വേണ്ടിവന്നാല്‍ ഇനിയും മിന്നലാക്രമണം നടത്തുമെന്നു കരസേനാ മേധാവി; ഭീകരതയും നി‍ഴല്‍യുദ്ധവും രാജ്യത്തിന് ‍ഭീഷണി; സൈനികര്‍ക്കു പരാതികളുണ്ടെങ്കില്‍ സേനാമേധാവികളെ അറിയിക്കാം

ദില്ലി: വേണ്ടിവന്നാല്‍ അതിര്‍ത്തികടന്നു വീണ്ടും മിന്നലാക്രമണം നടത്തുമെന്നു കരസേനാ മേധാവി ലഫ്റ്റനന്‍റ് ജനറല്‍ ബിപിന്‍ റാവത്ത്. നി‍ഴല്‍ യുദ്ധവും ഭീകരതയും രാജ്യം നേരിടുന്ന കടുത്ത ഭീഷണികളാണ്. പുതിയ ആയോധനസംവിധാനം രാജ്യം വാര്‍ത്തെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. കരസേനാ മേധാവിയായി ചുമതലയേറ്റെടുത്ത ശേഷം നടത്തിയ ആദ്യത്തെ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ലഫ്. ജനറല്‍ ബിപിന്‍ റാവത്ത്.

എല്ലാ സൈനികരും സൈന്യത്തിന് പ്രധാനപ്പെട്ടവരാണ്. ആരുടെ പ്രശ്നങ്ങളും ഉടനടി പരിഹരിക്കാന്‍ സേന മാര്‍ഗങ്ങള്‍ കാണും. പക്ഷേ, അതു ശരിയായ രീതിയിലായിരിക്കണം അറിയിക്കേണ്ടത്. തങ്ങളുടെ പ്രശ്നങ്ങള്‍ അറിയിക്കാനുള്ള മാര്‍ഗമായി സോഷ്യല്‍മീഡിയയെ കാണുന്നത് അഭികാമ്യമല്ല. കരസേനാ ആസ്ഥാനത്തും അതതു കമാന്‍ഡ് ആസ്ഥാനങ്ങളിലും പരാതിപ്പെട്ടികള്‍ സ്ഥാപിക്കും. ആര്‍ക്കെങ്കിലും പരാതികളുണ്ടെങ്കില്‍ അതു തന്നെ അറിയിക്കാമെന്നും ബിപിന്‍ റാവത്ത് പറഞ്ഞു.

പരാതികളില്‍ ആവശ്യമായ നടപടിയുണ്ടാകും. എല്ലാ സൈനികരുടെയും ക്ഷേമം ഉറപ്പാക്കുന്നതില്‍ സൈനികത നേതൃത്വത്തിന് ശ്രദ്ധയുണ്ടാകും. പരാതിപരിഹാരത്തില്‍ അതൃപ്തരാണെങ്കില്‍ മാത്രം സൈനികര്‍ക്ക് അക്കാര്യങ്ങള്‍ അറിയിക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ തേടാം. പരാതികള്‍ അറിയിക്കുന്നവരുടെ പേരു വിവരം പുറത്തുവിടില്ല.

ഇന്ത്യ ഒരു മതേതര രാജ്യമാണ്. രാജ്യത്തിന്‍റെ ശക്തമായ നിലനില്‍പാണ് സൈന്യത്തിന്‍റെ മുന്നിലുള്ളത്. അതിനുവേണ്ടി സൈന്യം എല്ലാ നടപടികളുമെടുക്കും. സൈന്യത്തിന്‍റെ നിതാന്ത ജാഗ്രതയിലൂടെ കശ്മീരില്‍ സമാധാനന്തരീക്ഷം നിലനിര്‍ത്താന്‍ സാധിക്കുന്നുണ്ടെന്നും ലഫ്റ്റനന്‍റ് ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞു.

സൈന്യത്തില്‍ സേനാംഗങ്ങളുടെ സാഹചര്യങ്ങള്‍ അത്യന്തം ദുഷ്കരമാണെന്നു കാട്ടി ക‍ഴിഞ്ഞദിവസങ്ങളിലായി രണ്ടു സൈനികര്‍ രംഗത്തെത്തിയിരുന്നു. തങ്ങള്‍ക്കു കിട്ടുന്ന ഭക്ഷണ സാധനങ്ങള്‍ നിലവാരമില്ലാത്തതാണെന്നും തങ്ങള്‍ക്കു കിട്ടേണ്ട സാധനങ്ങള്‍ മേലുദ്യോഗസ്ഥര്‍ മറിച്ചുവില്‍ക്കുകയാണെന്നുമായിരുന്നു സൈനികരുടെ പരാമര്‍ശങ്ങള്‍. ഇരുവരും സോഷ്യല്‍മീഡിയയിലൂടെയാണ് തങ്ങളുടെ പരാതികള്‍ അറിയിച്ചത്. ജവാന്‍റെ ആരോപണം ശരിവയ്ക്കുന്ന തരത്തില്‍ സൈനിക ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളിലെ പ്രദേശവാസികളും രംഗത്തെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here