ദില്ലി: അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന സൈനികരുടെ ദുരിതാവസ്ഥ വെളിപ്പെടുത്തി കശ്മീരിലെ ബിഎസ്എഫ് ജവാന്‍ തേജ് ബഹദൂര്‍ യാദവിന്റെ ഫേസ്ബുക്ക് വീഡിയോ. തങ്ങള്‍ക്ക് ലഭിക്കുന്നത് മോശം ഭക്ഷണമാണെന്ന പരാതിയുമായാണ് തേജ് ബഹദൂറിന്റെ വീഡിയോ. തങ്ങള്‍ക്കുള്ള അവശ്യസാധനങ്ങള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വിപണിയില്‍ മറിച്ചു വില്‍ക്കുകയാണെന്നും തേജ് ആരോപിക്കുന്നു.
”തേജ് ബഹദൂറിന്റെ വാക്കുകള്‍ ഇങ്ങനെ: ദയവ് ചെയ്ത് എല്ലാവരും ഈ വീഡിയോ ഷെയര്‍ ചെയ്യണം. ഞങ്ങളുടെ ദുരിതജീവിതം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ സഹായിക്കണം. മഞ്ഞുമൂടി കിടക്കുന്ന മേഖലകളില്‍ രാവിലെ ആറ് മണി മുതല്‍ ഉച്ചതിരിഞ്ഞ് അഞ്ച് മണി വരെയാണ് ജോലി. മഞ്ഞുണ്ടായാലും മഴയുണ്ടായാലും കൊടുങ്കാറ്റുണ്ടായാലും അതിനെ വകവെക്കാതെ പ്രതിദിനം പതിനൊന്ന് മണിക്കൂറോളം നില്‍ക്കുന്നു. ഒഴിഞ്ഞ വയറുമായി ഉറങ്ങാന്‍ നിര്‍ബന്ധിതരായ നിരവധി സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. പ്രഭാതഭക്ഷണമായി ചായക്കൊപ്പം ലഭിക്കുന്നത് ഒരു പരാന്തയാണ് (ഉത്തരേന്ത്യന്‍ വിഭവം). ഉദ്യോഗസ്ഥര്‍ ഞങ്ങളോട് കാണിക്കുന്ന അതിക്രമങ്ങള്‍ നിങ്ങളെ കാണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സര്‍ക്കാരിനെ ഞങ്ങള്‍ കുറ്റപ്പെടുത്തില്ല. സര്‍ക്കാര്‍ ആവശ്യമായതെല്ലാം ലഭ്യമാക്കുന്നുണ്ട്. എന്നാല്‍ ഉന്നത അധികൃതര്‍ എല്ലാം വിപണിയില്‍ വിറ്റ് പണം കൈക്കലാക്കുന്നു. എവിടേക്കാണ് സാധനങ്ങളെല്ലാം പോകുന്നത്? ആരാണ് വില്‍ക്കുന്നത്? ഇതേക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി അന്വേഷിക്കണമെന്നാണ് എന്റെ വിനീതമായ അപേക്ഷ.”
”ഈ പരിപ്പ്കറിയില്‍ മഞ്ഞളും ഉപ്പും മാത്രമേ ഉള്ളൂ. ഒരു രുചിയുമില്ല. പത്ത് ദിവസമായി ഇതേ ഭക്ഷണമാണ് ഞങ്ങള്‍ക്ക് ലഭിക്കുന്നത്. ഈ ഭക്ഷണം കഴിച്ചിട്ട് ഒരു ബിഎസ്എഫ് ജവാന്‍ പത്ത് മണിക്കൂര്‍ നേരം ജോലി ചെയ്യാന്‍ കഴിയുമോ?”- തേജ് ബഹദൂര്‍ ചോദിക്കുന്നു. വീഡിയോ പോസ്റ്റ് ചെയ്ത ശേഷം താന്‍ ജീവനോടെ ഉണ്ടാകുമോയെന്ന് ഉറപ്പില്ലെന്നും തേജ് ബഹദൂര്‍ പറയുന്നു.
വീഡിയോ വൈറലായതോടെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ജവാന്റെ അവസ്ഥയെക്കുറിച്ചുള്ള വീഡിയോ ശ്രദ്ധയില്‍പ്പെട്ടു. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആഭ്യന്തരസെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നും രാജ്‌നാഥ് സിംഗ് അറിയിച്ചു.
I have seen a video regarding a BSF jawan’s plight. I have asked the HS to immediately seek a report from the BSF & take appropriate action.
— Rajnath Singh (@rajnathsingh) January 9, 2017
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here