സൈന്യത്തില്‍ കടുത്ത വിവേചനം; ആരോപണങ്ങളുമായി സിആര്‍പിഎഫ് ജവാനും; മാനസിക പ്രശ്‌നമുണ്ടെങ്കില്‍ എന്തിനാണ് തേജ് ബഹദുറിനെ അതിര്‍ത്തിയില്‍ വിട്ടതെന്ന് ഭാര്യ

ദില്ലി: സൈന്യത്തില്‍ പട്ടിണിയാണെന്ന ബിഎസ്എഫ് ജവാന്റെ വെളിപ്പെടുത്തലിനു പിന്നാലെ സൈന്യത്തില്‍ കടുത്ത വിവേചനമുണ്ടെന്ന് ആരോപിച്ച് സിആര്‍പിഎഫ് ജവാനും രംഗത്ത്. ഒരേ ജോലി ചെയ്തിട്ടും കരസേനയ്ക്കുള്ള ആനുകൂല്യങ്ങള്‍ അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍ക്ക് ഇല്ലെന്നാണ് സിആര്‍പിഎഫ് ജവാന്‍ ജീത് സിംഗ് ചൂണ്ടിക്കാട്ടുന്നത്.

രാജസ്ഥാനിലെ മൗണ്ട് അബുവില്‍ ജോലി ചെയ്യുന്ന ജീത് സിംഗാണ് സൈന്യത്തിലെ വിവേചനം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തത്. ലോക്‌സഭ തെരഞ്ഞെടുപ്പ് മുതല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനു വരെ രാജ്യത്തിന്റെ മൂക്കിലും മൂലയിലും പോയി ജോലി ചെയ്യുന്നവരാണ് സിആര്‍പിഎഫ് ജവാന്‍മാര്‍. ചത്തിസ്ഗഡിലും ഝാര്‍ഖണ്ഡിലുമുള്ള കൊടുംകാടുകളിലും സിആര്‍പിഎഫ് ജവാന്‍മാര്‍ ജോലി ചെയ്യുന്നു. സുരക്ഷാ ചുമതല വേറെയും. ഇങ്ങനെ കഠിനാധ്വാനം ചെയ്യേണ്ടി വന്നാലും സൈനികര്‍ക്ക് ലഭിക്കുന്ന ശമ്പളം, പെന്‍ഷന്‍, അവധി, ചികിത്സാ സൗകര്യങ്ങള്‍ തുടങ്ങിയ ആനുകൂല്യങ്ങളൊന്നും അര്‍ദ്ധസൈനികര്‍ക്ക് ലഭിക്കുന്നില്ലെന്നാണ് പരാതി.

അതേസമയം, തന്റെ ഭര്‍ത്താവിന് മേലധികാരികളുടെ പീഡനം ഉണ്ടെന്നും ബിഎസ്എഫ് പറയുന്നതുപോലെ മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ എന്തിനാണ് അദേഹത്തെ അതിര്‍ത്തിയില്‍ ജോലിക്ക് വിട്ടതെന്നും തേജ് ബഹദുറിന്റെ ഭാര്യ ചോദിച്ചു. ബിഎസ്എഫില്‍ മോശം ഭക്ഷണമാണെന്ന് ചൂണ്ടിക്കാട്ടിയ തേജ് ബഹദൂറിന് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന ബിഎസ്എഫ് വിശദീകരണത്തിനെതിരെയാണ് പരാമര്‍ശം. മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് മേലുദ്യേഗസ്ഥര്‍ പീഡിപ്പിക്കുന്നതായുള്ള തേജ് ബഹദുറിന്റെ ശബ്ദത്തിലുള്ള ഔഡിയോ ക്ലിപ്പും ഭാര്യ പുറത്തു വിട്ടു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here