ദില്ലി : ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ക്യാപ്ടനായി തുടരുമെന്ന് മുന്‍ ദേശീയ ടീം ക്യാപ്ടന്‍ മഹേന്ദ്ര സിംഗ് ധോണി. ഐപിഎല്ലില്‍ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്‌സിന്റെ അമരത്തുണ്ടാവുമെന്നും ധോണി പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി സംഘടിപ്പിച്ച സന്നാഹ മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു ധോണി.

ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ തന്റെ അവസാനത്തേ മത്സരമായിരുന്നു ഇന്നത്തേത്. പക്ഷേ ഐപിഎല്ലില്‍ റൈസിംഗ് പുനെ സൂപ്പര്‍ജയന്റ്‌സിന്റെ അമരത്ത് താന്‍ ഉണ്ടാകും. ഇത് തനിക്കൊരു സ്‌പെഷ്യല്‍ ഗെയിമാണ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ അവസാനത്തെ മത്സരമാണെന്നും എംഎസ് ധോണി പറഞ്ഞു.

കഴിഞ്ഞയാഴ്ചയാണ് ധോണി ഏകദിന ട്വന്റി – 20 ടീം നായക സ്ഥാനത്തുനിന്ന് വിരമിച്ചത്. ഇതിന് പിന്നാലെ ഇംഗ്ലണ്ടിനെതിരായ ആദ്യ പരിശീലന മത്സരത്തില്‍ ഇന്ത്യ എ ടീമിന്റെ നായകനായി സെലക്ഷന്‍ കമ്മിറ്റി ധോണിയെ തിരഞ്ഞെടുത്തു. ധോണിക്ക് ക്യാപ്ടനെന്ന നിലയില്‍ വിടവാങ്ങല്‍ ഒരുക്കുകയായിരുന്നു സെലക്ഷന്‍ കമ്മിറ്റിയുടെ ലക്ഷ്യം. അടുത്ത പരിശീലന മത്സരത്തില്‍ ഇന്ത്യ എ ടീമിനെ അജിന്‍ക്യ രഹാനെ നയിക്കും.