വിദ്യാര്‍ഥിനിയും അച്ഛനും തമ്മില്‍ മോശം ബന്ധമെന്ന് ടോംസ് കോളേജ് ചെയര്‍മാന്‍; അതിരുവിട്ട പരാമര്‍ശത്തില്‍ അപമാനിതയായി ആത്മഹത്യക്ക് ശ്രമിച്ച പ്രതിഭ പറയുന്നു

തിരുവനന്തപുരം: താന്‍ ആത്മഹത്യക്ക് ശ്രമിച്ചതിന്റെ കാരണങ്ങള്‍ വെളിപ്പെടുത്തി കോട്ടയം മറ്റക്കര ടോംസ് കോളേജിലെ വിദ്യാര്‍ഥിനിയായിരുന്ന കോട്ടയം സ്വദേശി പ്രതിഭ. കോളേജിന്റെ ചെയര്‍മാനായ ടോം ടി ജോസഫ് കാരണമാണ് താന്‍ ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പ്രതിഭ നാരദ ന്യൂസിനോട് പറഞ്ഞു. ടോംസ് കോളേജിലെ വിദ്യാര്‍ഥിനിയായിരുന്ന പ്രതിഭ മൂന്നുമാസങ്ങള്‍ക്ക് മുന്‍പാണ് ടോയ്‌ലെറ്റ് കഴുകുന്ന ലോഷനെടുത്തു കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ആത്മഹത്യയിലേക്ക് നയിച്ചതിന്റെ കാരണങ്ങളാണ് പ്രതിഭ ഇപ്പോള്‍ വെളിപ്പെടുത്തുന്നത്.

തന്നെയും അച്ഛനെയും കുറിച്ച് ടോം ടി ജോസഫ് നടത്തിയ മോശം പരാമര്‍ശത്തില്‍ മനംനൊന്താണ് താന്‍ ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പ്രതിഭ പറയുന്നു. ‘ടോംസ് കോളേജ് ഒരു റെസിഡന്‍ഷ്യല്‍ കോളേജാണ്. അതിനാല്‍ എനിക്കതില്‍ താല്‍പര്യമില്ലായിരുന്നു. എന്നാല്‍ എല്ലാ ഞായറാഴ്ചയും വീട്ടില്‍ പോകാമെന്ന് അധ്യാപകര്‍ പറഞ്ഞതുകൊണ്ടാണ് ഞാന്‍ അഡ്മിഷന്‍ എടുത്തത്. എന്നാല്‍ ക്ലാസില്‍ തുടങ്ങി കഴിഞ്ഞപ്പോഴാണ് ഞായറാഴ്ചകളില്‍ വീട്ടില്‍ പോകാന്‍ പറ്റില്ലെന്ന് അറിയുന്നത്. മാത്രമല്ല, കോളേജിലെ ചില അലിഖിത നിയമങ്ങള്‍ കാരണം അവിടെ തുടര്‍ന്ന് പഠിക്കാനും ആഗ്രഹമില്ലാതായി.’-പ്രതിഭ പറയുന്നു.

പിന്നീട് ഓണം അവധി കഴിഞ്ഞു ക്ലാസില്‍ പോയ ദിവസം ഞാന്‍ അല്‍പം താമസിച്ചിരുന്നു. അന്ന് എന്നെ മൂന്നുമണി വരെ ക്ലാസില്‍ കയറ്റാതെ ഭക്ഷണം നല്‍കാതെ ലൈബ്രറിയില്‍ ഇരുത്തിച്ചു. തുടര്‍ന്ന് വിവരമറിയിച്ചതിനെത്തുടര്‍ന്ന് അച്ഛന്‍ വന്ന് ടോം ജോസഫിനെ കണ്ടു. അച്ഛന്റെ മുന്നില്‍ വച്ചും വളരെ മോശമായാണ് അയാള്‍ പെരുമാറിയത്. ഞാന്‍ ഹോസ്റ്റലില്‍ നില്‍ക്കാത്തതിനു കാരണം, വേറെ ഇടപാടുകള്‍ ഉള്ളത് കൊണ്ടാണ്. അത് ഇവിടെ പറ്റുന്നില്ല, അതുകൊണ്ടാണു വീട്ടില്‍ പോകാന്‍ വാശിപിടിക്കുന്നതെന്ന് ടോം അച്ഛനോട് പറഞ്ഞു. തുടര്‍ന്ന് അച്ഛന്‍ എന്നെ വിളിച്ചു വീട്ടില്‍ കൊണ്ടുപോയി. ഒരാഴ്ച കഴിഞ്ഞു കോളേജില്‍ പോയാല്‍ മതിയെന്നും പറഞ്ഞു.

ഒരാഴ്ച കഴിഞ്ഞു വീണ്ടും കോളേജില്‍ ചെന്നപ്പോഴാണ് ടോം ജോസഫ് മോശം പരാമര്‍ശങ്ങള്‍ നടത്തിയതെന്ന് പ്രതിഭ പറയുന്നു. ‘ഞാനും അച്ഛനും തമ്മില്‍ മോശം ബന്ധമുണ്ടെന്നും അതു തുടരാന്‍ വേണ്ടിയാണു ഞാന്‍ ഹോസ്റ്റലില്‍ നില്‍ക്കാത്തതെന്നും അയാള്‍ പറഞ്ഞു. അച്ഛന്‍ അവിടെവച്ചുപൊട്ടിക്കരഞ്ഞുപോയി. അയാള്‍ പറഞ്ഞതൊക്കെ ഇവിടെ പറയാന്‍ പറ്റുന്നതല്ല.’-പ്രതിഭ പറയുന്നു. അന്ന് ഹോസ്റ്റലില്‍ ചെന്നപ്പോള്‍ മറ്റു വിദ്യാര്‍ഥികളും എന്നെ മോശം രീതിയിലാണ് നോക്കിയത്. ഇതോടെ മനസ് മടുത്താണ് താന്‍ ആത്മഹത്യക്കു ശ്രമിച്ചതെന്ന് പ്രതിഭ പറയുന്നു.

സംഭവത്തില്‍ താന്‍ വിദ്യാഭ്യാസ മന്ത്രിക്കടക്കം പരാതി നല്‍കിയെന്നും ടോം ജോസഫിന്റെ നിലപാടുകള്‍ക്കെതിരെ പോരാടുക തന്നെ ചെയ്യുമെന്നും പ്രതിഭ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here