അടിയന്തരാവസ്ഥയുടെ ഓര്‍മ്മ പോലും നമ്മളെ അസ്വസ്ഥരാക്കണം; രാജ്യത്ത് എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യം; എല്ലാം തുറന്ന മനസോടെ കേള്‍ക്കാനാവണമെന്നും ബിജെപി വക്താവ് എംഎസ് കുമാര്‍

തിരുവനന്തപുരം : അടിയന്തരാവസ്ഥയുടെ കാലത്തെ ഓര്‍മ്മിപ്പിച്ച് ബിജെപി സംസ്ഥാന വക്താവ് എംഎസ് കുമാര്‍. അടിയന്തരാവസ്ഥയുടെ ഓര്‍മ്മ പോലും നമ്മളെ അസ്വസ്ഥരാക്കണം. രാജ്യത്ത് എല്ലാവര്‍ക്കും അവരുടെ അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. എല്ലാ അഭിപ്രായങ്ങളും തുറന്ന മനസോടെ കേള്‍ക്കാനാവണമെന്നും എംഎസ് കുമാര്‍ പറഞ്ഞു.

ശാസ്ത്രവും വിവര സാങ്കേതിക വിദ്യയുമെല്ലാം അനുനിമിഷം പുരോഗമിക്കുമ്പോള്‍ മലയാളി മനസ്സ് ഇരുണ്ട പ്രാകൃത യുഗത്തിലേക്ക് മടങ്ങുകയാണോ എന്ന ചോദ്യത്തോടെയാണ് എംഎസ് കുമാറിന്റെ ഫേസ്ബുക് പോസ്റ്റ് ആരംഭിക്കുന്നത്. അടുത്തകാലത്ത് ചില അഭിപ്രായങ്ങളും ചര്‍ച്ചകളും കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ ദുഃഖം തോന്നുന്നു. ‘നിങളുടെ അഭിപ്രായത്തെ ഞാന്‍ എതിര്‍ക്കുന്നു. എന്നാല്‍ അത് പ്രകടിപ്പിക്കാനുള്ള നിങ്ങളുടെ അവകാശത്തെ ഞാന്‍ മാനിക്കുന്നു’. ഈ അവകാശവും എതിര്‍പ്പുമാണ് ജനാധിപത്യ സംസ്‌കാരത്തിന്റെ അടിസ്ഥാനം. – എംഎസ് കുമാര്‍ പറയുന്നു.

എനിക്ക് ഇഷ്ടപെടാത്ത ഒന്നും നിങ്ങള്‍ പറയാന്‍ പാടില്ല എന്നത് ജനാധിപത്യമല്ല. സംസ്‌കാരവുമല്ല. ആരെങ്കിലും സ്വന്തം അഭിപ്രായം പറഞ്ഞുപോയാല്‍ മാധ്യമങ്ങളിലൂടെ വളഞ്ഞിട്ടു ആക്രമിക്കുന്ന രീതി സോഷ്യല്‍ മീഡിയയുടെ ശക്തിയാണെന്ന വിളംബരത്തോടെ അനുവര്‍ത്തിക്കുന്നത് എന്ത് ന്യായം പറഞ്ഞാലും സംസ്‌കാര രഹിതവും തരം താണതുമാണെന്നും എംഎസ് കുമാര്‍ പറയുന്നു.

ഏതു വിഷയത്തെകുറിച്ചും ആര്‍ക്കും പ്രതികരിക്കാം. അതിനുള്ള അവകാശം അനുവദിക്കപ്പെട്ടിട്ടുള്ള രാഷ്ട്രമാണ് ഭാരതം. അഭിപ്രായം പറയുകയോ എഴുതുകയോ ചെയ്യുമ്പോള്‍ മാന്യതയും സഭ്യതയും കൈവിടാതെ നോക്കാനുള്ള അന്തസ്സ് പാലിക്കണമെന്നുമാത്രം. അടുത്തിടെ കണ്ട പല അഭിപ്രായപ്രകടനങ്ങളിലും ഇല്ലാതെ പോയതും അതാണെന്നും എംഎസ് കുമാറിന്റെ ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു.

നമുക്ക് ഇഷ്ടം തോന്നാത്ത കാര്യങ്ങള്‍ ആരെങ്കിലും പറയുമ്പോള്‍ എന്തിനു ഈ അസഹിഷ്ണുത? എംടി വാസുദേവന്‍ നായരുടെയും മോഹന്‍ലാലിന്റേയും മേജര്‍ രവിയുടെയും കമലിന്റെയും എല്ലാം അഭിപ്രായങ്ങള്‍ തുറന്ന മനസ്സോടെ കേള്‍ക്കാന്‍ കഴിയണം. എങ്കില്‍ മാത്രമേ ജനാധിപത്യത്തിലും സംസ്‌കാരത്തിലും പാരമ്പര്യത്തിലും അഭിമാനിക്കാന്‍ വകയുണ്ടാവൂ. ഇനി ഒരു അടിയന്തിരാവസ്ഥയുടെ ഓര്‍മ്മപോലും നമ്മെ അസ്വസ്ഥരാക്കണമെന്ന് ഓര്‍മ്മിപ്പിച്ചാണ് ഫേസ്ബുക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here