സികെപിക്കു പിന്നാലെ സംഘപരിവാര്‍ ഫാസിസ്റ്റ് നയങ്ങളോടു വിയോജിച്ച് ബിജെപി നേതാവ് എം എസ് കുമാറും; അഭിപ്രായം പറയുന്നവരെ വളഞ്ഞിട്ട് ആക്രമിക്കുന്നത് സംസ്കാര രഹിതവും തരം താണതും

തിരുവനന്തപുരം: സികെപിക്കു പുറകെ സംഘപരിവാറിന്‍റെ അസഹിഷ്ണുതക്കെതിരെ ബി.ജെ.പി സംസ്ഥാന വക്താവ് എം.എസ്. കുമാറും. എം ടി വാസുദേവന്‍ നായരുടെയും കമലിന്റെയും മോഹന്‍ലാലിന്‍റേയുമെല്ലാം അഭിപ്രായങ്ങള്‍ തുറന്ന മനസോടെ കേള്‍ക്കാന്‍ കഴിയണമെന്ന് എം എസ് കുമാർ ഫേസ്ബുക്കില്‍ പറയുന്നു. അഭിപ്രായം പറഞ്ഞാൽ വളഞ്ഞിട്ടു ആക്രമിക്കുന്ന രീതി സംസ് കാരരഹിതവും തരംതാണതുമാണെന്നും അടിയന്തരാവസ്ഥയെ ഓർമിപ്പിച്ച് എം.എസ് കുമാർ വ്യക്തമാക്കി.

സംഘപരിവാറിന്‍റെ അസഹിഷ്ണുതക്കെതിരെ ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പീപ്പിൾ ടി.വിയോട് പ്രതികരിച്ചതിനു പിന്നാലെയാണ് സംസ്ഥാനവക്താവ് എം എസ് കുമാർ ഫേസ്ബുക്ക് പോസ്റ്റിലൂടെ നിലപാട് വ്യക്തമാക്കിയത്. “മലയാളി മനസ്സ് ഇരുണ്ട പ്രാകൃത യുഗത്തിലേക്ക് മടങ്ങുകയാണോ? എന്ന ചോദ്യത്തോടെയാരംഭിക്കുന്ന പോസ്റ്റിൽ അഭിപ്രായപ്രകടനത്തിനുള്ള അവകാശമാണ് ജനാധിപത്യ സംസ്കാരത്തിന്റെ അടിസ്ഥാനമെന്ന് എം എസ് കുമാർ ഓർമിപ്പിക്കുന്നു.

തനിക്ക് ഇഷ്ടപെടാത്ത ഒന്നും നിങ്ങൾ പറയാൻ പാടില്ല എന്ന ധാരണ ജനാധിപത്യവും സംസ്കാരപരവുമല്ല. ആരെങ്കിലും സ്വന്തം അഭിപ്രായം പറഞ്ഞുപോയാൽ മാധ്യമങ്ങളിലൂടെ വളഞ്ഞിട്ടു ആക്രമിക്കുന്ന രീതി എന്ത് ന്യായം പറഞ്ഞാലും സംസ്കാരരഹിതവും തരംതാണതുമാണ്. ഏതു വിഷയത്തെകുറിച്ചും ആർക്കും പ്രതികരിക്കാൻ അവകാശമുള്ള രാഷ്ട്രമാണ് ഇന്ത്യ. അഭിപ്രായം പറയുകയോ എഴുതുകയോ ചെയ്യുമ്പോൾ മാന്യതയും സഭ്യതയും കൈവിടാതെനോക്കാനുള്ള അന്തസ്സ് പാലിക്കണമെന്നുമാത്രം. അടുത്തിടെകണ്ട പല അഭിപ്രായപ്രകടനങ്ങളിലും ഇല്ലാതെ പോയതും അതാണ്. നമുക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ ആരെങ്കിലും പറയുമ്പോൾ എന്തിനാണ് അസഹിഷ്ണുതയെന്നും എം എസ് കുമാർ ചോദിക്കുന്നു.

എം ടി വാസുദേവൻ നായരുടെയും മോഹൻലാലിന്റേയും മേജർ രവിയുടെയും കമലിന്റെയും എല്ലാം അഭിപ്രായങ്ങൾ തുറന്ന മനസ്സോടെ കേൾക്കാൻ നമുക്ക് കഴിയണം. എങ്കിലേ ജനാധിപത്യത്തിലും സംസ്കാരത്തിലും പാരമ്പര്യത്തിലും നമുക്ക് അഭിമാനിക്കാൻ വകയുണ്ടാവുയെന്നും എം.എസ് കുമാർ വ്യക്തമാക്കുന്നു. ഇനി ഒരു അടിയന്തരാവസ്ഥയുടെ ഓർമ്മപോലും നമ്മെ അസ്വസ്ഥരാക്കണമെന്ന വാചകത്തോടെയാണ് എം എസ് കുമാർ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. കമലിനെതിരെ എ എന്‍ രാധാകൃഷ്ണന്‍ നടത്തിയ പരാമര്‍ശങ്ങളിൽ ബിജെപിയില്‍ അഭിപ്രായഭിന്നതയുണ്ടെന്ന വ്യക്താക്കുന്നതാണ് എം എസ് കുമാറിന്‍റെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News