ചുവപ്പുകണ്ടാല്‍ മദമിളകുന്ന ആര്‍എസ്എസുകാരാ, ഇതാ കാഞ്ഞങ്ങാട്ട് ചുവപ്പുസാഗരം; ആര്‍എസ്എസ് വിലക്കിനെതിരെ ചുവപ്പു മുണ്ടുടുത്ത് ഡിവൈഎഫ്‌ഐ പ്രതിഷേധം

കാഞ്ഞങ്ങാട് : ചുവപ്പ് കണ്ടാല്‍ മദമിളകുന്ന ആര്‍എസ്എസ് അസഹിഷ്ണുതക്കെതിരെ ചുവപ്പിന്റെ സാഗരം തീര്‍ത്ത് യുവജനങ്ങളുടെ പ്രതിഷേധം. ചുവപ്പ് മുണ്ടുടുത്ത് തങ്ങളുടെ ഗ്രാമത്തില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന ബിജെപി ആര്‍എസ്എസ് ധാര്‍ഷ്ട്യത്തിനെതിരെ കാഞ്ഞങ്ങാട് നഗരത്തിലാണ് ഡിവൈഎഫ്‌ഐ ചുവപ്പന്‍ പ്രതിരോധം തീര്‍ത്തത്.

ചുവപ്പ് കേരളത്തിന്റെ മാനവും സംരക്ഷണവുമാണെന്ന പ്രഖ്യാപനവുമായി ചുവപ്പ് മുണ്ടും വെള്ള ഷര്‍ട്ടും ധരിച്ച് ആയിരക്കണക്കിന് യുവാക്കള്‍ അലകടല്‍പോലെ കാഞ്ഞങ്ങാട് നഗരത്തിലൂടെ നീങ്ങി സംഘപരിവാര്‍ അക്രമത്തിനെതിരെ പ്രതിരോധം തീര്‍ത്തു.

കഴിഞ്ഞദിവസം കാഞ്ഞങ്ങാടിനടുത്ത പറക്കളായില്‍ ചുവന്ന മുണ്ടുടുത്തെത്തിയ സിനിമ പ്രവര്‍ത്തകനെയും സുഹൃത്തുക്കളെയും ആര്‍എസ്എസ് അക്രമിച്ചു. കോട്ടപ്പാറയില്‍ ചെഗുവേരയുടെ ചിത്രം പതിച്ച ഹെല്‍മറ്റ് ധരിച്ച് ബൈക്കില്‍ യാത്രചെയ്തതിന് കണ്ണൂര്‍ മയ്യില്‍ സ്വദേശികളായ യുവാക്കളെ അക്രമിക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ചാണ് ഡിവൈഎഫ്‌ഐ ജില്ലാകമ്മിറ്റി ചുവപ്പന്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

ചുവപ്പ് മുണ്ടും വെള്ള ഷര്‍ട്ടും ധരിച്ച യുവാക്കള്‍ നഗരത്തിന്റെ വടക്കേ അറ്റമായ കോട്ടച്ചേരിയില്‍ കേന്ദ്രീകരിച്ചു. ചുവപ്പ് കടല്‍ ഇരമ്പിയാര്‍ത്ത് തെക്കേ അറ്റമായ പുതിയകോട്ടയിലേക്ക് നീങ്ങി. ചെഗുവേര ചിത്രങ്ങളും ചെമ്പട ഉയര്‍ത്തിപ്പിടിച്ചു. തങ്ങളുടെ കേന്ദ്രത്തില്‍ മറ്റാരെയും അനുവദിക്കില്ലെന്ന സംഘപരിവാറിന്റെ അധമ സംസ്‌കാരത്തിനുള്ള കനത്ത താക്കീതായി ചുവപ്പന്‍ പ്രതിഷേധം.

ചരിത്രപ്രസിദ്ധമായ മാന്തോപ്പ് മൈതാനിയില്‍ ചേര്‍ന്ന പ്രതിഷേധ സംഗമം എം രാജഗോപാലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ ജില്ലാപ്രസിഡന്റ് ശിവജി വെള്ളിക്കോത്ത് അധ്യക്ഷനായി. സിജെ സജിത്, എം രാജീവന്‍, കെ സബീഷ്, സിഎ സുബൈര്‍, പികെ നിഷാന്ത് എന്നിവര്‍ സംസാരിച്ചു. ജില്ലാസെക്രട്ടറി കെ മണികണ്ഠന്‍ സ്വാഗതം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News