മോദിയുടെ ബിരുദ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട വിവരാവകാശ കമ്മിഷണറെ മാറ്റി; എംഎസ് ആചാര്യലുവിനെതിരായ നടപടി മുഖ്യ വിവരാവകാശ കമ്മിഷണറുടേത്

ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദം സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ച വിവരാവകാശ കമ്മിഷണറെ മാറ്റി. വിവരാവകാശ കമ്മീഷണര്‍ എംഎസ് ആചാര്യലുവിനെയാണ് മാറ്റിയത്. രേഖകള്‍ ഹാജരാക്കണമെന്ന് ഡല്‍ഹി സര്‍വകലാശാലയ്ക്ക് എംഎസ് ആചാര്യലു നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് നടപടി.

മുഖ്യ വിവരാവകാശ കമ്മീഷണര്‍ ആര്‍കെ മാത്തൂര്‍ ആണ് എംഎസ് ആചാര്യലുവിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റി ഉത്തരവിറക്കിയത്. മാനവ വിഭവശേഷി മന്ത്രാലയവുമായി ബന്ധപ്പെട്ട അപേക്ഷകള്‍ കൈകാര്യം ചെയ്യാന്‍ വിവരാവകാശ കമ്മീഷണറായ മഞ്ജുള പരാശര്‍ക്ക് ചുമതലയും നല്‍കി.

നരേന്ദ്രമോഡിയുടെ ബിരുദം നേടിയതായി പറയപ്പെടുന്ന 1978ലെ എല്ലാ ബിഎ വിദ്യാര്‍ത്ഥികളുടെയും വിവരങ്ങളും രേഖകളുടെ പകര്‍പ്പും നല്‍കാനാണ് ആചാര്യലു നിര്‍ദ്ദേശം നല്‍കിയത്. ഡിസംബര്‍ 21നായിരുന്നു നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. വിവരാവകാശ അപേക്ഷയിന്മേലായിരുന്നു ആചാര്യലുവിന്റെ നടപടി.

മോദിയുടെ ബിരുദം സംബന്ധിച്ച അപേക്ഷ കഴിഞ്ഞവര്‍ഷം ഡല്‍ഹി സര്‍വകലാശാല നിരസിച്ചിരുന്നു. ബിരുദം സംബന്ധിച്ച രേഖകള്‍ വിദ്യാര്‍ത്ഥിയുടെ സ്വകാര്യ വിവരമാണ്. ഇക്കാര്യങ്ങള്‍ പൊതുതാല്‍പ്പര്യത്തിന്റെ പരിധിയില്‍ വരുന്നതല്ല. അതിനാല്‍ വെളിപ്പെടുത്താന്‍ ആകില്ലെന്നുമായിരുന്നു സര്‍വകലാശാലയുടെ മറുപടി.

എന്നാല്‍ ഈ വാദം ആചാര്യലു തള്ളി. നിലവിലുള്ളതും പഠനം പൂര്‍ത്തിയാക്കിയതുമായ എല്ലാ വിദ്യാര്‍ത്ഥികളും പൊതുതാല്‍പ്പര്യത്തിന്റെ പരിധിയില്‍ വരുമെന്നും വ്യക്തമാക്കി. ഇതിനെത്തുടര്‍ന്നാണ് മോഡി പഠിച്ചു എന്നു പറയപ്പെടുന്ന 1978ലെ എല്ലാ ബിഎ വിദ്യാര്‍ത്ഥികളുടെയും രേഖകള്‍ ഹാജരാക്കാന്‍ ഡല്‍ഹി സര്‍വകലാശാലയ്ക്ക് ആചാര്യലു നിര്‍ദേശം നല്‍കിയത്. അപേക്ഷ നിരസിച്ച ഡല്‍ഹി സര്‍വകലാശാല സെന്‍ട്രല്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് 25,000 രൂപ പിഴ വിധിക്കുകയും ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്ത് വിടണമെന്നാണ് പ്രതിപക്ഷത്തിന്റെ നിരന്തര ആവശ്യം. ഇതിന് മറുപടിയായി 1978ല്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ മോദി ബിരുദം നേടിയതായി ബിജെപി വ്യക്തമാക്കി.

വിദൂരവിദ്യാഭ്യാസ പദ്ധതി പ്രകാരമാണ് മോഡി ബിരുദം നേടിയതെന്നും ബിജെപി നേതൃത്വം അറിയിച്ചു. ഇക്കാര്യം ഡല്‍ഹി സര്‍വകലാശാല രജിസ്ട്രാര്‍ തരുണ്‍ ദാസ് സ്ഥിരീകരിക്കുകയും ചെയ്തു.

ഇതിനെത്തുടര്‍ന്നാണ് നീരജ് എന്നയാള്‍ 1978ലെ എല്ലാ ബിഎ ബിരുദ വിദ്യാര്‍ത്ഥികളുടെയും രേഖകള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ കമ്മീഷനെ സമീപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here