മോദിയുടെ കോര്‍പ്പറേറ്റ് നയങ്ങള്‍ക്കെതിരെ പ്രക്ഷോഭവുമായി സിപിഐഎം; 25ന് ജില്ലാ കേന്ദ്രങ്ങളില്‍ മോദിയെ പ്രതീകാത്മകമായി വിചാരണ ചെയ്യുമെന്ന് കോടിയേരി

തിരുവനന്തപുരം: നോട്ട് അസാധുവാക്കല്‍ തീരുമാനത്തിന് പിന്നില്‍ മോദി സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് നയമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഈ നടപടി സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയില്‍ ഗുരുതര പ്രത്യാഘാതമാണ് സൃഷ്ടിച്ചിട്ടുള്ളത്. ഇതിനെതിരെ ജനുവരി 25ന് 14 ജില്ലാകേന്ദ്രങ്ങളിലും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരസ്യ വിചാരണ ചെയ്യുമെന്നും കോടിയേരി പറഞ്ഞു.

കേരളത്തിന്റെ റേഷന്‍ സമ്പ്രദായം തകര്‍ക്കുന്ന കേന്ദ്രനയം തിരുത്തണം. സംസ്ഥാനത്തിനുള്ള അരിവിഹിതം കൂട്ടണം. ഇതിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ഫെബ്രുവരിയില്‍ പൊതുജന കൂട്ടായ്മ നടത്തും. 2000 കേന്ദ്രങ്ങളില്‍ ജനസദസുകള്‍ സംഘടിപ്പിക്കുമെന്നും കോടിയേരി അറിയിച്ചു.

എംടി വാസുദേവര്‍ നായര്‍ക്കും കമലിനുമെതിരെ ബിജെപി ആര്‍എസ്എസ് നേതൃത്വം നടത്തുന്ന ആക്രോശം സാംസ്‌കാരിക കേരളത്തെ മലിനമാക്കുകയാണ്. ചെഗുവേരയുടെ ചിത്രങ്ങള്‍ എടുത്തമാറ്റണമെന്നതാണ് അവരുടെ വേറൊരു ആവശ്യം. ആ ചിത്രങ്ങള്‍ അവിടതന്നെ ഇരിക്കും. ആര്‍എസ്എസിന്റെ സാംസ്‌കാരിക ഫാസിസം ഇവിടെ നടപ്പാകില്ല. കേരളത്തില്‍ ചില സ്വശ്രയ കോളേജുകളില്‍ നടക്കുന്ന കാടന്‍ സമ്പ്രാദയങ്ങള്‍ തടയേണ്ടതാണെന്നും അതിനാവശ്യമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും കോടിയേരി പറഞ്ഞു.

ദേശീയ ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കാന്‍ നിര്‍ബന്ധിതമായതോടെ സംസ്ഥാനത്ത് സ്റ്റാറ്റിയൂട്ടറി റേഷനിംഗ് സമ്പ്രദായം തകരുകയാണ്. നിരവധി പ്രക്ഷോഭങ്ങളിലൂടെ നേടിയെടുത്ത സാര്‍വത്രിക റേഷന്‍ സംവിധാനമാണ് ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന്റെ ഭക്ഷ്യക്ഷാമത്തിന് പരിഹാരമാകുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ മുന്‍ഗണനാ മുന്‍ഗണനേതര ലിസ്റ്റ് പ്രകാരം പകുതിയോളം പേര്‍ക്ക് റേഷനരി കിട്ടാതാവുകയാണ്. കോണ്‍ഗ്രസും ബിജെപിയുമാണ് ഈ അവസ്ഥക്ക് കാരണം.

സാംസ്‌കാരിക നായകര്‍ക്കെതിരെ ആക്രോശിക്കുന്ന ആര്‍എസ്എസ് നേതൃത്വം ഒന്നു മനസിലാക്കണം. ഇതിനെതിരെ ശക്തമായ പ്രതിരോധം ഉയര്‍ന്നുവരും. സാംസ്‌കാരിക കേരളത്തെ വെല്ലുവിളിക്കുന്നതിനെതിരെ ശക്തമായ പ്രതിരോധമുയര്‍ത്താന്‍ സിപിഐഎം സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്യുകയാണെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News