തെരുവുനായയുടെ പേരില്‍ മനേകാ ഗാന്ധി തട്ടിയെടുത്തത് ആറു കോടിരൂപ; ആരോപണങ്ങളുമായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

കൊച്ചി: കേന്ദ്രമന്ത്രി മനേകാ ഗാന്ധിക്കെതിരെ ആരോപണങ്ങളുമായി പ്രമുഖ വ്യവസായിയും സ്‌ട്രേ ഡോഗ് ഫ്രീ മൂവ്‌മെന്റ് ചെയര്‍മാനുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. തെരുവു നായ സംരക്ഷണത്തിന്റെ പേരില്‍ മനേക ആറുകോടി രൂപ തട്ടിയെടുത്തെന്നാണ് ചിറ്റിലപ്പിള്ളിയുടെ ആരോപണം. മനേക ഗാന്ധി ചെയര്‍പേഴ്‌സണായി പീപ്പിള്‍സ് ഫോര്‍ അനിമല്‍സ് എന്ന ട്രസ്റ്റ് സ്ഥാപിച്ച് കേന്ദ്രസര്‍ക്കാരില്‍ നിന്നും 5.83 കോടി രൂപ ക്രമവിരുദ്ധമായി വാങ്ങിയെടുത്തതായാണ് ആരോപണം.

മനേക 1992ല്‍ മൃഗക്ഷേമ പദ്ധതികള്‍ക്ക് സര്‍ക്കാരില്‍ നിന്നും ധനസഹായം ലഭിക്കുന്നതിനുവേണ്ടി പീപ്പിള്‍ ഫോര്‍ അനിമല്‍സ് എന്ന പേരില്‍ സ്വയം ചെയര്‍പേഴ്‌സണ്‍ ആയി ഒരു ട്രസ്റ്റ് രൂപീകരിച്ചാണ് പണം വാങ്ങിയെടുത്തത്. മൃഗക്ഷേമത്തിനു വേണ്ടി കൃഷിമന്ത്രാലയത്തില്‍ അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ എന്ന ഒരു സ്ഥാപനം ഫലപ്രദമായി പ്രവര്‍ത്തിച്ചുവരുമ്പോഴാണ് ഒരു പ്രത്യേക ഡിവിഷന് ഗൂഢലക്ഷ്യത്തോടുകൂടി രൂപം കൊടുത്തതെന്നും കൊച്ചൗസേപ്പ് ചിറ്റിലപ്പളളി ആരോപിച്ചു.

1998 മുതല്‍ ഈ ട്രസ്റ്റിന്റെ പേരില്‍ കേന്ദ്രഗവണ്‍മെന്റില്‍ നിന്നും നായ്ക്കളുടെ വന്ധ്യംകരണത്തിനും മറ്റ് മൃഗക്ഷേമപ്രവര്‍ത്തനത്തിനും വേണ്ടിയെന്നു പറഞ്ഞ് ഏകദേശം 5.83 കോടിയുടെ സാമ്പത്തികസഹായം ക്രമവിരുദ്ധമായി നേടിയെടുത്തതായി വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നുവെന്നും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു. നായ്ക്കളുടെ ക്ഷേമം, വന്ധ്യംകരണത്തിനുള്ള എബിസി പ്രോഗ്രാം എന്നീ പേരുകള്‍ പറഞ്ഞാണ് പണം തട്ടിയത്.

എബിസി റൂള്‍സ് നിലവില്‍ വന്നതിനുശേഷം, കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ മൂന്നുലക്ഷം പേര്‍ പേവിഷബാധയേറ്റ് മരിക്കുകയും 25 കോടി ജനങ്ങള്‍ തെരുവുനായ്ക്കളുടെ അക്രമണത്തിന് ഇരയാവുകയും ആന്റി റാബീസ് മരുന്നുകള്‍ക്കായി ഗവണ്‍മെന്റ് 42,000 കോടി രൂപയിലധികം ചെലവാക്കുകയും ചെയ്തിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

സ്വകാര്യ മേഖലയിലൂടെ വിറ്റഴിച്ച റാബീസ് വാക്‌സിന്‍ കൂടി കണക്കിലെടുത്താല്‍ ഇതു മൂന്നിരട്ടിയെങ്കിലും വരുമെന്ന് കണക്കാക്കപ്പെടുന്നു. അതായത് 1,26,000 കോടി രൂപ. എബിസി പദ്ധതിയുടെ ഫലമായി സാമ്പത്തികനേട്ടം കൈവരിച്ചത് മേനകാ ഗാന്ധി ചെയര്‍പേഴ്‌സണായ പീപ്പിള്‍ ഫോര്‍ അനിമല്‍സ് ട്രസ്റ്റും അനുബന്ധ സംഘടനകളും ആന്റി റാബീസ് കമ്പനികളുമാണെന്ന് 2001ന് ശേഷമുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News