറംഭാഗത്തും ഉള്ളംകാലിലുമാണ് മര്‍ദനമേറ്റ പാടുള്ളത്.

പാമ്പാടി നെഹ്റു കോളജില്‍ കോളജ് അധികാരികളുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളെ മര്‍ദിക്കാന്‍ ഇടിമുറിയുണ്ടെന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു. ഇതെല്ലാം സത്യമാണെന്നു വ്യക്തമാക്കുന്നതാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളും ഫൊറന്‍സിക് സര്‍ജന്‍മാരുടെ വാക്കുകളും. മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ പി വിശ്വനാഥന്‍റെ മകന്‍ സഞ്ജിത്താണ് കോളജിന്‍റെ പിആര്‍ഒ. സഞ്ജിത്തിന്‍റെ നേതൃത്വത്തിലാണ് കോളജില്‍ വിദ്യാര്‍ഥികളെ മൂന്നാംമുറയ്ക്കു വിധേയമാക്കുന്നതെന്നാണു റിപ്പോര്‍ട്ടുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel