‘കല്യാണം കഴിഞ്ഞാല്‍ നിങ്ങളും കാണേണ്ടതല്ലേ?’ ഷോമാനെക്കുറിച്ച് പരാതിപ്പെട്ടപ്പോള്‍ നെഹ്‌റു കോളേജ് വനിതാ ഹോസ്റ്റല്‍ വാര്‍ഡന്‍ പെണ്‍കുട്ടിയോട് പറഞ്ഞത്

തിരുവനന്തപുരം: ഹോസ്റ്റല്‍ പരിസരത്ത് എത്തുന്ന ഷോമാനെക്കുറിച്ച് പരാതിപ്പെട്ട പെണ്‍കുട്ടിയെ അധിക്ഷേപിച്ച് പാമ്പാടി നെഹ്‌റു കോളേജ് വനിതാ ഹോസ്റ്റല്‍ വാര്‍ഡന്‍. നഗ്നനായ പുരുഷന്‍ സ്ഥിരമായി എത്തുന്നതിനെക്കുറിച്ച് പരാതിയുമായി ചെന്നപ്പോഴാണ് പെണ്‍കുട്ടിയെ വനിതാ വാര്‍ഡന്‍ അധിക്ഷേപിച്ചത്. ‘കല്യാണം കഴിഞ്ഞാല്‍ നിങ്ങളും കാണേണ്ടതല്ലേ?’ എന്നായിരുന്ന ആ സ്ത്രീയുടെ പ്രതികരണമെന്ന് പെണ്‍കുട്ടി പീപ്പിള്‍ ടിവിയോട് പറഞ്ഞു.

‘എന്തോ ശബ്ദം കേട്ടാണ് ജനലിലൂടെ പുറത്തേക്ക് നോക്കിയത്. അപ്പോഴാണ് ടോര്‍ച്ച് അടിച്ച് ഒരു നഗ്നനായ പുരുഷന്‍ നില്‍ക്കുന്നത് കണ്ടത്. ഇതുകണ്ടതോടെ പേടിച്ച് നിലവിളിച്ചു ഓടുകയായിരുന്നു എല്ലാ പെണ്‍കുട്ടികളും.’ ഇക്കാര്യം വാര്‍ഡനോട് പറഞ്ഞപ്പോഴാണ് അവര്‍ അത്തരത്തില്‍ പ്രതികരിച്ചതെന്ന് പെണ്‍കുട്ടി പറയുന്നു. അടുത്തദിവസം ക്ലാസിലെ മറ്റുപെണ്‍കുട്ടികളോട് ഇക്കാര്യം പറഞ്ഞപ്പോള്‍ അവരും ഞെട്ടിയെന്നും പെണ്‍കുട്ടി പറയുന്നു.

മാനേജ്‌മെന്റിനോട് പറഞ്ഞപ്പോള്‍ അവരും തങ്ങളെയാണ് കുറ്റപ്പെടുത്തിയത്. എന്തിനാണ് രാത്രി ജനല്‍ തുറന്നിട്ടതെന്ന് പറഞ്ഞ് ഞങ്ങളെ കുറ്റപ്പെടുത്തുകയായിരുന്നു. അടുത്തദിവസം രക്ഷിതാക്കള്‍ ഇക്കാര്യം ചോദിച്ച് കോളേജ് അധികൃതരെ വിളിച്ചപ്പോള്‍, ഞങ്ങള്‍ കള്ളം പറയുന്നതാണെന്നായിരുന്നു അവരുടെ പ്രതികരണമെന്നും പെണ്‍കുട്ടി പറയുന്നു.

പാമ്പാടി നെഹ്‌റു കോളേജിന്റെ വനിതാ ഹോസ്റ്റല്‍ പരിസരത്ത് എത്തുന്ന ഷോമാന്റെ ചിത്രങ്ങള്‍ കൈരളി ന്യൂസ് ഓണ്‍ലൈന്‍ പുറത്തുവിട്ടിരുന്നു. ഹോസ്റ്റലിന്റെ പുറത്ത് കാടിനോട് ചേര്‍ന്ന ഭാഗത്ത് നഗ്നനായി നില്‍ക്കുന്ന പുരുഷന്റെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. രണ്ടു മൂന്നു തവണ ഈ സംഘം ഹോസ്റ്റലിനുള്ളില്‍ കയറിയെന്നും സുരക്ഷയില്ലാത്തയിടത്താണ് തങ്ങള്‍ താമസിക്കുന്നതെന്നും മറ്റു വിദ്യാര്‍ഥിനികള്‍ നേരത്തെ ആരോപിച്ചിരുന്നു. പെണ്‍കുട്ടികള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഒരു പ്രത്യേക ശബ്ദം ഇയാള്‍ പുറപ്പെടുവിക്കുമെന്നും വിദ്യാര്‍ഥിനികള്‍ പറയുന്നു. നഗ്‌നസംഘത്തെക്കുറിച്ച് പരാതിയുമായി മാനേജ്‌മെന്റിനെ സമീപിച്ചപ്പോള്‍, പെണ്‍കുട്ടികള്‍ വിളിച്ചുവരുത്തിയ പുരുഷന്മാരാകും അവിടെ എത്തിയതെന്നായിരുന്നു നെഹ്‌റു ഗ്രൂപ്പിന്റെ അധിക്ഷേപം. ഇത്തരം തെണ്ടിത്തരങ്ങള്‍ കാണിക്കുന്നവരെ പിടിക്കാത്ത മാനേജ്‌മെന്റാണ് കോപ്പിയടിച്ചെന്ന പേരില്‍ വിദ്യാര്‍ഥിക്കെതിരെ നടപടി എടുക്കുന്നതെന്നും വിദ്യാര്‍ഥിനികള്‍ ആരോപിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News