കൊച്ചി: സോളാറില്‍ കുടുങ്ങിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്നു വീണ്ടും കേസ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷനില്‍ ഹാജരാകും. സരിത എസ് നായര്‍ അടക്കമുള്ളവരുടെ മൊഴി എതിരായ സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടി ഇന്നു കമ്മീഷനില്‍ വിയര്‍ക്കുമെന്നാണ് സൂചന. കമ്മീഷന്‍റെ വിസ്താരം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ ഉള്‍പ്പെടെയുള്ള കക്ഷികളാണ് ഉമ്മന്‍ചാണ്ടിയെ വിസ്തരിക്കുക.
നേരത്തേ രണ്ടു തവണ ഉമ്മന്‍ചാണ്ടിയെ കമ്മീഷന്‍ വിസ്തരിച്ചിരുന്നു. ഇക്കഴിഞ്ഞ ഡിസംബർ 23നാണ് രണ്ടാമത് കമ്മീഷന്‍ ഉമ്മന്‍ചാണ്ടിയെ വിസ്തരിച്ചത്. ആരോപണങ്ങളെല്ലാം ഉമ്മൻ ചാണ്ടി നിഷേധിക്കുകയും ചെയ്തിരുന്നു. ഇന്ന് വ്യവസായി എം.കെ കുരുവിളയ്ക്കും ഉമ്മൻ ചാണ്ടിയെ വിസ്തരിക്കാൻ കമ്മീഷൻ അനുമതി നൽകിയിട്ടുണ്ട്.
തനിക്കെതിരായ ആരോപണങ്ങള്‍ തെറ്റാണെന്നായിരുന്നു ഡിസംബര്‍ ഇരുപത്തിമൂന്നിലെ വിസ്താരത്തില്‍ ഉമ്മന്‍ചാണ്ടിയുടെ മൊഴി. എമെര്‍ജിംഗ് കേരളയില്‍ ടീം സോളാറിന്‍റെ പ്രൊജക്ട് ഉണ്ടായിരുന്നില്ലെന്നും തന്‍റെ കത്ത് ഉപയോഗിച്ചു നടത്തിയ ക്രമക്കേടില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടിയെടുത്തിരുന്നെന്നും ഉമ്മന്‍ചാണ്ടി കമ്മീഷനില്‍ വ്യക്തമാക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here