ഇരുപത്തൊന്നു വയസുകാരിയുടെ മരണത്തില്‍ ബിജെപി നേതാക്കള്‍ ഊരിപ്പോരില്ല; വായില്‍ തിരുകിയ ഷാളും സൂചന നല്‍കുന്നതു കൊലപാതകത്തിലേക്ക്; പ്രതികള്‍ ബിജെപി മണ്ഡലം പ്രസിഡന്‍റ് അടക്കമുള്ളവര്‍

ഓയൂര്‍: ഇരുപത്തൊന്നുവയസുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അറസ്റ്റിലായ ബിജെപി പ്രവര്‍ത്തകര്‍ ഊരിപ്പോരില്ലെന്നുറപ്പായി. കൊല്ലപ്പെട്ട കരിങ്ങന്നൂര്‍ അടയറ പ്രശാന്ത് മന്ദിരത്തില്‍ പ്രസാദിന്‍റെ മകള്‍ പ്രിയയുടെ വായില്‍ ഷാള്‍ തിരുകിവച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതക സാധ്യത ഉറപ്പിക്കുന്നതോടെയാണ് ബിജെപി നേതാക്കള്‍ കുരുക്കിലായത്. പ്രിയയുടെ മരണം കൊലപാതകം തന്നെയാണെന്നു വ്യക്തമാക്കുന്നതാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

ക‍ഴിഞ്ഞമാസം മുപ്പതിനാണ് കരിങ്ങന്നൂര്‍ പുതുശേരി വള്ളക്കടവില്‍ പ്രിയയുടെ മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ പ്രിയയുടെ മരണം ശ്വാസം മുട്ടിയാണെന്നും ഒരു തുള്ളി വെള്ളംപോലും ശ്വാസകോശത്തിലെത്തിയിട്ടില്ലെന്നും ശരീരത്തില്‍ പല ഭാഗത്തും രക്തം കട്ടപിടിച്ചു കിടപ്പുണ്ടായിരുന്നെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇത് കൊലപാതകമാണെന്നുറപ്പിക്കുന്ന കാര്യമാണ്. മൃതദേഹം പു‍ഴയില്‍നിന്നു പുറത്തെടുക്കുമ്പോള്‍ ഷാളിന്‍റെ 23 സെന്‍റീമീറ്റര്‍ ഭാഗം വായില്‍ തിരുകിക്കയറ്റിയ നിലയിലായിരുന്നു. ചെരുപ്പ് മൃതദേഹത്തില്‍ ഇല്ലായിരുന്നു. ആറിന്‍റെ മറുകരയില്‍നിന്നാണു ക‍ഴിഞ്ഞദിവസം ചെരുപ്പു കണ്ടെത്തിയത്.

പുതുശേരി ഐശ്വര്യ ഭവനില്‍ അനനുത എന്ന അരുണ്‍ബാബുവുമായി പ്രിയ പ്രണയത്തിലായിരുന്നു. ഇവരുടെ വിവാഹം നടത്താന്‍ വീട്ടുകാര്‍ സംസാരിക്കുകയും ചെയ്തിരുന്നു. അരുണ്‍ബാബുവും സഹോദരിയും സ്ഥലത്തെ ചില ബിജെപി പ്രവര്‍ത്തകരും വീട്ടിലെത്തി സ്ത്രീധനം വേണമെന്നു പറഞ്ഞതിന്‍റെ പിറ്റേ ദിവസമാണ് പ്രിയയെ കാണാതായത്. സ്ത്രീധനവും സ്വര്‍ണവും ചോദിച്ചതിനെച്ചൊല്ലി പ്രിയയുടെ വീട്ടുകാരും അരുണ്‍ബാബുവിന്‍റെ വീട്ടുകാരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.

ഇതിന്‍റെ പിറ്റേദിവസം അരുണ്‍ബാബുവിന്‍റെ വീട്ടില്‍ പ്രിയയെത്തിയിരുന്നു. വിവാഹത്തില്‍നിന്നു പിന്‍മാറരുതെന്നു പറയാനാണ് പ്രിയ അരുണ്‍ ബാബുവിന്‍റെ വീട്ടിലെത്തിയത്. പിന്നീട് പ്രിയയെ ആരും കണ്ടിട്ടില്ല. രണ്ടുദിവസം ക‍ഴിഞ്ഞപ്പോള്‍ പ്രിയയുടെ മൃതദേഹം ഇത്തിക്കരയാറ്റില്‍ കണ്ടെത്തി. അരുണ്‍ബാബു, അരുണ്‍ബാബുവിന്‍റെ സഹോദരി ഐശ്വര്യ, പിതാവ് ബാബു, ബന്ധു ഡിന്നി, ബിജെപി മണ്ഡലം പ്രസിഡന്‍റ് കരിങ്ങന്നൂര്‍ മങ്ങാട് ചാലൂര്‍ ചരുവിള മനോജ്, ബിജെപി വെളിനല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി മനോജ്, ബിജെപി പ്രവര്‍ത്തകനായ ജയകുമാര്‍ എന്നിവരാണ് പ്രതികള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here