എംജി സര്‍വകലാശാലയില്‍ വിദ്യാര്‍ഥിക്കു മര്‍ദനമേറ്റെന്നതു കെട്ടുകഥ; കഞ്ചാവ് വില്‍പന എതിര്‍ത്ത എസ്എഫ്ഐ എതിര്‍ത്തപ്പോള്‍ ‘ദളിത് മര്‍ദനം’ കെട്ടിച്ചമച്ചു; കാമ്പസില്‍ കഞ്ചാവ് വില്‍പനയും ഉപയോഗവും അനുവദിക്കില്ലെന്ന് എസ്എഫ്ഐ

കോട്ടയം: ദളിത് വിദ്യാര്‍ഥിയെ എംജി സര്‍വകലാശാലാ കാമ്പസില്‍  മര്‍ദിച്ചെന്ന വാര്‍ത്ത മലയാള മനോരമ ദിനപത്രവും ഓണ്‍ലൈന്‍ പോര്‍ട്ടലായ സൗത്ത് ലൈവും കെട്ടിച്ചമച്ചത്. കാമ്പസിനുള്ളില്‍ കഞ്ചാവ് വില്‍പനയും ഉപയോഗവും എതിര്‍ത്ത എസ്എഫ്ഐക്കാരെ കുടുക്കാന്‍ ചില വിദ്യാര്‍ഥികള്‍ സൃഷ്ടിച്ചതാണ് മര്‍ദന ആരോപണമെന്നാണ് വ്യക്തമാകുന്നത്. ക‍ഴിഞ്ഞ രണ്ടുമാസമായി കാമ്പസില്‍ വിദ്യാര്‍ഥികളായ ചില പെണ്‍കുട്ടികള്‍ അടക്കം പങ്കാളികളായ കഞ്ചാവ് സംഘത്തെ എസ്എഫ്ഐ നേതാക്കള്‍ താക്കീത് ചെയ്തതാണ് കെട്ടുകഥയുണ്ടാക്കിയതിനു പിന്നിലെന്നാണ് വ്യക്തമാകുന്നത്.

പന്ത്രണ്ടോളം വിദ്യാര്‍ഥികളാണ് കാമ്പസില്‍ കഞ്ചാവ് കൊണ്ടുവരുന്നതും വിദ്യാര്‍ഥികള്‍ക്കു വിതരണം ചെയ്യുന്നതും. മര്‍ദനമേറ്റ വിവേക് എന്ന വിദ്യാര്‍ഥിയുടെ ഹോസ്റ്റലിലെ മുറിയായിരുന്നു ഇവരുടെ കേന്ദ്രം. പെണ്‍കുട്ടികള്‍ അടക്കം കഞ്ചാവ് ഉപയോഗിക്കുന്ന ചിലര്‍ ഈ മുറിയില്‍ സ്ഥിരമായി വന്നു പോകുമായിരുന്നു. പുറത്തുനിന്നു കഞ്ചാവ് എത്തിക്കാന്‍ കാമ്പസില്‍ പൂര്‍വവിദ്യാര്‍ഥികളായ രണ്ടുപേരുമുണ്ട്. സംഘത്തിലെ നാലു പെണ്‍കുട്ടികളാണ് വനിതാ ഹോസ്റ്റലില്‍ കഞ്ചാവെത്തിക്കുന്നത്. പല പെണ്‍കുട്ടികളെയും ഇവര്‍ നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും കഞ്ചാവ് ഉപയോഗിക്കാന്‍ നിര്‍ബന്ധിച്ചെന്നും ആരോപണമുണ്ട്.

വിവേകിന്‍റെ മുറിക്കു ചുറ്റും ഗവേഷക വിദ്യാര്‍ഥികളുടെ മുറിയാണുള്ളത്. ഇവിടെ മദ്യപാനവും കഞ്ചാവ് വലിയും ബഹളവും പതിവായതോടെ പല ഗവേഷക വിദ്യാര്‍ഥികളും കാമ്പസിലെ എസ്എഫ്ഐ നേതാക്കളോടു പരാതി പറഞ്ഞിരുന്നു. അടുത്തിടെയായി കാമ്പസിനു സമീപമുള്ള ചില സ്കൂള്‍ കുട്ടികള്‍ക്കും സംഘം കഞ്ചാവ് നല്‍കുന്നതായും പരാതിയുയര്‍ന്നിരുന്നു. കഞ്ചാവ് ഉപയോഗം നടക്കുന്നതായി വനിതാ ഹോസ്റ്റലിലെ താമസക്കാരായ വിദ്യാര്‍ഥിനികള്‍ക്കും പരാതിയുണ്ടായിരുന്നെന്ന് എസ്എഫ്ഐ ഏറ്റുമാനൂര്‍ ഏരിയാ സെക്രട്ടറിയും കാമ്പസിലെ വിദ്യാര്‍ഥിയുമായ അരുണ്‍ കൈരളി ന്യൂസ് ഓണ്‍ലൈനിനോടു പറഞ്ഞു.

പൊലീസില്‍ പരാതി നല്‍കി കാമ്പസിലും ഹോസ്റ്റലിലും പൊലീസിനെ എത്തിക്കേണ്ടെന്നു കരുതി പ്രശ്നം താക്കീത് ചെയ്ത് അവസാനിപ്പിക്കാന്‍ എസ്എഫ്ഐയുടെ കാമ്പസിലെ നേതൃത്വം തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നു, നാല് എസ്എഫ്ഐ പ്രവര്‍ത്തകര്‍ വിവേകിന്‍റെ മുറിയിലെത്തി ഇനി കഞ്ചാവ് കാമ്പസില്‍ കൊണ്ടുവരരുതെന്നു പറഞ്ഞു. എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഹോസ്റ്റലിലെത്തുമ്പോ‍ഴും വിവേകിന്‍റെ മുറിയില്‍ കഞ്ചാവ് ഉപയോഗിക്കുകയായിരുന്നു. പെണ്‍കുട്ടികള്‍ അടക്കം ചിലരും മുറിയിലുണ്ടായിരുന്നു.

സംഘര്‍ഷാവസ്ഥയുണ്ടാക്കേണ്ടെന്നു കരുതി എല്ലാവരും പോയശേഷമാണ് വിവേകിനോട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഇക്കാര്യം സംസാരിച്ചത്. പൊലീസില്‍ അറിയിക്കേണ്ടിവരുമെന്നു പറഞ്ഞപ്പോള്‍ ഇനി കഞ്ചാവ് കാമ്പസില്‍ കൊണ്ടുവരില്ലെന്നു വിവേക് ഇവര്‍ക്ക് ഉറപ്പും നല്‍കിയിരുന്നു. എന്നാല്‍, പിറ്റേന്ന് കഞ്ചാവ് സംഘത്തില്‍ അംഗമായ ഒരു വിദ്യാര്‍ഥിനിയാണ് മര്‍ദന കഥ കെട്ടിച്ചമച്ചു ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടത്. വിവേക് കാമ്പസില്‍ ജാഡ കാണിച്ചു നടക്കുകയാണെന്നും പെണ്‍കുട്ടികളുമായി സൗഹൃദം പുലര്‍ത്തുകയാണെന്നും പറഞ്ഞ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്നായിരുന്നു പെണ്‍കുട്ടിയുെട അടിസ്ഥാന രഹിതമായ പോസ്റ്റ്.

അന്നു വൈകിട്ട് ഇതു ദളിത് പീഡനമാണെന്നു വരുത്തിത്തീര്‍ക്കാന്‍ ചില ശ്രമങ്ങള്‍ ഉണ്ടായി. അതിന്‍റെ ഭാഗമായി ചില വിദ്യാര്‍ഥികള്‍ പ്രകടനവും നടത്തി. അംബേദ്കര്‍ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ പ്രവര്‍ത്തകനായതിനാലാണ് വിവേകിന് മര്‍ദനമേറ്റതെന്ന പുതിയ കഥയുമായാണ് പിറ്റേന്നു മലയാള മനോരമ പത്രം പുറത്തിറങ്ങിയത്. ദളിത് പ്രശ്നമാക്കാന്‍ കാമ്പസിനു പുറത്തുള്ള ചില സംഘടനകളും ശ്രമിക്കുകയായിരുന്നു. അതിനിടയില്‍ എല്‍ജിബിടി അനുകൂല പരിപാടി നടത്തിയതിന്‍റെ പേരില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ വിവേകിനെ മര്‍ദിക്കുകയായിരുന്നെന്ന് സൗത്ത് ലൈവ് എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലും വ്യാജവാര്‍ത്ത നല്‍കി. എഎസ്എ അംഗമല്ലെന്ന് ഈ വാര്‍ത്തയില്‍ വിവേക് പറയുന്നുമുണ്ട്. ഇതോടെ മനോരമ വാര്‍ത്ത പൊളിയുകയും ചെയ്തു.

എസ്എഫ്ഐക്കെതിരായി വ്യാജപ്രചരണങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ എന്താണ് സംഭവിച്ചതെന്നു വ്യക്തമാക്കാന്‍ ഇന്നലെ എംജി സര്‍വകലാശാലാ കാമ്പസിലെ എല്ലാ ക്ലാസുകളിലും വിശദീകരണം സംഘടിപ്പിച്ചിരുന്നു. നൈറ്റ് അസംബ്ലി വിളിച്ച് ഹോസ്റ്റലിലെ വിദ്യാര്‍ഥികളെയും കാര്യങ്ങള്‍ ബോധിപ്പിച്ചു. എസ്എഫ്ഐ കോട്ടയം ജില്ലാ പ്രസിഡന്‍റ് റിജേഷ് കെ ബാബു നൈറ്റ് അസംബ്ലിയില്‍ പങ്കെടുത്തിരുന്നു. കാമ്പസില്‍ കഞ്ചാവ് ഉപയോഗം നടക്കുന്ന കാര്യം സര്‍വകലാശാലാധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News