ജിഷ്ണുവിന്റെ മരണം; അന്വേഷണം അട്ടിമറിക്കാന്‍ മാനേജ്‌മെന്റ് നീക്കമെന്ന് ബന്ധുക്കള്‍; ആത്മഹത്യാ കുറിപ്പ് കെട്ടുകഥ; ജിഷ്ണു ഒരിക്കലും കത്ത് എഴുതില്ലെന്നും ബന്ധുക്കള്‍

തിരുവനന്തപുരം: ജിഷ്ണുവിന്റെ പേരില്‍ കണ്ടെത്തിയെന്ന് പറയുന്ന ആത്മഹത്യാ കുറിപ്പ് മാനേജ്‌മെന്റിന്റെ കെട്ടുകഥയാണെന്ന് ബന്ധുക്കള്‍. കേസ് അട്ടിമറിക്കാനുള്ള മാനേജ്‌മെന്റിന്റെ നീക്കമാണിതെന്നും സോഷ്യല്‍മീഡിയയില്‍ സജീവമായ ജിഷ്ണു ഒരിക്കലും കത്ത് എഴുതില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.

‘എന്റെ ജീവിതവും സ്വപ്നങ്ങളും നഷ്ടമായി, ഐ ക്വിറ്റ്’ എന്ന് എഴുതിയ കുറിപ്പാണ് അന്വേഷണസംഘത്തിന് ലഭിച്ചത്. നെഹ്‌റു കോളേജ് ഹോസ്റ്റലിന്റെ കുളിമുറിയുടെ പിറകിലെ ഓവുചാലില്‍നിന്നാണ് കുറിപ്പ് കിട്ടിയത്. അതേസമയം, ഇത് ജിഷ്ണുവിന്റേതാണെന്ന് സ്ഥിരീകരിക്കാന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല.

ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പി ബിജു കെ. സ്റ്റീഫന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ തെളിവെടുപ്പിലാണ് കുറിപ്പ് കണ്ടെത്തിയത്. അന്വേഷണം പുരോഗമിക്കുന്നതിനിടയാണ്, വിജിലന്‍സ് കേസില്‍ ഉള്‍പ്പെട്ട ബിജുവിനെ ചുമതലയില്‍നിന്ന് നീക്കിയത്.

വെള്ളിയാഴ്ച വൈകിട്ട് ആറോടെയാണ് കോളേജ് ഹോസ്റ്റല്‍ മുറിയില്‍, കോഴിക്കോട് വളയം അശോകന്റെ മകന്‍ ജിഷ്ണു പ്രണോയി (18)യെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയത്. പരീക്ഷയില്‍ കോപ്പിയടിച്ചെന്ന് ആരോപിച്ച് സ്‌കൂള്‍ അധികൃതര്‍ ജിഷ്ണുവിനെ മാനസികമായി പീഡിപ്പിച്ചിരുന്നെന്നും ഇതില്‍ മനംനൊന്താണ് ജിഷ്ണു ആത്മഹത്യ ചെയ്തതെന്നുമാണ് സഹപാഠികള്‍ പറയുന്നത്. എന്നാല്‍ പഠനത്തില്‍ മികവ് പുലര്‍ത്തുന്ന ജിഷ്ണു കോപ്പിയടിക്കില്ലെന്ന് സുഹൃത്തുക്കളും ബന്ധുക്കളും പറഞ്ഞിരുന്നു. ജിഷ്ണു കോപ്പിയടിച്ചതായി റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്ന് പരീക്ഷാ കണ്‍ട്രോളറും അറിയിച്ചിരുന്നു.

ഇതിനിടെ ജിഷ്ണു ആത്മഹത്യ ചെയ്യില്ലെന്നും, മരണം കൊലപാതകമാണെന്നും ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ജിഷ്ണുവിന്റെ മാതാവ് മഹിജ പരാതി നല്‍കി. ജിഷ്ണുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയത് പിജി വിദ്യാര്‍ഥിയാണെന്നും ഇത് കേസ് അട്ടിമറിക്കുന്നതിന് വേണ്ടിയാണെന്നും മഹിജ ആരോപിക്കുന്നു. പാമ്പാടി നെഹ്‌റു കോളേജ് മാനേജ്‌മെന്റിന്റെ വിദ്യാര്‍ഥി വിരുദ്ധനടപടികള്‍ക്കെതിരെ ജിഷ്ണു പ്രതികരിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് കോളേജ് ഉടമ കൃഷ്ണദാസ്, പിആര്‍എ സാംജിത്ത്, വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലു, അധ്യാപകന്‍ സിപി പ്രവീണ്‍ എന്നിവര്‍ ഗൂഢാലോചന നടത്തിയാണ് ജിഷ്ണുവിനെ കൊലപ്പെടുത്തിയതെന്നും മാതാവ് ആരോപിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News