കലണ്ടറില്‍ ഗാന്ധിക്ക് പകരം നൂല്‍ നൂക്കുന്ന മോദി; വായ്മൂടിക്കെട്ടി പ്രതിഷേധവുമായി ഖാദി ജീവനക്കാര്‍; രാഷ്ട്രപിതാവിനെ അപമാനിക്കുന്നതെന്ന് ആക്ഷേപം

ദില്ലി : ഖാദി ഗ്രാം കലണ്ടറിലും ഡയറിയിലും നിന്ന് ഗാന്ധിജിയുടെ ചിത്രം മാറ്റി നരേന്ദ്ര മോദിയുടെ ചിത്രം പ്രതിഷ്ഠിച്ചതിനെതിരെ വ്യാപക പ്രതിഷേധം. മുംബൈയിലെ ഖാദി വില്ലേജ് ഇന്‍ന്‍ഡസ്ട്രീസ് കമ്മീഷന്‍ ഓഫീസിലെ ജീവനക്കാരാണ് വായ്മൂടിക്കെട്ടി പ്രതിഷേധിച്ചത്. ഗാന്ധിജിക്ക് പകരമാകാന്‍ ആര്‍ക്കും കഴിയില്ലെന്ന് കേന്ദ്രമന്ത്രി കല്‍രാജ് മിശ്ര പറഞ്ഞു.

പുതുവര്‍ഷ കലണ്ടറിലും ഡയറിയിലുമാണ് ഗാന്ധിജിയുടെ ചിത്രത്തിന് പകരം മോദിയുടെ ചിത്രം അച്ചടിച്ചത്. ഗാന്ധിജി ഇരിക്കുന്നതിന് സമാനമായി ചര്‍ക്കയ്ക്ക് മുന്നിലിരുന്ന് നൂല്‍ നൂല്‍ക്കുന്നതാണ് വിവാദചിത്രം. ഇത് ഉള്‍പ്പെടുത്തിയതാണ് പ്രതിഷേധത്തിന് കാരണം. ഗാന്ധിജിയെ അപമാനിക്കുന്നതാണ് ചിത്രമെന്ന് വ്യാപക ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു.

ഞങ്ങള്‍ വളരെ വേദനയിലാണ്. ഗാന്ധിയുടെ ആശയം, ചിന്ത, വ്യക്തിത്വം ഇവയെല്ലാം വളരെ എളുപ്പത്തില്‍ ഇല്ലാതാക്കുന്നതില്‍ വേദനയുണ്ട്. ഗാന്ധിജിയെ കലണ്ടറില്‍ നിന്ന് ഒഴിവാക്കാന്‍ കഴിഞ്ഞ വര്‍ഷവും അവര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇത്തവണ അവര്‍ വിജയിച്ചുവെന്നും മുതിര്‍ന്ന ജീവനക്കാരന്‍ പ്രതികരിച്ചു.

ഖാദി മേഖല ഗാന്ധിയോടാണ് എല്ലാ കാലത്തും കടപ്പെട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ ആശയം, ചിന്ത, വ്യക്തിത്വം, അദ്ദേഹമാണ് ഞങ്ങളുടെ ആത്മാവ്. അപ്പോള്‍ ഗാന്ധിയെ ഒഴിവാക്കുന്നു എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്ന് ഖാദി ഗ്രാം അധ്യക്ഷന്‍ വിനയ് സക്‌സേന പറഞ്ഞു.

അതേസമയം വിവാദം തണുപ്പിക്കാന്‍ കേന്ദ്രമന്ത്രി കല്‍രാജ് മിശ്ര രംഗത്തെത്തി. ഗാന്ധിജിക്ക് പകരമാകാന്‍ ആര്‍ക്കും കഴിയില്ല. കലണ്ടറും ഡയറിയും തിടുക്കപ്പെട്ട് തയ്യാറാക്കിയതുമൂലം ഉണ്ടായ പിഴവാകാമിതെന്നും കല്‍രാജ് മിശ്ര പറഞ്ഞു. കലണ്ടറും ഡയറിയും വിവാദമായതിന് പിന്നാലെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News