സ്വാശ്രയ മാനേജ്‌മെന്റ് അസോസിയേഷന്‍ നേതാവ് കെഎം പരീതിന്റെ കോളേജിലും ഇടിമുറി; സമരത്തിന് തുനിഞ്ഞതിന് പോയി ചാവാന്‍ നിര്‍ദേശം; അധ്യാപകനെയും ചേര്‍ത്ത് പ്രണയകഥ; വിദ്യാര്‍ഥിനിയുടെ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: വിദ്യാര്‍ഥികളുടെ ഭാവിയെക്കുറിച്ച് ചാനല്‍ ചര്‍ച്ചകളില്‍ പ്രസംഗിക്കുന്ന സ്വാശ്രയ മാനേജ്‌മെന്റ് അസോസിയേഷന്‍ നേതാവായ കെഎം പരീതിന്റെ കോളേജിലും ഇടിമുറിയുണ്ടെന്ന് വിദ്യാര്‍ഥിനിയുടെ വെളിപ്പെടുത്തല്‍. രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പെരുമ്പാവൂര്‍ കെഎംപി കോളേജില്‍ നടന്ന ക്രൂരതകളെക്കുറിച്ച് നാരദ ന്യൂസിനോടാണ് വിദ്യാര്‍ഥിനിയായ അനുപമ വെളിപ്പെടുത്തുന്നത്.

കോളേജിലെ ഒരു അധ്യാപകനെ അകാരണമായി പുറത്താക്കാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചതോടെ വിദ്യാര്‍ഥികള്‍ സമരത്തിന് തയ്യാറെടുത്തിരുന്നു. മികച്ച അധ്യാപകനായതിനാല്‍ മാനേജ്‌മെന്റിന്റെ തീരുമാനത്തിനെതിരെ സമരം ചെയ്യാന്‍ വിദ്യാര്‍ഥികള്‍ തീരുമാനിച്ചു. സമരത്തിന്റെ ഭാഗമായി വിദ്യാര്‍ഥിനികള്‍ ഒരു വാട്‌സാപ്പ് ഗ്രൂപ്പ് ആരംഭിക്കുകയും ചെയ്തു. ഇതിന്റെ അഡ്മിനായിരുന്നു അനുപമ. ഇതോടെയാണ് അനുപമ മാനേജ്‌മെന്റിന്റെ കണ്ണിലെ കരടായത്.

പിന്നീടുള്ള ദിവസങ്ങളില്‍ അനുപമയും കൂട്ടുകാരികളും അധ്യാപകരുടെ നിരീക്ഷണത്തിലായി. ഇവരെ ഹോസ്റ്റല്‍ മുറികളില്‍ പ്രവേശിപ്പിക്കരുതെന്നും പ്രിന്‍സിപ്പല്‍ നിര്‍ദേശം നല്‍കി. എന്നാല്‍ ഒരു കൂട്ടുകാരി മുറി തുറന്നപ്പോള്‍ ‘രാത്രി ഏതവന്‍ വന്നാലും നീയൊക്കെ മുറി തുറന്ന് കൊടുക്കുമോയെന്ന് കൂട്ടുകാരിയോട് അധ്യാപികര്‍ ചോദിച്ചതായും അനുപമ പറയുന്നു. പിന്നെ തങ്ങളെ ബാത്ത്‌റൂമിലിട്ട് പൂട്ടി അവര്‍ പോയെന്നും അനുപമ പറയുന്നു. അടുത്ത ദിവസം പ്രിന്‍സിപ്പല്‍ ഹോസ്റ്റലില്‍ എത്തി സമരത്തില്‍ പങ്കെടുക്കുകയായിരുന്ന വിദ്യാര്‍ഥിനികളുടെ ഫോണുകള്‍ പിടിച്ചുവാങ്ങുകയും ചെയ്തു. ഗ്രൂപ്പിലെ സന്ദേശങ്ങളെക്കുറിച്ച് ചോദ്യംചെയ്യലും ആരംഭിച്ചു. പിന്നീട് തന്നോട്, ഹോസ്റ്റല്‍ റൂമിന്റെ ഫാനില്‍ തൂങ്ങിച്ചാവെടീ, അത് ഒതുക്കിത്തീര്‍ക്കാന്‍ അറിയാമെന്ന് പറഞ്ഞ് പ്രിന്‍സിപ്പല്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും അനുപമ പറയുന്നു.

തുടര്‍ന്ന് വിഷയത്തില്‍ സീനിയര്‍ വിദ്യാര്‍ഥികളും വിദ്യാര്‍ഥിനി സംഘടനകളും ഇടപ്പെട്ടതോടെ സമരം ശക്തമായി. തുടര്‍ന്ന് കോളേജ് പൂട്ടിയിടുകയും ചെയ്തു. അടുത്തദിവസം ഓഫീസിലേയ്ക്ക് വിളിച്ച് ഭീഷണിപ്പെടുത്തി പ്രിന്‍സിപ്പല്‍ ദീപ തല്ലിയെന്നും അനുപമ പറയുന്നു.

ഇതെല്ലാം കോളേജ് ഉടമസ്ഥന്‍ കെപി പരീതിന്റെ മുന്നില്‍ വച്ചായിരുന്നു. മര്‍ദനം തുടര്‍ന്നതോടെ പൊലീസ് എത്തി. എന്നാല്‍ കോണ്‍ഗ്രസ് നേതാവ് കൂടിയായ പരീതിനെ കണ്ടപ്പോള്‍ പൊലീസ് ഞങ്ങള്‍ക്ക് എതിരായി. ആത്മഹത്യ ചെയ്താല്‍, അധ്യാപകന്റെ പേരും ചേര്‍ത്ത് കേസില്ലാത്ത വിധത്തില്‍ തങ്ങള്‍ ആക്കിക്കോളാമെന്നും പൊലീസുകാരന്‍ പറയുകയും ചെയ്തതായി അനുപമ വെളിപ്പെടുത്തുന്നു. താനും ആ അധ്യാപകനും തമ്മില്‍ പ്രണയമാണെന്നും അതുകൊണ്ടാണ് സമരം ചെയ്യുന്നതെന്നും പ്രിന്‍സിപ്പല്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് നടന്ന ചര്‍ച്ചകളില്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ തീരുമാനിച്ചു. എന്നാല്‍ പിന്നീട് ക്ലാസ് തുടങ്ങിയതിന് ശേഷവും ഉപദ്രവങ്ങള്‍ തുടരുകയായിരുന്നു. ഒടുവില്‍ പഠനം പാതിവഴിയില്‍ അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്ന് അനുപമ പറയുന്നു.

ഈ കോളേജിലും ഇടിമുറിയുണ്ടെന്ന് അനുപമ പറയുന്നു. സമരദിവസങ്ങളില്‍ ഇവിടേക്ക് കൂട്ടുകാരിക്കൊപ്പം തന്നെയും കൂട്ടിക്കൊണ്ട് പോയിട്ടുണ്ട്. പ്രിന്‍സിപ്പലിന്റെ മുറിക്ക് അടുത്താണ് വെളിച്ചമില്ലാത്ത ഈ മുറി. കൂട്ടുകാരിയെ അവര്‍ ആദ്യം മുറിക്കുള്ളില്‍ കയറ്റി. അര മണിക്കൂര്‍ കഴിഞ്ഞ് ഇറങ്ങിയ ദീപിക പുറത്തു വന്നതും ബോധം കെട്ടു വീണു. ഉടന്‍ തന്നെ അവളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നെന്നും അനുപമ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here