അരവിന്ദ് കെജ്‌രിവാള്‍ പഞ്ചാബില്‍ എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി; മനീഷ് സിസോദിയ ദില്ലിയില്‍ മുഖ്യമന്ത്രിയായേക്കും

അമൃത്സര്‍ : ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പഞ്ചാബില്‍ എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവും. ജയസാധ്യത പരിഗണിച്ചാണ് എഎപിയുടെ നീക്കം. ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്. ദില്ലിയുടെ പുതിയ മുഖ്യമന്ത്രിയെ കൂട്ടായി ആലോചിച്ച് തീരുമാനിക്കുമെന്ന് മനീഷ് സിസോദിയ പറഞ്ഞു.

അരവിന്ദ് കെജ്‌രിവാളിനെ നിങ്ങളുടെ മുഖ്യമന്ത്രിയായി കാണൂവെന്ന് ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. കെജ്‌രിവാളിന്റെ പേരില്‍ നിങ്ങള്‍ വോട്ട് ചെയ്യണമെന്നും പഞ്ചാബിലെ ജനങ്ങളോട് മനീഷ് സിസോദിയ ആവശ്യപ്പെട്ടു. മൊഹാലിയില്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് സിസോദിയ ഇക്കാര്യം പറഞ്ഞത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാല് സീറ്റുകളിലാണ് ആംആദ്മി പാര്‍ട്ടി ജയിച്ചത്. അകാലിദളിനും കോണ്‍ഗ്രസിനും ശക്തമായ ബദലൊരുക്കാനും എഎപിക്ക് കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് ദില്ലിക്ക് പിന്നാലെ പഞ്ചാബും പിടിക്കാമെന്ന് എഎപി കരുതുന്നത്.

ഫെബ്രുവരി നാലിനാണ് പഞ്ചാബില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ഒറ്റഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ 117 സീറ്റുകളിലാണ് വിധിയെഴുതുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ ശേഷം മാര്‍ച്ച് 11ന് ഫലം പ്രഖ്യാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here