പെണ്‍കുട്ടികള്‍ക്ക് നേരെ പ്രതികാരനടപടികളുമായി വീണ്ടും പാമ്പാടി നെഹ്‌റു കോളേജ്; പ്രതിഷേധത്തില്‍ പങ്കെടുത്ത പെണ്‍കുട്ടികളോട് ഹോസ്റ്റല്‍ ഒഴിയണമെന്ന് ആവശ്യം

തിരുവനന്തപുരം: ജിഷ്ണുവിന്റെ ആത്മഹത്യയില്‍ മാനേജ്‌മെന്റിനെതിരെ പ്രതികരിച്ച വിദ്യാര്‍ഥിനികള്‍ക്ക് മേല്‍പ്രതികാരനടപടികളുമായി വീണ്ടും പാമ്പാടി നെഹ്‌റു കോളേജ്. നാളെ പരീക്ഷയുള്ള വിദ്യാര്‍ഥിനികളോട് ഹോസ്റ്റല്‍ ഒഴിയണമെന്നാണ് മാനേജ്‌മെന്റ് ആവശ്യപ്പെട്ടിരിക്കുന്നത്.

പുറത്തു റൂം എടുക്കുകയോ പൊലീസിനെ സമീപിക്കുകയോ ചെയ്‌തോ എന്നാണ് പെണ്‍കുട്ടികളോട് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞദിവസം വിദ്യാര്‍ഥിസംഘടനകള്‍ നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് മേലാണ് നെഹ്‌റു കോളേജ് മാനേജ്‌മെന്റിന്റെ പ്രതികാരം.

സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം നല്‍കില്ലെന്ന് പറഞ്ഞു ഇന്നലെ ഹോസ്റ്റല്‍ വാര്‍ഡന്‍ മെസ്ഹാള്‍ പൂട്ടിയിടുകയും ചെയ്തിരുന്നു. നിങ്ങള്‍ക്ക് തരാന്‍ ഭക്ഷണമില്ലെന്നും പുറത്തുപോയി കഴിച്ചോളാനുമായിരുന്നു വാര്‍ഡന്മാരായ ശശീന്ദ്രനും ചന്ദ്രനും പറഞ്ഞതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. മോശമായാണ് വാര്‍ഡന്‍മാര്‍ പെരുമാറുന്നതെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് 400ഓളം കുട്ടികളോട് ഹോസ്റ്റല്‍ ഒഴിയാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
വെള്ളിയാഴ്ച വൈകിട്ട് ആറോടെയാണ് കോളേജ് ഹോസ്റ്റല്‍ മുറിയില്‍, കോഴിക്കോട് വളയം അശോകന്റെ മകന്‍ ജിഷ്ണു പ്രണോയി (18)യെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയത്. പരീക്ഷയില്‍ കോപ്പിയടിച്ചെന്ന് ആരോപിച്ച് സ്‌കൂള്‍ അധികൃതര്‍ ജിഷ്ണുവിനെ മാനസികമായി പീഡിപ്പിച്ചിരുന്നെന്നും ഇതില്‍ മനംനൊന്താണ് ജിഷ്ണു ആത്മഹത്യ ചെയ്തതെന്നുമാണ് സഹപാഠികള്‍ പറയുന്നത്. എന്നാല്‍ പഠനത്തില്‍ മികവ് പുലര്‍ത്തുന്ന ജിഷ്ണു കോപ്പിയടിക്കില്ലെന്ന് സുഹൃത്തുക്കളും ബന്ധുക്കളും പറഞ്ഞിരുന്നു.

ജിഷ്ണു കോപ്പിയടിച്ചതായി റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്ന് പരീക്ഷാ കണ്‍ട്രോളറും അറിയിച്ചിട്ടുണ്ട്. കോപ്പിയടി നടന്നിരുന്നെങ്കില്‍ ഒരുദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യുമായിരുന്നെന്നും കണ്‍ട്രോളര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here