ജിഷ്ണുവിന്‍റെ മരണത്തിന് പാമ്പാടി നെഹ്റു കോളജ് കാരണക്കാരെന്ന് സാങ്കേതിക സര്‍വകലാശാലാ റിപ്പോര്‍ട്ട്; കോളജിന്‍റെ അഫിലിയേഷന്‍ പുതുക്കുന്നതില്‍ ജാഗ്രത പുലര്‍ത്തും

തൃശൂര്‍: ജിഷ്ണുവിന്‍റെ ആത്മഹത്യയില്‍ പാമ്പാടി നെഹറു കോളേജിനെ വെട്ടിലാക്കി സാങ്കേതിക സര്‍വ്വകലാശാലയുടെ റിപ്പോര്‍ട്ട്. കോപ്പിയടി ആരോപിച്ച് ശകാരിച്ചതില്‍ കോളേജിന് ഗുരുതരമായ വീഴ്ച്ച സംഭവിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. കോളേജിന്റെ അഫിലിയേഷന്‍ പുതുക്കി നല്‍കുന്നതില്‍ ജാഗ്രത പുലര്‍ത്തുമെന്ന് സര്‍വ്വകശാല രജിസ്ട്രാര്‍ ജി.പി പദ്മകുമാര്‍ പറഞ്ഞു. സര്‍വ്വകലാശാല റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിന് സമര്‍പ്പിക്കും.

രജിസ്ട്രാറുടെയും പരീക്ഷാ കണ്‍ട്രോളറുടെയും നേതൃത്വത്തില്‍ ഇന്നലെ നെഹറു കോളേജില്‍ നടന്ന തെളിവെടുപ്പില്‍ ജിഷ്ണു കോപ്പിയടിച്ചതിന് യാതൊരു തെളിവും അധികൃതര്‍ക്ക് ഹാജരാക്കാനായില്ല. ജിഷ്ണു പരീക്ഷാ ഹാളില്‍ കോപ്പിയടിച്ചിട്ടില്ലെന്ന് സഹപാഠികളും മൊഴിനല്‍കി. ജിഷ്ണുവിന്റെ ബഞ്ചിലെ സഹപാഠിയുടെ ഉത്തരക്കടലാസ് നോക്കി എ‍ഴുതിയെന്നുമാണു കോളേജ് വാദിച്ചത്. എന്നാല്‍ തന്റെ ഉത്തരക്കടലാസില്‍ ജിഷ്ണു നോക്കിയിട്ടില്ലെന്ന് ആ വിദ്യാര്‍ത്ഥിയും മൊഴി നല്‍കി.

കോപ്പിയടി നടന്നാല്‍ അതേ ദിവസം ഓഫീസ് സമയം കഴിയുന്നതിന് മുമ്പ് സര്‍വ്വകലാശാലയ്ക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ചട്ടം. എന്നാല്‍ യൂണിവേഴ്‌സിറ്റിക്കു മുമ്പില്‍ ഇത്തരമൊരു റിപ്പോര്‍ട്ട് എത്തിയിട്ടില്ല. കോളേജ് അധികൃതര്‍ അകാരണമായി ശകാരിച്ചത് ഗുരുതര വീഴ്ച്ചയാണെന്ന് സംഘം വിലയിരുത്തി.

പരീക്ഷാ ഹാളിലെ ഇന്‍വിജിലേറ്റര്‍ പ്രവീണില്‍ നിന്നും മൊഴിയെടുക്കാനുണ്ട്. ഇതുകൂടി ലഭ്യമായ ശേഷം വിദ്യാഭ്യാസ വകുപ്പിന് റിപ്പോര്‍ട്ട് നല്‍കും. കോളേജിലെ ഇടിമുറി സംബന്ധിച്ച പരാതികള്‍ സര്‍വ്വകലാശാല സംഘത്തിനു മുന്നിലുമെത്തി.

പീഡനങ്ങളെ സംബന്ധിച്ച പരാതികള്‍ കണക്കിലെടുത്ത് കോളേജിന്റെ അഫിലിയേഷന്‍ പുതുക്കി നല്‍കുന്ന കാര്യത്തില്‍ സര്‍വ്വകലാശാല ജാഗ്രത പുലര്‍ത്തുമെന്ന് രജിസ്ട്രാര്‍ ജി.പി പദ്മകുമാര്‍ പറഞ്ഞു. സര്‍വ്വകലാശാല റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ സര്‍ക്കാര്‍ തലത്തിലും കോളേജിനെതിരെ നടപടികള്‍ ഉണ്ടാകുമെന്നാണ് സൂചന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News