മാഹിയിലും കുടി മുട്ടും; ദേശീയപാതയോരങ്ങളിലെ മദ്യവില്‍പനശാലകളും ബാറുകളും പൂട്ടണമെന്ന സുപ്രീം കോടതി ഇളവില്ല

ദില്ലി: ദേശീയ-സംസ്ഥാനപാതയോരങ്ങളിലെ മദ്യവില്‍പനശാലകളിലും മദ്യശാലകളും അടച്ചുപൂട്ടണമെന്ന വിധിയില്‍ ഇളവു നല്‍കാനാവില്ലെന്നു സുപ്രീം കോടതി. രാജ്യവ്യാപകമായി ദേശീയപാതകളുടെയും സംസ്ഥാനപാതകളുടെയും അഞ്ഞൂറു മീറ്റര്‍ പരിധിയില്‍ മദ്യശാലകളും മദ്യവില്‍പനശാലകളും പാടില്ലെന്ന വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടു പുതുച്ചേരി സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളുകയായിരുന്നു.

രാജ്യവ്യാപകമായി നിരോധനം ഏര്‍പ്പെടുത്തുമ്പോള്‍ എല്ലാ സംസ്ഥാനങ്ങളുടെയും അഭിപ്രായം തേടേണ്ടതാണെന്നും ഇക്കാര്യത്തില്‍ പുതുച്ചേരി സര്‍ക്കാരിന്‍റെ അഭിപ്രായം തേടിയില്ലെന്നും കാട്ടിയാണ് പുനപരിശോധനാ ഹര്‍ജി നല്‍കിയത്. എന്നാല്‍, മാഹിക്കു മാത്രമായി ഇളവു നല്‍കാനാവില്ലെന്നു കോടതി പറയുകയായിരുന്നു. രാജ്യവ്യാപകമായി ഏര്‍പ്പെടുത്തിയ വിലക്കിന് ഇളവ് നല്‍കിയാല്‍ അതു വിധിയുടെ അന്തഃസത്ത ഇല്ലാതാക്കുമെന്നു നിരീക്ഷിച്ചുകൊണ്ടാണു കോടതിയുടെ നടപടി.

ഇക്ക‍ഴിഞ്ഞ ഡിസംബറിലാണ് രാജ്യത്തെ ദേശീയപാതകളുടെയും സംസ്ഥാനപാതകളുടെയും ഓരങ്ങളിലെ മദ്യശാലകളും മദ്യവില്‍പന ശാലകളും പൂട്ടണമെന്നു സുപ്രീം കോടതി ഉത്തരവിട്ടത്. രാജ്യത്തുണ്ടാകുന്ന റോഡപകടങ്ങള്‍ക്കു പ്രധാനകാരണം പാതയോരങ്ങളിലെ മദ്യശാലകളാണെന്നായിരുന്നു വിധിക്ക് ആധാരമായി കോടതിയുടെ നിരീക്ഷണം. മാര്‍ച്ച് മുപ്പത്തൊന്നിനുള്ളില്‍ മദ്യശാലകളും മദ്യവില്‍പനശാലകളും പൂട്ടണമെന്നാണ് ഉത്തരവ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here