ഉമ്മന്‍ചാണ്ടിയെ നേരിട്ടു വിസ്തരിക്കാന്‍ സരിത എസ് നായര്‍ക്ക് കമ്മീഷന്‍റെ അനുമതി; ഉമ്മന്‍ചാണ്ടി എന്തൊക്കെ നിഷേധിച്ചാലും അതെല്ലാം നേരിട്ടു ചോദിക്കുമെന്ന് സരിത

കൊച്ചി: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നേരിട്ടു വിസ്തരിക്കാന്‍ സരിത എസ് നായര്‍ക്കു ജുഡീഷ്യല്‍ കമ്മീഷന്‍ അനുമതി നല്‍കി. സോളാര്‍ കേസില്‍ തനിക്കു പങ്കില്ലെന്നു പറഞ്ഞ കാര്യങ്ങള്‍ ഉമ്മന്‍ചാണ്ടിയോടു ചോദിക്കുമെന്നു സരിത നേരത്തേ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ഇതു മൂന്നാം വട്ടമാണ് ഉമ്മന്‍ചാണ്ടിയെ സോളാര്‍ കമ്മീഷനില്‍ വിസ്തരിക്കുന്നത്.

താനുമായുള്ള എന്തൊക്കെ ഇടപാടുകള്‍ ഉമ്മന്‍ചാണ്ടി നിഷേധിച്ചാലും അതെല്ലാം നേരിട്ടു ചോദിക്കാനാണ് താന്‍ എത്തിയിരിക്കുന്നതെന്നാണ് സരിത മാധ്യമങ്ങളോടു പറഞ്ഞത്. ഉമ്മന്‍ചാണ്ടിക്ക് എന്തുവേണമെങ്കിലും നിഷേധിക്കട്ടെ. താന്‍ പണം നല്‍കിയിട്ടുണ്ട്. പലവട്ടം കണ്ടിട്ടുണ്ട്. അതെല്ലാം തെളിയേണ്ടതു കമ്മീഷന്‍റെ മുന്നിലാണെന്നും സരിത പറഞ്ഞു.

കമ്മീഷന്‍റെ വിസ്താരം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഓള്‍ ഇന്ത്യ ലോയേ‍ഴ്സ് യൂണിയന്‍ ഉള്‍പ്പെടെയുള്ള കക്ഷികളാണ് ഉമ്മന്‍ചാണ്ടിയെ വിസ്തരിക്കുക. നേരത്തേ രണ്ടു തവണ ഉമ്മന്‍ചാണ്ടിയെ കമ്മീഷന്‍ വിസ്തരിച്ചിരുന്നു. ഇക്കഴിഞ്ഞ ഡിസംബർ 23നാണ് രണ്ടാമത് കമ്മീഷന്‍ ഉമ്മന്‍ചാണ്ടിയെ വിസ്തരിച്ചത്. ആരോപണങ്ങളെല്ലാം ഉമ്മൻ ചാണ്ടി നിഷേധിക്കുകയും ചെയ്തിരുന്നു. ഇന്ന് വ്യവസായി എം.കെ കുരുവിളയ്ക്കും ഉമ്മൻ ചാണ്ടിയെ വിസ്തരിക്കാൻ കമ്മീഷൻ അനുമതി നൽകിയിട്ടുണ്ട്.

തനിക്കെതിരായ ആരോപണങ്ങള്‍ തെറ്റാണെന്നായിരുന്നു ഡിസംബര്‍ ഇരുപത്തിമൂന്നിലെ വിസ്താരത്തില്‍ ഉമ്മന്‍ചാണ്ടിയുടെ മൊ‍ഴി. എമെര്‍ജിംഗ് കേരളയില്‍ ടീം സോളാറിന്‍റെ പ്രൊജക്ട് ഉണ്ടായിരുന്നില്ലെന്നും തന്‍റെ കത്ത് ഉപയോഗിച്ചു നടത്തിയ ക്രമക്കേടില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടിയെടുത്തിരുന്നെന്നും ഉമ്മന്‍ചാണ്ടി കമ്മീഷനില്‍ വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News