#JusticeForJishnu കാമ്പയിന്‍ ഫലം കണ്ടു; അനീതിക്കും അധര്‍മത്തിനും എതിരായ പോരാട്ടം കൈരളി തുടരും; ജിഷ്ണുവിന് നീതിക്കായി കൈകോര്‍ത്ത അനേകായിരങ്ങള്‍ക്ക് കൈരളിയുടെ നന്ദി

തിരുവനന്തപുരം: പാമ്പാടി നെഹ്റു എന്‍ജിനീയറിംഗ് കോളജില്‍ അധ്യാപകരുടെ പീഡനത്തെത്തുടര്‍ന്ന് ജീവനൊടുക്കിയ ജിഷ്ണുവിന് നീതി വേണമെന്നാവശ്യപ്പെട്ട് കൈരളി പീപ്പിള്‍ ടിവി തുടങ്ങിയ #JusticeForJishnu കാമ്പയിന് ഫലം കണ്ടു. അനേകായിരങ്ങളുടെ പിന്തുണയോടെ കേരളത്തിലെ സ്വാശ്രയ മാനേജ്മെന്‍റുകള്‍ക്കാകെ മുന്നറിയിപ്പായ കാമ്പയിനില്‍ മുന്‍നിര്‍ത്തിയ ആവശ്യങ്ങളില്‍ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് അനുകൂലമായ നടപടിയുണ്ടായി. ഈ സാഹചര്യത്തില്‍ ജസ്റ്റിസ് ഫോര്‍ ജിഷ്ണു കാമ്പയിന്‍ അവസാനിപ്പിക്കുകയാണ്. അതേസമയം, ജനങ്ങളെ ബാധിക്കുന്ന ഏത് അധര്‍മത്തിനും അന്യായത്തിനുമെതിരേ പോരാടാന്‍ കേരള ജനതയ്ക്ക് അനിഷേധ്യമായ നേതൃത്വം പകരാന്‍ കൈരളി ടിവിയും മലയാളം കമ്യൂണിക്കേഷന്‍സ് ലിമിറ്റഡും എന്നും ഉണ്ടാകും.

ജിഷ്ണുവിന്‍റെ മരണത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുകയാണ്. ജിഷ്ണുവിന്‍റെ കുടുംബത്തിന് പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. സ്വാശ്രയ സ്ഥാപനങ്ങള്‍ക്ക് മൂക്കുകയറിടാന്‍ പ്രത്യേക സമിതിയെ നിയോഗിക്കാനുള്ള സര്‍ക്കാരിന്‍റെ തീരുമാനവും കൈരളിയും മലയാളികളും കൈകോര്‍ത്തു നടത്തിയ ഹാഷ് ടാഗ് കാമ്പയിന്‍റെ ഫലമാണ്. ഇക്കാര്യത്തിലും തികഞ്ഞ അഭിമാനത്തോടെയാണ് ഒരു ജനകീയ മുന്നേറ്റം കൂടി കൈരളി സഫലമാക്കി പൂര്‍ത്തിയാക്കുന്നത്.

പാമ്പാടി നെഹ്റു കോളജില്‍ ജിഷ്ണു മരിച്ചെന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍തന്നെ കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്ന നിലപാടാണ് കൈരളി ടിവി സ്വീകരിച്ചത്. മറ്റു മാധ്യമങ്ങള്‍ ഈ വാര്‍ത്ത നല്‍കാന്‍ മടിച്ച സാഹചര്യത്തിലാണ് കൈരളി പീപ്പിള്‍ ചാനലും ഡിജിറ്റല്‍ എഡിഷനായ കൈരളി ന്യൂസ് ഓണ്‍ലൈനും വിഷയം ഏറ്റെടുത്തത്. കേരളത്തിനകത്തുനിന്നും പുറത്തുനിന്നും പിന്തുണ അറിയിച്ചുള്ള ഫോണ്‍കോളുകളുടെയും സന്ദേശങ്ങളുടെയും പ്രവാഹമായിരുന്നു പിന്നീട് കൈരളി ന്യൂസ് റൂമിലുണ്ടായത്. പ്രശ്നത്തില്‍ ജനങ്ങള്‍ എത്രമാത്രം രോഷാകുലരാണെന്നു തെളിയിക്കുന്നതായിരുന്നു ഓരോന്നും.

ക‍ഴിഞ്ഞ മൂന്നു ദിവസമായി കൈരളി തുടരുന്ന ഹാഷ് ടാഗ് കാമ്പയിന്‍റെയും പോരാട്ടത്തിന്‍റെയും ഫലമായി മറ്റു മാധ്യമങ്ങള്‍ക്കും നെഹ്റു കോളജിന്‍റെ പേരു പറയേണ്ടിവന്നു. അവരും വിഷയം ഏറ്റെടുക്കുകയായിരുന്നു. കൈരളിയുടെ നേതൃത്വത്തില്‍ നടന്ന ഹാഷ് ടാഗ് കാമ്പയിന്‍ ജനപിന്തുണയോടെ വിജയത്തിലെത്തുന്നത് ഇത് ആദ്യമല്ല. നേരത്തേ, കോ‍ഴിക്കോട്ട് മാന്‍ഹോളില്‍ വീണു മരിച്ച നൗഷാദിന് നീതി നല്‍കണമെന്നാവശ്യപ്പെട്ടും പെരുമ്പാവൂരില്‍ അതിദാരുണമായി കൊലചെയ്യപ്പെട്ട ജിഷയുടെ ഘാതകനെ കണ്ടെത്തണമെന്നാവശ്യപ്പെട്ടും കൈരളി ഹാഷ് ടാഗ് കാമ്പയിന്‍ സംഘടിപ്പിച്ചിരുന്നു.

നൗഷാദിന്‍റെ പ്രശ്നം കേരളത്തിലെ ഒരു മാധ്യമവും ചര്‍ച്ചയാക്കാതിരുന്നപ്പോള്‍ കൈരളി മുന്‍കൈയെടുത്തു നടത്തിയ ശ്രമങ്ങളാണ് ഫലം കണ്ടത്. ജിഷ കൊലചെയ്യപ്പെട്ടത് കേരളത്തിലെ എല്ലാ മാധ്യമങ്ങളും തമസ്കരിച്ചപ്പോള്‍ അതു പുറത്തുകൊണ്ടുവരാന്‍ കൈരളിയുടെ വാര്‍ത്താസംഘം മാത്രമാണുണ്ടായിരുന്നത്. ഇങ്ങനെ ജനങ്ങളുടെ പ്രശ്നങ്ങളില്‍ എന്നും ഇടപെടുന്ന വേറിട്ട മാധ്യമമായി കൈരളി വീണ്ടും ജനഹൃദയങ്ങളില്‍ ആ‍ഴത്തിലുള്ള ഇടം നേടുകയാണ്.

ജിഷ്ണുവിന്‍റെ മരണം പ്രബുദ്ധ കേരളത്തിന് നാണക്കേടാണ്. ഉന്നതബിരുദധാരികളെ സൃഷ്ടിക്കേണ്ട കലാലയങ്ങള്‍ രക്തം മണക്കുന്ന ഇടിമുറികളാകുന്ന ദുരന്തമുഖമാകരുതെന്ന ചിന്തയാണ് കൈരളി കേരളത്തിനു മുന്നില്‍ വയ്ക്കുന്ന ചിന്ത. ഈ കാമ്പയിന് അകമ‍ഴിഞ്ഞ പിന്തുണ നല്‍കിയ, ജിഷ്ണുവിനു നീതി തേടിയ ശ്രമങ്ങള്‍ക്ക് ശുഭാന്ത്യം സമ്മാനിക്കാന്‍ കൈകോര്‍ത്ത എല്ലാ മലയാളികള്‍ക്കും കൈരളിയുടെ നന്ദി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News