കൊച്ചി : പെണ്‍കുട്ടികള്‍ കോളജില്‍ വരുന്നത് ആണ്‍കുട്ടികളുടെ ചൂടുപറ്റാനാണെന്ന് പരിഹസിച്ച് എറണാകുളം മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍. ആണ്‍കുട്ടികള്‍ക്കൊപ്പം സംസാരിച്ചിരുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെയാണ് പ്രിന്‍സിപ്പല്‍ പ്രൊഫ. എന്‍എല്‍ ബീനയുടെ ആക്ഷേപം. പ്രിന്‍സിപ്പലിന്റെ സദാചാര പൊലീസിംഗിനെതിരെ വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാലയ്ക്ക് പരാതി നല്‍കി.
രാവിലെയാണ് സംഭവങ്ങളുടെ തുടക്കം. കോളജ് കാമ്പസില്‍ സംസാരിച്ചിരുന്ന വിദ്യാര്‍ത്ഥികളുടെ അടുത്തേക്ക് പ്രിന്‍സിപ്പല്‍ പ്രൊഫ. എന്‍എല്‍ ബീന എത്തി. തുടര്‍ന്ന് ആണ്‍കുട്ടികളോട് ക്ലാസില്‍ പോകാന്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥിനികളെ പ്രിന്‍സിപ്പല്‍ അവരുടെ ക്ലാസിലേക്ക് കൂട്ടിക്കൊണ്ട് പോയി. തുടര്‍ന്നായിരുന്നു ആക്ഷേപകരമായ പരാമര്‍ശം നടത്തിയത്.
പ്രിന്‍സിപ്പലിന്റെ മോശം പരാമര്‍ശത്തിനെതിരെ വിദ്യാര്‍ത്ഥിനികള്‍ കോളജ് യൂണിയന്‍ ഭാരവാഹികള്‍ക്ക് പരാതി നല്‍കി. ഇതിന് പിന്നാലെ പരാമര്‍ശം പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിനെ ഉപരോധിക്കുകയും ചെയ്തു. പരാമര്‍ശം വേദനയുണ്ടാക്കുന്നുവെങ്കില്‍ ക്ഷമാപണം നടത്തുന്നുവെന്ന് പ്രിന്‍സിപ്പല്‍ എഴുതി നല്‍കി. ഇതോടെ സമരം അവസാനിപ്പിച്ചു.
പരാതിക്കാരായ പെണ്‍കുട്ടികള്‍ മോശം രീതിയിലാണ് ഇരുന്നത്. കോളജിനെ നാറ്റിച്ചേ അടങ്ങൂ എന്നതാണ് ചില കുട്ടികളുടെ മനസിലിരുപ്പ്. ക്ലാസുകളെ അടക്കം ശല്യപ്പെടുത്തുന്ന രീതിയിലാണ് നടപ്പ്. ക്ലാസിന് പുറത്ത് ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും പ്രവര്‍ത്തനത്തെ നിരീക്ഷിക്കുന്നതിന് സിസിടിവി ക്യാമറ സ്ഥാപിക്കുന്ന കാര്യം ആലോചിക്കുന്നുണ്ട്. – പ്രൊഫ. എന്‍എല്‍ ബീന കൈരളി ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.
ആണ്‍കുട്ടികള്‍ക്കൊപ്പമിരിക്കുന്നത് ചൂടുപറ്റാനാണോയെന്ന് ചോദിച്ചെന്ന കാര്യവും പ്രിന്‍സിപ്പല്‍ കൈരളി ന്യൂസ് ഓണ്‍ലൈനിനോട് സ്ഥിരീകരിച്ചു. സംഭവത്തില്‍ തെറ്റുപറ്റിയെന്ന നിലപാടുകൊണ്ടല്ല ക്ഷമ ചോദിച്ചത്. വിദ്യാര്‍ത്ഥിനികള്‍ക്ക് വിഷമമുണ്ടാക്കിയെന്ന പേരിലാണ് ക്ഷമാപണം എഴുതി നല്‍കിയതെന്നും മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. എന്‍എല്‍ ബീന കൈരളി ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം അവസാനിപ്പിച്ച് മടങ്ങിയതിന് പിന്നാലെ പ്രിന്‍സിപ്പല്‍ പ്രതികാര നടപടി തുടങ്ങി. സമരത്തില്‍ പങ്കെടുത്ത രണ്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെ വനിതാ കമ്മീഷന് പരാതി നല്‍കും. മോശമായി പെരുമാറി എന്നാരോപിച്ചാണ് പരാതി നല്‍കുക. പ്രിന്‍സിപ്പല്‍ പ്രൊഫ. എന്‍എല്‍ ബീന കൈരളി ന്യൂസ് ഓണ്‍ലൈനിനോടാണ് ഇക്കാര്യം പറഞ്ഞത്.
മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിന്റെ നടപടികള്‍ മുന്‍പും വിവാദത്തിലായിരുന്നു. പ്രിന്‍സിപ്പലിന്റെ സദാചാര പൊലീസിംഗിനെതിരെ നേരത്തെയും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകളുടെ വരികള്‍ എഴുതി ചുവര്‍ വൃത്തികേടാക്കി എന്ന് ആരോപിച്ചും പ്രൊഫ. എന്‍എല്‍ ബീന നിയമനടപടി സ്വീകരിച്ചു. ഇതെല്ലാം മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. കെഎല്‍ ബീനയെ വിവാദത്തിലാക്കി.
മഹാരാജാസ് കോളജിന് സ്വയംഭരണ പദവി ലഭിച്ചതിന് ശേഷം പ്രിന്‍സിപ്പലാകുന്ന ആദ്യ അധ്യാപികയാണ് പ്രൊഫ. എന്‍എല്‍ ബീന. അധികാര സ്ഥാനത്തിരിക്കുന്നയാള്‍ എന്ന നിലയ്ക്കാണ് പ്രിന്‍സിപ്പലിനെതിരെ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നത്. എന്നാല്‍ ഇത്തരം പ്രതിഷേധങ്ങളെ വ്യക്തിപരമായി ആണ് പ്രിന്‍സിപ്പല്‍ നേരിടുന്നത്. വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന ഓരോ വിഷയങ്ങളിലും ഇനിയും എസ്എഫ്‌ഐ ഇടപെടുമെന്നും കോളജ് യൂണിയന്‍ ചെയര്‍മാന്‍ അശ്വിന്‍ പി ദിനേശ് കൈരളി ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here