ദില്ലി: ഇന്ത്യയിലെ മൊബൈല്‍ ഫോണ്‍ വിപണിയിലേക്ക് അഞ്ഞൂറു രൂപയുടെ ഫോണുമായാണ് റിലയന്‍സ് കടന്നു വന്നത്. അതൊരു ചരിത്രമായിരുന്നു. അഞ്ഞൂറു രൂപയ്ക്ക് ആളുകളെ മൊബൈലിന് അടിമകളാക്കി പിന്നെ അവരുടെ പോക്കറ്റടിക്കുന്ന തന്ത്രം. അന്ന് ആ ബുദ്ധി അംബാനിക്കമ്പനിയിലെ അനിലിന്‍റെ തലയിലാണ് ഉദിച്ചത്. ഇപ്പോള്‍, വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അംബാനിക്കമ്പനിയിലെ മുകേഷ് വീണ്ടും വരുന്നു. 1000 രൂപയുടെയും 1500 രൂപയുടെയം സ്മാര്‍ട്ഫോണുകള്‍ പുറത്തിറക്കാനാണ് റിലയന്‍സ് ജിയോയുടെ പുതിയ പദ്ധതി.
ഇന്ത്യയിലെ സ്മാര്‍ട്ഫോണ്‍ വിപണിയെ ഉടച്ചുവാര്‍ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയോടെയാണ് റിലയന്‍സ് ജിയോയുടെ നീക്കം. സൗജന്യ കോളുകളും അതിവേഗ ഡാറ്റയും നല്‍കി ജനങ്ങളെ ആകര്‍ഷിച്ച ജിയോ ഇപ്പോള്‍ ഓഫറുകള്‍ ഓരോന്നായി കുറച്ചു ജനങ്ങളുടെ താല്‍പര്യം മുതലെടുത്തു തുടങ്ങിയിട്ടുണ്ട്. അതിനിടയിലാണ് സ്വന്തം ഫോണുകള്‍ ഇറക്കാനുള്ള ജിയോയുടെ പദ്ധതി. വോള്‍ട്ടി സാങ്കേതിക വിദ്യയിലാണ് റിലയന്‍സ് ജിയോ പ്രവര്‍ത്തിക്കുന്നത്.
ഇതിന് അനുരൂപമായ ഫോണ്‍ കുറഞ്ഞ വിലയില്‍ ഇറക്കിയാല്‍ ആളുകള്‍ അതു വാങ്ങുമെന്നാണു റിലയന്‍സ് ജിയോയുടെ പ്രതീക്ഷ. നിലവില്‍ പതിനായിരങ്ങള്‍ വില വരുന്ന ഫോണിലാണ് ഫോര്‍ ജി വോള്‍ട്ടി സൗകര്യമുള്ളത്. ഇതു മൂലം റിലയന്‍സ് ജിയോ ഉപയോഗിക്കാതെ നില്‍ക്കുന്നവരെക്കൂടെ തങ്ങളുടെ കൂടെ കൊണ്ടുവരാനാണ് ജിയോയുടെ പദ്ധതി.
ഈ വര്‍ഷം ജിയോയുടെ കുറഞ്ഞ വിലയ്ക്കുള്ള ഫോണുകള്‍ വരികയാണെങ്കില്‍ അത് ഇന്ത്യയിലെ സ്മാര്‍ട്ഫോണ്‍ വിപണിയില്‍ ഗെയിം ചേഞ്ചറാകുമെന്നു മാര്‍ക്കറ്റ് അനലിസ്റ്റായ ഫൈസല്‍ കവൂസ പറയുന്നു. സാധാരണ സ്മാര്‍ട്ഫോണുകളേപ്പോലെ മുന്നിലും പിന്നിലും കാമറയുള്ള ഫോണായിരിക്കും ആയിരത്തിനും ആയിരത്തഞ്ഞൂറിനും ഇടയില്‍ രൂപയ്ക്ക് ജിയോ വിപണിയിലിറക്കുകയെന്നാണു സൂചന.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here